സംരംഭങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍

ivar

ഇന്ന് നമ്മുടെ സമ്പദ് വ്യവസ്ഥമാറ്റങ്ങളുടെ പാതയിലാണ്. പുതു സംരംഭങ്ങളുടെ ആവിര്‍ഭാവം നമ്മുടെ സമൂഹത്തിന്റെ മുഖമുദ്രയായി മാറിക്കൊണ്ടിരിക്കുന്നു.

ഒരുകാലത്ത് ഉന്നതവിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്ന ഉദ്യോഗം നേടിയെടുക്കുക എന്നതായിരുന്നു നമ്മുടെ യുവാക്കള്‍ ലക്ഷ്യം വച്ചിരുന്നത്. ഏറ്റവുമധികം ശമ്പളം കൈപ്പറ്റുന്ന ഒരു ജോലി നേടുന്നതിനപ്പുറം അവര്‍ ഒന്നും ചിന്തിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ഈ അവസ്ഥയ്ക്ക് വളരെയധികം മാറ്റം വന്നിരിക്കുന്നു. ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ ഉയര്‍ന്ന ശമ്പളം നേടുന്നതില്‍നിന്ന് സ്വയം ഒരു സ്ഥാപനത്തിനുടമയായി മാറുക എന്ന നിലയിലേക്കാണ് ഇന്ന് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

എം.ബി.എ. ബിരുദം നേടുക എന്നത് തന്നെ ഉയര്‍ന്ന ജോലി ലഭിക്കാനുള്ള മാര്‍ഗ്ഗമായി മാറിയ ഒരു സമയം വിദ്യാഭ്‌യാസമേഖലയില്‍ ഉണ്ടായിരുന്നു. എം.ബി.എ ബിരുദധാരികളെ ജോലിക്ക് ആവശ്യമായിരുന്ന സമയം. പക്ഷേ എം.ബി.എ. നേടിയിട്ടും ഒരു ജോലിയില്‍ ഒതുങ്ങാതെ സംരംഭക മേഖലയിലേക്ക് കടന്നുവന്നവരും വിരളമല്ല. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്‌മെന്റില്‍നിന്ന് എം.ബി.എ. ബിരുദം നേടി ഉന്നത ഉദ്യോഗത്തില്‍ പ്രവേശിച്ചതിനു ശേഷം അത് രാജിവച്ച് സംരംഭകരായിത്തീര്‍ന്നവരും നമുക്കിടയിലുണ്ട്.

book-3അങ്ങനെ സ്വയം സംരംഭകരായി വിജയം കൈവരിച്ച 25 ഐ.ഐ.എം.എ. ബിരുദധാരികളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് വിജയപാതകളിലെ വ്യത്യസ്ത സാരഥികള്‍. ശാന്തനു പ്രകാശ്, ആശാങ്ക് ചാറ്റര്‍ജി, രാഷേഷ് ഷാ, റൂബി അഷ്‌റഫ് തുടങ്ങിയവരെല്ലാം വ്യത്യസ്ത മേഖലകളില്‍നിന്ന് വന്നവരാണ്. ഇവരുടെയെല്ലാം ജീവിതസാഹചര്യങ്ങളും അഭിരുചികളും വ്യത്യസ്തമാണ്. പക്ഷേ ഇവരെല്ലാം തങ്ങളുടേതായ സംരംഭങ്ങള്‍ ആരംഭിച്ച് അതില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.

ഇവര്‍ തുടങ്ങിയ സംരംഭങ്ങള്‍ വ്യത്യസ്തമായിരുന്നു. പക്ഷേ ഇവരെയെല്ലാം ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമുണ്ട്. തങ്ങളുടെ സ്വപ്‌നങ്ങളില്‍ വിശ്വസിച്ച് അതിനായി പ്രവര്‍ത്തിച്ചവരാണ് ഇവരെല്ലാം. ഒരു ജോലിയില്‍ ഒതുങ്ങിക്കൂടാതെ സ്വന്തമായി എന്തെങ്കിലും ചെയ്യാനാണ് ഇവരെല്ലാം ആഗ്രഹിച്ചത്. അതിനായി പരിശ്രമിക്കുകയും തങ്ങളുടെ പ്രതിസന്ധികളില്‍ തളരാതെ മുന്നേറുകയും ചെയ്തു. ലാഭമോ വരുമാനമോ പോലുമില്ലാതിരുന്ന അവസ്ഥകലുണ്ടായിട്ടും ഇവര്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ മറക്കാന്‍ തയാറായിരുന്നില്ല.

സംരംബക മേഖലയിലേക്ക് ചുവടുവയ്ക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഊര്‍ജ്ജം നല്‍കാന്‍ പര്യാപ്ത്മാണ് ഈ അനുഭവക്കുറിപ്പുകള്‍. സംരംബക മേഖലയില്‍ പരിചയസമ്പത്തുള്ള രശ്മി ബന്‍സാല്‍ രചിച്ച സ്റ്റേ ഹങ്ഗ്രി സ്റ്റേ ഫൂളിഷ് എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് വിജയപാതകളിലെ വ്യത്യസ്ത സാരഥികള്‍. മൂന്ന് ലക്ഷം കോപ്പികളിലധികം വിറ്റഴിക്കപ്പെട്ട ഗ്രന്ഥം എട്ട് ഭാഷകളില്‍ ഇതിനോടകം വിവര്‍ത്തനം ചെയ്യപ്പെട്ടു കഴിഞ്ഞു. സംരംഭകമേഖലയില്‍ വിജയം കൈവരിച്ചവരുടെ ജീവിതഗാഥകള്‍ അടങ്ങിയ രശ്മി ബന്‍സാല്‍ രചിച്ച മറ്റു ഗ്രന്ഥങ്ങളാണ് വേറിട്ട പാതയിലൂടെ വിജയം നേടിയവര്‍, സാധാരണക്കാരുടെ അസാധാരണ വിജയഗാഥകള്‍, ആത്മവിശ്വാസം പടുത്തുയര്‍ത്തിയ ജീവിതങ്ങള്‍ എന്നിവ.

Categories: Editors' Picks, LITERATURE