DCBOOKS
Malayalam News Literature Website

“ആ അര്‍ദ്ധരാത്രിയില്‍ പതിമൂന്നുകാരിയ്ക്ക് സംഭവിച്ചത്…”സി.വി ബാലകൃഷ്ണന്‍ എഴുതുന്നു

#മീടൂ വിവാദം മലയാളസിനിമയിലും കത്തിപ്പടരുകയാണ്. നടിമാരും സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വനിതാചലച്ചിത്രപ്രവര്‍ത്തകരും തൊഴില്‍മേഖലയില്‍ നേരിട്ട പീഡനങ്ങളെ കുറിച്ചും ഇകഴ്ത്തലുകളെ കുറിച്ചും തുറന്നു പറയുന്ന ഈ അവസരത്തില്‍ നാം മാതൃകാസ്ഥാനീയരെന്ന് വിശ്വസിച്ചിരുന്ന പല വിഗ്രഹങ്ങളും തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായൊരു സംഭവത്തിന് സാക്ഷ്യം വഹിച്ച എഴുത്തുകാരനും ചലച്ചിത്രപ്രവര്‍ത്തകനുമായ സി.വി. ബാലകൃഷ്ണന്റെ അനുഭവക്കുറിപ്പാണ് ഈ ലേഖനം. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട ഓര്‍മ്മകളുടെ സമാഹാരമായ വാതില്‍ തുറന്നിട്ട നഗരത്തില്‍ എന്ന കൃതിയിലാണ് അദ്ദേഹം ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. സമകാലിക സാഹചര്യങ്ങളില്‍ കാസ്റ്റിങ് കൗച്ചും #മീടു ക്യാമ്പയിനും ചര്‍ച്ചയാകുമ്പോള്‍ സി.വി ബാലകൃഷ്ണന്റെ ഈ ഓര്‍മ്മയെഴുത്ത് ഏറെ പ്രസക്തമാവുകയാണ്.

‘അതു വിട്ടേക്ക്. മറന്നു കള.’

“മലയാളസിനിമയെന്നാല്‍ കടിച്ചുകീറപ്പെട്ട പെണ്‍കുട്ടികളുടെ ഇളംരക്തവും കലര്‍ന്നതാണെന്ന് ഒരു രാത്രി എന്നെ ബോധ്യപ്പെടുത്തി. പിറവിയുടെ രാവുതൊട്ട് എണ്ണിയാലൊടുങ്ങാത്ത രാത്രികള്‍ എങ്ങോ പോയ്മറഞ്ഞു വിസ്മൃതമായെങ്കിലും ആ അഭിശപ്തരാത്രി മനസ്സില്‍ മായാതെയുണ്ട്. ചോരയുടെ മണമാണതിന്.

മാര്‍ത്താണ്ഡവര്‍മ്മയും സ്വാതിതിരുനാളും ഇരയിമ്മന്‍തമ്പിയും ഷഡ്കാല ഗോവിന്ദമാരാരുമൊക്കെ ജീവിച്ച പ്രൗഢോജ്ജ്വലനഗരത്തിന്റെ ഹൃദയഭാഗത്തുള്ളൊരു ലോഡ്ജില്‍ ഞാന്‍. അടുത്ത മുറികളിലെല്ലാം ചിത്രീകരണം നടക്കുന്ന ഒരു സിനിമയുമായി ബന്ധപ്പെട്ടവരാണ്. സഹസംവിധായകരും വിവിധ സാങ്കേതികവിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും. മുന്‍നിരക്കാരുടെ പൊറുതി വേറേ ചിലേടങ്ങളിലാണ്. പ്രാധാന്യം അനുസരിച്ചുള്ള ക്രമനിഷ്ഠ (hiearchy) ഏറ്റവും കൂടുതല്‍ പാലിക്കപ്പെടുന്നതു സിനിമയിലാവാനേ തരമുള്ളൂ. ഒരുകാലത്ത് കത്തിനിന്ന താരങ്ങള്‍ നിഷ്പ്രഭരായാല്‍ ഷൂട്ടിങ്സ്ഥലത്ത് ഇരിക്കാന്‍ കസേരപോലും കിട്ടില്ല. പുതിയ താരപ്രഭയ്ക്കുമുന്നില്‍ അവര്‍ക്കു വിനീതരായി ഒതുങ്ങിമാറി നില്‌ക്കേണ്ടിവരും. അതു സിനിമയുടെ നീതി.

നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിക്കപ്പെടുന്ന സിനിമയുമായി എനിക്കു ബന്ധമില്ല. എന്നാല്‍, അതിന്റെ യൂണിറ്റിലുള്‍പ്പെട്ട പലരും എന്റെ സുഹൃത്തുക്കളാണ്. രണ്ടു സഹസംവിധായകര്‍ വിശേഷിച്ചും. ഉറങ്ങാന്‍പോകുവോളം അവര്‍ എന്റെ മുറിയിലായിരുന്നു. പോകും മുമ്പ് ഞാന്‍ അവര്‍ക്കും അവരെനിക്കും ശുഭരാത്രി നേര്‍ന്നു. കിടക്കയില്‍ കിടന്നു കുറെനേരം വായിച്ച് അങ്ങനെയങ്ങനെ ഉറങ്ങുകയെന്നതാണ് എന്റെ പതിവ്. ചങ്ങാതികളെ യാത്രയാക്കിയശേഷം വാതിലടച്ചു ഞാന്‍ ഒരു പുസ്തകവുമായി കിടക്കയിലേക്കു നീങ്ങി. മുറിക്കകമേ അച്ചടിക്കപ്പെട്ട വാക്കുകളുടെ ഗഹനനിശ്ശബ്ദതയായി. ഇടയ്‌ക്കെപ്പോഴോ ഒരു ശബ്ദം കേട്ടു. ആരോ രണ്ടുപേര്‍ വാതിലിനപ്പുറം ഇടനാഴിയില്‍നിന്ന് അടക്കിപ്പിടിച്ച ശബ്ദത്തില്‍ സംസാരിക്കുന്നതുപോലെ. എനിക്കത് അവഗണിക്കാനാണു തോന്നിയത്. അപ്പോഴൊരു വിതുമ്പല്‍ കേള്‍ക്കായി. എന്റെ വായന അതോടെ തീര്‍ത്തും അലങ്കോലമായി. ഞാനെഴുന്നേറ്റ് വാതില്‍ തുറന്നു. സംഗതി മനസ്സിലാക്കണമല്ലോ.

ഒരു നിമിഷം. ഞാന്‍ പകച്ചുപോയി.

മുഖം പ്രേതത്തിന്റേതുപോലെ വിളറിയ മെലിഞ്ഞൊരു പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് അവളുടെ അമ്മയെന്നു തോന്നിക്കുന്ന സ്ത്രീ നേരേ മുന്നില്‍. വിതുമ്പിക്കരയുന്നത് പെണ്‍കുട്ടിയായിരുന്നു. അമ്മ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. പ്രൊഡക്ഷന്‍ മാനേജരും സംവിധായകനും ഏതാനും ചുവടു മുന്നിലെത്തിയിരുന്നു. വേഗം എന്നു പറഞ്ഞ് പ്രൊഡക്ഷന്‍ മാനേജര്‍ ധൃതികൂട്ടി. അതിനിടയില്‍ പെണ്‍കുട്ടിയുടെ തളര്‍ന്ന ദൃഷ്ടി നൊടിനേരത്തേക്ക് എന്റെമേല്‍ വന്നുവീണു.

സഹസംവിധായകര്‍ രണ്ടുപേര്‍ അവരുടെ മുറിയില്‍നിന്നു പുറത്തുവന്ന് സ്തബ്ധരായി നിന്നു. അല്പം കഴിഞ്ഞപ്പോഴാണു ഞാന്‍ ശ്രദ്ധിച്ചത്. പെണ്‍കുട്ടി നടന്നുനീങ്ങിയ വഴിയിലത്രയും ചുവന്ന പാടുകള്‍. ഒരു ഉടലില്‍നിന്നും ഇറ്റുവീണ ചൂടാറാത്ത ചോരയാണു കാണുന്നതെന്നതിന്റെ ഉള്‍ക്കിടിലത്തോടെ ഇടനാഴിയുടെ ഒരരികുചേര്‍ന്നുനടന്നു ഞാന്‍ കണ്മുന്നിലെ രണ്ടു മനുഷ്യജീവികള്‍ക്കടുത്തെത്തി.

എന്താണുണ്ടായതെന്ന എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. ഏതോ ഉടമ്പടിയിലെന്നോണം ഇരുവരും മൗനം പാലിച്ചുനിന്നു. അവരുടെ മുഖത്തു വിറങ്ങലിപ്പായിരുന്നു. ”എന്തെങ്കിലും പറയ്.” ഞാനൊരാളെ ഇരുചുമലിലും പിടിച്ചു കുലുക്കി.

മുക്കലും മൂളലും ഞരക്കങ്ങളുമായി ഏതാനും വാക്കുകള്‍ അടര്‍ന്നുവീണു. അതൊരു വിശദീകരണമായിരുന്നില്ല. എന്താണു സംഭവിച്ചതെന്നു മനസ്സിലാക്കാന്‍ അത്രയും വാക്കുകള്‍ ധാരാളമായിരുന്നു. അപ്പോഴേക്കും ഇടനാഴിയുടെ അങ്ങേയറ്റത്ത് ഒരനക്കം. ഒരു മുറിയില്‍നിന്നു വെളുത്തൊരു കിടക്കവിരി രണ്ടറ്റത്തുംപിടിച്ച് റൂം ബോയ്‌സ് രണ്ടുപേര്‍.

അവര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ കിടക്കവിരിയിലേക്കു നോക്കി. അതിന്റെ മദ്ധ്യത്തില്‍ രക്തച്ചുവപ്പ്. ഏതെങ്കിലുമൊരു സിനിമയിലാണ് ഈ രംഗമെങ്കില്‍ ഇടനാഴിയിലെ ചുവന്ന പാടുകളൊരുക്കേണ്ടതും കിടക്കവിരിയില്‍ രക്തച്ചുവപ്പ് അടയാളപ്പെടുത്തേണ്ടതും കലാസംവിധായകനാണ്. ചുവന്ന പാടുകളുടെ എണ്ണം കുറഞ്ഞാലോ കിടക്കവിരിയുടെ രക്തച്ചുവപ്പിനു തീക്ഷ്ണതയും വലിപ്പവും പോരെന്നു വരികിലോ സംവിധായകന്റെ ശകാരം ഉറപ്പിക്കാം. കലാസംവിധായകനും സഹായികളും കൃത്രിമരക്തവുമായി വീണ്ടും തിരക്കിട്ടു ജോലിയില്‍ മുഴുകും. സംവിധായകന്‍ തൊപ്പിയുമണിഞ്ഞു തന്റെ ഇരിപ്പിടത്തിലിരുന്ന് അക്ഷമ കാട്ടും.

സിനിമയുടെ പിന്നാമ്പുറത്തെ ഇടനാഴിയിലൂടെ തിടുക്കപ്പെട്ടു നീങ്ങിമറയവേ സംവിധായകന്റെ ശിരസ്സില്‍ തൊപ്പി ഉണ്ടായിരുന്നില്ല. അയാള്‍ ജീവിതത്തിന്റെ ഒരു കടുത്ത യാഥാര്‍ത്ഥ്യമറിയിച്ചു, താന്‍ നോവിച്ച പെണ്‍കുട്ടിയെ ആരുമറിയാതെ ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കാം. അതല്ലെങ്കില്‍ പ്രൊഡ്യൂസറെയോ പ്രൊഡക്ഷന്‍ മാനേജരെയോ മുഴുവന്‍ ചുമതലയും ഏല്പിച്ചു സുരക്ഷിതമായ അകലത്തിലേക്കു പോയിട്ടുണ്ടാവാം. രാവിലെ ഷൂട്ടിങ് ഉള്ളതാണ്. ഉറങ്ങണം. സംവിധായകന് ഉറക്കം ശരിയായില്ലെങ്കില്‍ അതു ഷൂട്ടിങ്ങിനെ ബാധിക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്? നടക്കട്ടെ. രാവിരുട്ടിന് ഏതു രഹസ്യവും ഒളിപ്പിക്കാനാവുമല്ലോ.

നേരം വെളുത്ത് പുറത്തിറങ്ങി നോക്കുമ്പോള്‍ ഷൂട്ടിങ്ങിനു പോകാനൊരുങ്ങിനില്ക്കുന്ന യൂണിറ്റ് അംഗങ്ങളില്‍ ചിലര്‍ക്ക് എന്തോ വീര്‍പ്പുമുട്ടല്‍പോലെ. സംവിധാനസഹായികളുടെ മുഖങ്ങളില്‍ രാത്രിയില്‍ കണ്ട വിളര്‍ച്ച മാറിയിരുന്നില്ല.

”എന്തായി?” ഒരാളെ മാറ്റിനിര്‍ത്തി ഞാന്‍ അന്വേഷിച്ചു.
”ഒന്നും പറയാമ്പാടില്ലെന്നാ.”
”ജീവനോടെ ഉണ്ടല്ലോ, അല്ലേ?”
”വീട്ടിലേക്കു പറഞ്ഞുവിട്ടു രാത്രിയില്‍തന്നെ.”
”അഭിനയിച്ചതാണോ വല്ല റോളിലും?”
”ഒറ്റ സീനില്‍.”
”കഴിഞ്ഞോ?”
”ഇനി ഉണ്ടാവില്ല.”

പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ട ഒരേയൊരു സീന്‍ ചിത്രം പൂര്‍ത്തിയാകുമ്പോള്‍ കാണാനാകുമോയെന്നു ഞാന്‍ ചോദിച്ചില്ല. വാഹനങ്ങള്‍ ലൊക്കേഷനിലേക്കു പോയിത്തുടങ്ങിയിരുന്നു.

മണ്ണില്‍നിന്ന് ഇളകിപ്പൊങ്ങുന്ന ചുഴലിക്കാറ്റുപോലുള്ള ഓരോര്‍മ്മയുമായി എന്റെ സാധാരണദിനങ്ങള്‍. നോവുന്നതു മറക്കുക എളുപ്പമല്ലെന്നു നാള്‍തോറും ഞാനറിഞ്ഞു. രക്തപ്രസാദമില്ലാത്ത ഒരു മുഖവും അതിലെ തളര്‍ന്ന കണ്ണുകളുടെ ദൈന്യവും നിസ്സഹായതയും നിറഞ്ഞ നോട്ടവും എനിക്കു മനസ്സില്‍നിന്നും മായ്ച്ചുകളയാനായില്ല. അവളുടെ നൊമ്പരം കുറേശ്ശക്കുറേശ്ശ ശമിച്ചിരിക്കണം. അവള്‍ തന്റെ ഹൈസ്‌കൂള്‍പഠനം തുടര്‍ന്നിരിക്കണം. ഉടലിലെ മുറിവുകള്‍ ഉണങ്ങിയിരിക്കണം. അവളുടെ പേരെന്തെന്നോ നാടേതെന്നോ എനിക്ക് അറിയില്ലായിരുന്നു. പാവം കുട്ടി.

രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞപ്പോള്‍ ഒരു ചലച്ചിത്രപ്രസിദ്ധീകരണത്തില്‍ എനിക്കു പ്രിയപ്പെട്ട ഒരു സംവിധായകന്റെ പ്രസ്താവം. അതിങ്ങനെയായിരുന്നു: ”ഞങ്ങള് മാര്‍ക്‌സിസം പഠിച്ചിട്ടില്ല, വിപ്ലവത്തില്‍ വിശ്വസിക്കുന്നില്ല, സോഷ്യല്‍ കമ്മിറ്റ്‌മെന്റ് ഇല്ല എന്നൊക്കെ കുറ്റപ്പെടുത്തിക്കോളൂ. അതെല്ലാം അംഗീകരിക്കാം. പക്ഷേ, ഞങ്ങളാരും പതിമൂന്നു വയസ്സുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാറില്ല.”

അരാജകവാദികളെന്ന ആക്ഷേപം കേട്ടിരുന്ന ഒരു വിഭാഗത്തെ പ്രതിനിധീകരിച്ചുകൊണ്ടായിരുന്നു ആ പ്രസ്താവന. ഏതു കൂട്ടരെയാണ് അത് ഉന്നംവെച്ചതെന്നു വ്യക്തമായിരുന്നു. അതിന്റെ പ്രേരണ ഏതു സംഭവമാണെന്നു ചുരുക്കം ചിലര്‍ക്കേ അറിയാമായിരുന്നുള്ളൂ. അതു വായിച്ചപ്പോള്‍ എനിക്ക് ഒരിക്കല്‍കൂടി ചങ്കിടിച്ചു…”

തുടര്‍ന്ന് വായിയ്ക്കാം

Comments are closed.