DCBOOKS
Malayalam News Literature Website

വ്യക്തിത്വവികാസത്തിനും ജീവിതവിജയത്തിനും

വ്യക്തിത്വവികാസത്തെ സംബന്ധിച്ച അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്സിന്റെ കാഴ്ചപ്പാടുകളാണ് ‘വ്യത്യസ്തരാകാന്‍‘. വ്യക്തിത്വത്തിന്റെ ഒന്‍പത് അടിസ്ഥാന ഗുണങ്ങള്‍ വിശദീകരിച്ചശേഷം വ്യത്യസ്തതലങ്ങളിലുള്ള പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം വരിക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ പറഞ്ഞു തരികയും ചെയ്യുന്നു. ഉദ്യോഗാര്‍ഥികളെ മുന്നില്‍ക്കണ്ടാണ് രചനയെങ്കിലും ഏതുനിലയിലുള്ള വ്യക്തിക്കും തന്റെ വ്യക്തിത്വത്തെക്കുറിച്ച് ആത്മപരിശോധന നടത്താനും സ്വയം മെച്ചപ്പെടുത്താനും ഓരോ ജീവിത സന്ദര്‍ഭത്തെയും കൂടുതല്‍ മനോഹരമാക്കുവാനും ഈ പുസ്തകം ഒന്നോടിച്ചുനോക്കുന്നതിലൂടെ കഴിയും.

കേരള പോലീസിന്റെ പരിശീലന സംവിധാനത്തെ ആധുനികവും മനുഷ്യത്വപരവുമായ കാഴ്ചപ്പാടില്‍നിന്നുകൊണ്ട് സമൂലമായി പരിഷ്‌കരിക്കുകയും ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലന സ്ഥാപനമായ കേരള പോലീസ് അക്കാദമി കെട്ടിപ്പടുക്കുകയും ചെയ്ത ഡോ. അലക്‌സാണ്ടര്‍ ജേക്കബ് തന്റെ അതുല്യമായ അനുഭവസമ്പത്തിനെ യുവതലമുറക്കായി ആദ്യമായി പങ്കുവെക്കുകയാണൈവിടെ. തൊഴിലിനായുള്ള വ്യക്തിത്വപരീക്ഷകളെ എങ്ങനെ നേരിടണം എന്നതിനുള്ള ഓരോ വിശദീകരണത്തിലും ജീവിതത്തോടുള്ള സമീപനം എന്തായിരിക്കണം; കുടുംബത്തിൽ, സമൂഹത്തിലൊക്കെ എങ്ങനെ ഇടപെടണം എന്നുള്ള കാര്യങ്ങൾകൂടി ഉൾച്ചേർന്നിരിക്കുന്നു.ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന വ്യത്യസ്തരാകാന്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

ഡോ.അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസ്– 1955 മെയ് 25-ന് പത്തനംതിട്ട ജില്ലയിലെ തുമ്പമണ്ണില്‍ സ്‌കൂള്‍ അധ്യാപകരായ പി.ടി. ജേക്കബിന്റെയും മറിയാമ്മ ജേക്കബിന്റെയും മകനായി അലക്‌സാണ്ടര്‍ ജേക്കബ് ജനിച്ചു. ഇന്തോ-ആംഗ്ലിയന്‍ ചരിത്ര നോവലുകളെക്കുറിച്ചുള്ള പഠനത്തിന് ഇംഗ്ലിഷ് സാഹിത്യത്തില്‍ പി.എച്ച്ഡി. നേടി. പത്രപ്രവര്‍ത്തകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ഉദ്യോഗസ്ഥനായും അതിനുശേഷം മാര്‍ ഇവാനിയോസ് കോളജില്‍ അധ്യാപകനായും ജോലി ചെയ്തു. 1982-ല്‍ ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ പ്രവേശിച്ചു. കേരള പോലീസ് അക്കാദമി ഡയറക്ടറും പോലീസ് ട്രെയിനിങ് വിഭാഗം മേധാവിയുമായിരുന്നു. കേരള വനിതാ കമ്മീഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004-ല്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും 2011-ല്‍ രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡലും ലഭിച്ചു. ഡോ. അലക്‌സാണ്ടര്‍ ജേക്കബിന്റെ മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍ എന്ന കൃതി ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments are closed.