DCBOOKS
Malayalam News Literature Website

ഒരു വനയാത്രികന്റെ അനുഭവങ്ങള്‍; ആര്‍. വിനോദ് കുമാറിന്റെ വനയാത്ര

“ഇക്കുറി യാത്ര സൈലന്റ് വാലിയിലേക്കാണ്. ഞാനും രണ്ടു സുഹൃത്തുക്കളും നിശബ്ദതാഴ്‌വരയിലെത്തി. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നാഗരാജ് സാറിനെ കണ്ടു. കുശലം പറഞ്ഞ് കുറച്ചു സമയം ചെലവഴിച്ച് പിരിഞ്ഞു. ഇവിടെ ഇക്കോ ടൂറിസം നടപ്പാക്കുകയാണ്. അതിന്റെ തിരക്കിലാണ് അദ്ദേഹം. അതിന്റെ ഉത്ഘാടനത്തിന് മന്ത്രി വരുന്നതിനാല്‍ ആകെ ബഹളമയം.

നമ്മള്‍ വിനോദസഞ്ചാരമെന്ന പേരില്‍ സന്തോഷിക്കാനും തിമിര്‍ക്കാനുമുള്ള സൗകര്യമാണ് കാട്ടിലൊരുക്കുന്നത്. ഇവിടെ വരുന്ന പലര്‍ക്കും അറിയില്ല കാട് എന്താണെന്നും എന്തിനുവേണ്ടിയാണെന്നും. പലരും കരുതുന്നത് അര്‍മാദിക്കാനുള്ള സ്ഥലമാണ് കാട് എന്നാണ്.

പരിശുദ്ധിയോടെ സംരക്ഷിക്കേണ്ട ഒരിടമാണ് കാട് എന്നു നാം കാട്ടിലെത്തുന്നവരെ ധരിപ്പിക്കുന്നില്ല. കാടായ കാട്ടിലെല്ലാം പല പേരുകളില്‍ ടൂറിസം നടത്തുകയാണ്. അവയ്ക്ക് താങ്ങാവുന്നതിനപ്പുറമാണിത്. പുതിയ പുതിയ ജീപ്പുപാതകള്‍, നടപ്പാതകള്‍ വൈദ്യുതക്കമ്പികള്‍, കെട്ടിടങ്ങള്‍ എന്നിവയൊക്കെ കാടിനകത്ത് ഉയരുകയാണ്. എഴുത്തു ബോര്‍ഡുകളുടെ അതിപ്രസരം, പ്ലാസ്റ്റിക് നിരോധിത മേഖലകളില്‍ കൂറ്റന്‍ പ്ലാസ്റ്റിക് ബോര്‍ഡുകളുടെ നിര. കാട് ഇവിടെ കരയുകയാണ്. പ്രകൃതിയുടെ മനസ്സറിയാന്‍ ഇവിടാരുമില്ല. കാടിനെ അറിയാത്തവര്‍ കാട് ഭരിക്കുന്നു. കാട് കാണാത്തവര്‍ നിയമങ്ങള്‍ നെയ്യുന്നു!”

ഒരു വനയാത്രികന്റെ അപൂര്‍വ്വാനുഭവങ്ങളും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതകളും കാവ്യാത്മകമായി കോറിയിടുന്ന ഹൃദയസ്പര്‍ശിയായ ഒരു യാത്രാവിവരണമാണ് ആര്‍. വിനോദ് കുമാറിന്റെ വനയാത്ര.

വനയാത്ര എന്ന പുസ്തകം വനയാത്രകളെ കുറിച്ചുള്ള വിവരണാത്മകമായ സാധാരണമായ പുസ്തകങ്ങളില്‍ നിന്ന് വേറിട്ട് നില്ക്കുന്നു. ഓരോ അധ്യായവും വ്യത്യസ്തമായ അനുഭവങ്ങളും ഭാവങ്ങളും അറിവുകളും അത്ഭുതങ്ങളും കാഴ്ച വയ്ക്കുന്നു. പ്രണയം തഴയ്ക്കുന്ന ഭാഷയിലാണ് വനയാത്ര എഴുതപ്പെട്ടിരിക്കുന്നത്. അഗാധമായ പ്രണയബന്ധം കൊണ്ടു മാത്രമേ സമാനമായ സന്ദര്‍ഭങ്ങളെപ്പോലും ഓരോ പ്രാവശ്യവും നൂതനമായി ആവിഷ്‌ക്കരിക്കാന്‍ സാധിക്കൂ. എല്ലാ നിരീക്ഷണങ്ങളിലും വിവരണങ്ങളിലും കൂടി കടന്നുപോകുന്ന ചില ചരടുകളുണ്ട്. കാടിനോടുള്ള പ്രണയം, കാട് നിരാശപ്പെടുത്തുകയില്ലെന്നുള്ള വിശ്വാസം, കാടിനെ ഭയക്കരുതെന്നുള്ള പാഠം എന്നിവ. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരെയും പരിചയപ്പെടുത്തുന്ന ഈ പുസ്തകത്തിലൂടെ വനപ്രകൃതിയുടെ നിത്യവിസ്മയത്തിന്റെ കവിത പകര്‍ത്തുകയാണ് ആര്‍.വിനോദ് കുമാര്‍ ചെയ്തിരിക്കുന്നത്.” വനയാത്രക്ക് കെ.ജയകുമാര്‍ എഴുതിയ അവതാരികയില്‍ പറയുന്നു.

Comments are closed.