വാണിജ്യകേരളം

vanijyakeralam

അതിപ്രാചീനമായ സാംസ്‌കാരിക സാമൂഹിക പാരമ്പര്യമുള്ള കേരളത്തിന് അതിനോളം പോന്ന വാണിജ്യചരിത്രവുമുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കിഴക്കന്‍ നാടുകളോടും പടിഞ്ഞാറന്‍ രാജ്യങ്ങളോടും കേരളത്തിന് വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. ഈ രാജ്യങ്ങളിലേയ്ക്ക് കേരളത്തിന്റെ പ്രകൃതി വിഭവങ്ങള്‍ കച്ചവടക്കാര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കയറ്റി അയച്ചിരുന്നു. എന്നാല്‍ ഇന്ന് ലഭ്യമായ കേരള ചരിത്ര ഗ്രന്ഥങ്ങളില്‍ ഒന്നും തന്നെ തുടര്‍ച്ചയായി നടന്ന ഈ വാണിജ്യബന്ധങ്ങളെക്കുറിച്ച് കാര്യമായി പ്രതിപാദിക്കുന്നില്ല. ഈ പോരായ്മ നികത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് ഡോ എം ഗംഗാധരന്റെ വാണിജ്യ കേരളം എന്ന കൃതി.

കേരളത്തിന്റെ വാണിജ്യ ചരിത്രത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന മൂന്ന് ലേഖനങ്ങളാണ് വാണിജ്യ കേരളം എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. പതിനാറ് പതിനേഴ് നൂറ്റാണ്ടുകളില്‍ കോഴിക്കോട് ജീവിച്ചിരുന്ന ഖാസി മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് എന്ന കവി രചിച്ച ‘അല്‍ഫത്ഹുല്‍ മുബീന്‍’ എന്ന അറബി കാവ്യത്തെ ആധാരമാക്കിയുള്ളതാണ് ആദ്യ ലേഖനം. കുരുമുളക് കച്ചവടത്തില്‍ മുന്നിട്ടു നിന്നിരുന്ന അറബികളേയും മാപ്പിളമാരെയും അതില്‍ നിന്ന് ഒഴിവാക്കി തങ്ങള്‍ക്ക് മേധാവിത്വം ലഭിക്കാനായി പോര്‍ച്ചുഗീസുകാര്‍ നടത്തിയ സംഘട്ടനം വിവരിക്കുന്ന കാവ്യമാണ് ‘അല്‍ഫത്ഹുല്‍ മുബീന്‍’. ഈ കാവ്യത്തില്‍ വിവരിക്കുന്ന സംഭവങ്ങളെയും അവയുടെ സ്വഭാവത്തെയും സാഹചര്യത്തെയും പരിശോധിക്കുകയാണ് ആദ്യ ലേഖനം.

vanijya-keralamകേരളചരിത്രത്തില്‍ ഒരു പോര്‍ച്ചുഗീസ് കാലഘട്ടമുണ്ടായിരുന്നു എന്ന പതിവ് സങ്കല്പത്തെ പരിശോധിക്കുന്നതാണ് രണ്ടാമത്തെ ലേഖനം. കേരളത്തിലെ പല രാജാക്കന്മാരുമായും വ്യാപാര ബന്ധമുണ്ടായിട്ടും ഒരു പ്രദേശത്തും അധികാരം സ്ഥാപിക്കാന്‍ സാധിക്കാത്ത പോര്‍ച്ചുഗീസുകാര്‍ക്ക് നമ്മുടെ ചരിത്രത്തിന്റെ ഒരു കാലഘട്ടം പതിച്ചുകൊടുക്കേണ്ടതില്ലെന്നാണ് രണ്ടാമത്തെ ലേഖനത്തില്‍ വാദിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലെ കടല്‍ കച്ചവടക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യുന്നു. ഒന്‍പതാം നൂറ്റാണ്ടു തൊട്ട് ആധുനിക കാലം വരെ കേരള തീരത്ത് നടന്ന കച്ചവടത്തിന്റെ രൂപരേഖയാണ് ‘വാണിജ്യകേരളം‘ എന്ന മൂന്നാമത്തെ ലേഖനം.

കേരള വാണിജ്യചരിത്രത്തെക്കുറിച്ച് മനസ്സിലാക്കുന്നതോടൊപ്പം കഴിഞ്ഞകാല കേരളത്തിന്റെ ചരിത്രത്തെ അനാവരണം ചെയ്യാന്‍ സഹായിക്കുന്ന  ഈ പുസ്തകം ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും സാധാരണ വായനക്കാര്‍ക്കും ഒരുപോലെ പ്രയോജനകരമായ പുസ്തകമാണ്.

Categories: Editors' Picks, LITERATURE