DCBOOKS
Malayalam News Literature Website

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

ദില്ലി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കുല്‍ദീപ് നയ്യാര്‍(95) അന്തരിച്ചു. ദില്ലിയിലെ അപ്പോളോ ആശുപത്രിയില്‍ ഏതാനും ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ദില്ലിയില്‍ നടക്കും. അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാരിനെതിരായ പത്രറിപ്പോര്‍ട്ടിങ്ങിലൂടെയാണ് കുല്‍ദീപ് നയ്യാര്‍ ശ്രദ്ധേയനായത്. ഇന്ത്യ-പാക്കിസ്ഥാന്‍ സൗഹൃദത്തിന്റെ ശക്തമായ വക്താവ് കൂടിയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായുള്ള സിയാല്‍ക്കോട്ടില്‍ 1923 ഓഗസ്റ്റ് 14-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇന്ത്യാവിഭജനത്തിന് ശേഷം കുല്‍ദീപിന്റെ കുടുംബം ദില്ലിയിലേക്ക് ചേക്കേറി. വിഭജനത്തിന്റെ മുറിപ്പാടുകള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അന്‍ജാം എന്ന ഉറുദ്ദു പത്രത്തിലൂടെയാണ് കുല്‍ദീപ് നയ്യാര്‍ തന്റെ മാധ്യമപ്രവര്‍ത്തനം ആരംഭിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടത്തിനെതിരെയുള്ള പത്രറിപ്പോര്‍ട്ടിങ്ങുകളെ തുടര്‍ന്ന് അദ്ദേഹത്തിന് ജയില്‍വാസം അനുഷ്ഠിക്കേണ്ടി വന്നിട്ടുണ്ട്. 1990-ല്‍ ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമീഷണറയും 1996-ല്‍ ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യന്‍ പ്രതിനിധിയായും നിയമിതനായി. 1997 ഓഗസ്റ്റിലായിരുന്നു രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്.

14 ഭാഷകളിലായി 80 ദിനപത്രങ്ങളില്‍ അദ്ദേഹം പംക്തികള്‍ കൈകാര്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വരികള്‍ക്കിടയില്‍ (Between The Lines) എന്ന പ്രതിവാരകോളം വിവിധ ഭാഷകളിലായി അനേകം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. പതിനഞ്ചോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Comments are closed.