വിജയദശമി നാളില്‍ ഡി സി ബുക്‌സില്‍ വിദ്യാരംഭം കുറിക്കാം

vijayadashami

വിദ്യാരംഭം ഭാരതീയരുടെ പരിപാവനമായ ചടങ്ങാണ്. കന്നിമാസത്തിലെ ദശമി ദിനത്തില്‍ വിദ്യാ ദേവതയായ സരസ്വതിയുടെ സന്നിധാനത്തില്‍ ഒരു ആചാര്യന്റെ കീഴില്‍ ഏതെങ്കിലും വിദ്യ പരിശീലിച്ച് തുടങ്ങുന്ന ചടങ്ങാണത്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ആ ദിവസം വിദ്യരംഭം നടത്താറുണ്ട്. തിരൂരിലെ തുഞ്ചന്‍ പറമ്പിലും ആയിരക്കണക്കിനു കുട്ടികളെ അന്ന് എഴുത്തിനിരുത്തുന്നു.

ആധുനിക മതാതീത സങ്കല്പം അനുസരിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് ഒരു സ്ഥാപനത്തില്‍ ആരംഭിച്ചത് ഡി സി ബുക്‌സ് ആണ്. പിന്നീട് പല സ്ഥാപനങ്ങളും സാംസ്‌കാരിക സംഘടനകളും ആ മാതൃക പിന്തുടര്‍ന്നു. സാക്ഷരതയും വായനയും സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ കര്‍മ്മനിരതനായിരുന്ന ഡി സി കിഴക്കെമുറിയാണ് വിദ്യാരംഭത്തിനും നവീന മാതൃക നല്കി സ്വന്തം സ്ഥാപനത്തിന്റെ മുന്‍പിലുള്ള സരസ്വതി മണ്ഡപത്തില്‍ നൂറുകണക്കിനു കുട്ടികളെ എഴുത്തിനിരുത്താന്‍ നേതൃത്വം നല്കിയത്. ഇന്നും ആ മാതൃക ഡി സി ബുക്‌സ് പിന്തുടരുന്നു. പൊതു വിദ്യഭ്യാസ ഡയറക്ടറും എഴുത്തുകാരനുമായ കെ വി മോഹന്‍കുമാര്‍ ഐഎഎസ്, ഡോ ജേക്കബ് തോമസ് ഐപിഎസ്,  തുടങ്ങിയവരാണ് ഇക്കുറി ആചാര്യസ്ഥാനത്ത് എത്തുന്നത്.

ഡി സി ബുക്‌സില്‍ വിദ്യാരംഭം കുറിക്കുന്നതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക;
Click here for free online registration
ഡി സി ബുക്‌സ് , ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം -1
0481 2563114, 98468 33336, 98461 33336

ലോകത്തിന്റെ നാനാഭാഗത്തും കലയ്ക്കും വിദ്യക്കുമായി ദേവതകളുണ്ട്. ഭാരതത്തില്‍ കലകളുടെ ദേവി സരസ്വതിയാണ്. ഗ്രീക്ക് സംസ്‌കാരത്തില്‍ കലകളുടെ ദേവത മ്യൂസസ് ആണ്. ചൈനയില്‍ ‘മാസു’ എന്ന പേരിലാണ് ഈ കലാദേവത അറിയപ്പെടുന്നത്. പ്രാചീന സംസ്‌കാരങ്ങളിലെല്ലാം തന്നെ കലയുടെയും വിദ്യയുടെയും മഹത്വം ജനങ്ങള്‍ അംഗീകരിച്ചിരുന്നതുകൊണ്ട് അവയ്ക്ക് ദേവതയെ സങ്കല്പിച്ച് ആരാധിച്ചുപോന്നു. ദേവതാപൂജ ഒരുതരത്തില്‍ ആത്മപൂജയും ആത്മസമര്‍പ്പണവുമാണ്. അതുകൊണ്ടാണ് ഈ 21-ാം നൂറ്റാണ്ടില്‍പ്പോലും യഥാര്‍ഥ കലാകാരന്‍മാരും കലാകാരികളും ഗുരുവിന്റെ പാദവന്ദനം നടത്തിയതിനു ശേഷം സ്വന്തം കലാപ്രകടനം ജനങ്ങള്‍ക്കു മുന്‍പില്‍ അവതിരിപ്പിക്കുന്നത്. വാസ്തവത്തില്‍ ഇത് വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ള ചടങ്ങാണോ? ഏതെങ്കിലും വിദ്യയെ ഉപാസിക്കുന്ന എല്ലാവര്‍ക്കും വിദ്യാരംഭം വേണ്ടതല്ലേ? നമ്മുടെ പാരമ്പര്യമനുസരിച്ച് എല്ലാവരും അവരുടെ ആയുധങ്ങളും കൃഷിയുപകരണങ്ങളും പൂജ വെയ്ക്കാറുണ്ട്. അതുകൊണ്ട് വിദ്യാരംഭം കുട്ടികള്‍ക്കു മാത്രമുള്ളതല്ല എന്നു വ്യക്തമാണ്.

ഭാരതീയരുടെ വിദ്യാരംഭം ആശ്വിന (സെപ്തംബര്‍- ഒക്ടോബര്‍) മാസത്തിലാണ്. ഇത് പുരാതനമായ കലാപരിശീലനത്തിന്റെ പിന്തുടര്‍ച്ചയാണെന്നു കരുതാം. പാശ്ചാത്യസംസ്‌കാരത്തിന്റെ കടന്നുകയറ്റത്തിനു മുമ്പ് നാം വിദ്യാരംഭത്തിന് ഉപയോഗപ്പെടുത്തിയിരുന്ന കാലം ശ്രദ്ധേയമാണ്. വിളവെടുപ്പിന് ശേഷമുള്ള സമയമാണത്. പൂക്കള്‍ സമൃദ്ധിയായി ഉണ്ടാകുന്ന കാലവും കൂടിയാണ്. ഇതിനെക്കാള്‍ അനുകൂലമായ മറ്റൊരു സമയം വേറെയില്ല.

ഏതുവിദ്യയും തനിമയോടെ അഭ്യസിക്കണമെങ്കില്‍ ഗുരുവിന്റെ സാമീപ്യം അത്യന്താപേക്ഷിതമാണ്. ഓക്‌സ്‌ഫോര്‍ഡ്, ഹാര്‍ഡ്‌വാര്‍ഡ് തുടങ്ങിയ സര്‍വകലാശാലകള്‍ ഗുരുകുല സമ്പ്രദായം പുതിയ രീതിയില്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. നമ്മുടെ നാട്ടിലെ നര്‍ത്തകരും ഗായകരും ഗുരുക്കന്‍മാരുടെ അന്തേവാസികളായി ജീവിച്ചുകൊണ്ടാണ് കലയില്‍ നൈപുണ്യം നേടുന്നത്. ഉദാഹരണമായി എത്രപേരുകള്‍ വേണമെങ്കിലും പറയാന്‍ കഴിയും.

ഭാരതീയ ദര്‍ശനമനുസരിച്ച് വിദ്യയും അവിദ്യയും ഉണ്ട്. ബ്രഹ്മവിദ്യയാണ് യഥാര്‍ഥ വിദ്യ. ആത്മജ്ഞാനം നേടാനുള്ള മാര്‍ഗ്ഗമാണത്. അതിലൂടെ ഈശ്വര സാക്ഷാത്ക്കാരത്തിലെത്തിച്ചേരുന്നു. അതായത് ബ്രഹ്മജ്ഞാനവും ബ്രഹ്മാനന്ദവും നേടുന്നു. അവിദ്യ ഭൗതികമായ അറിവ് മാത്രമാണ്. അനുദിന ജീവിതത്തില്‍ നിന്നുപിഴയ്ക്കാന്‍ ആ വിദ്യ വശമാക്കാതെ തരമില്ല. അവിദ്യകൊണ്ട് അതിമോഹമല്ലാതെ ആത്മജ്ഞാനം ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് ഒരു മനുഷ്യന്‍ ഏതെങ്കിലും ഒരു കലയില്‍ മികവു നേടണമെന്ന് ആചാര്യന്‍മാര്‍ ഉപദേശിക്കുന്നത്.

വിദ്യാരംഭം എന്നത് അക്ഷരജഞാനം നേടാനുള്ള തുടക്കമല്ല. അത് ബ്ര്ഹജ്ഞാനം, യഥാര്‍ഥ അറിവേതോ അത് നേടാനുള്ള ആരംഭമാകുന്നു. അതിനുള്ള ശ്രമമാണ് നമ്മുടെ സമൂഹത്തില്‍ ഉണ്ടാകേണ്ടത്. എങ്കില്‍ മാത്രമേ സമചിത്തതയുള്ള പൗരന്‍മാര്‍ ഉണ്ടാവുകയുള്ളൂ. കലകളിലൂടെ സ്വന്തം ശരീരത്തിലെ ആനന്ദമയ കോശങ്ങളെ പരിപോഷിപ്പിച്ച് സമചിത്തത നേടണമെന്നാണ് ആചാര്യന്‍മാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. അതിനുള്ള തുടക്കമാകട്ടെ ഈ വര്‍ഷത്തെ വിദ്യരംഭം.

ഡി സി ബുക്‌സില്‍ വിദ്യാരംഭം കുറിക്കുന്നതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക;
Click here for free online registration
രജിസ്‌ട്രേഷന്‍ വിഭാഗം (വിദ്യാരംഭം)
ഡി സി ബുക്‌സ് , ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം -1
0481 2563114, 98468 33336, 98461 33336

Categories: Editors' Picks, LITERATURE