വിജയലക്ഷ്മിക്ക് നേരിയതോതില്‍ കാഴ്ച ലഭിച്ചു തുടങ്ങിയതായി ഡോക്ടർമാർ

vijaya

സ്വരസാഗരങ്ങളുടെ ഗായത്രിവീണയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ പ്രിയ കലാകാരിയാണ് വൈക്കം വിജയലക്ഷ്മി. മലയാളികൾ ഏറെയിഷ്ടപ്പെട്ട പ്രപഞ്ചസൗന്ദര്യം സംഗീതത്തിലൂടെ മാത്രം തൊട്ടറിഞ്ഞ ഗായിക. ജന്മനാ അന്ധയായ വൈക്കം വിജയലക്ഷ്മിക്ക് നേരിയ തോതിൽ കാഴ്ചശേഷി ലഭിക്കുന്നതായി ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയും പറഞ്ഞു. കാഴ്ചയുടെ നിറപ്പകിട്ടാര്‍ന്ന ലോകത്തിലേക്ക് ചുവടു വയ്ക്കുന്നതിന്റെ ആവേശത്തിലാണ് വിജയലക്ഷ്മിയും.

‘വെളിച്ചം കൂടുതൽ കണ്ടുതുടങ്ങിയിരിക്കുന്നു ….നിഴലു പോലെ എന്തോ കാണുന്നുണ്ട്. വ്യക്തമല്ല അതെന്താണെന്ന്.’ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റത്തെപ്പറ്റി വലിയ ആകാംക്ഷകളില്ലാതെ വിജയലക്ഷ്മി പറഞ്ഞു

‘തലച്ചോറിലെ ഞരമ്പിനു സംഭവിച്ച തകരാറാണ് വിജയലക്ഷ്മിക്കു കാഴ്ചയില്ലാതാക്കിയതെന്നാണ് വിജയലക്ഷ്മിയുടെ ‘അമ്മ പറയുന്നത്. പ്രസവ സമയത്തെ പ്രശ്നമാണ് കുട്ടിയുടെ കാഴ്ച തകരാറിലാക്കിയതെന്നാണ് അനുമാനം. കോട്ടയത്തുള്ള സ്പന്ദന എന്ന ആശുപത്രിയിലാണ് വിജയലക്ഷ്മിയുടെ ചികിത്സ. ‘ഹോമിയോ ചികിത്സയാണ് വിജയലക്ഷ്മിക്കു ചെയ്യുന്നത്. ഒരു മാസം ഒരു ഘട്ടം എന്ന നിലയ്ക്ക് നൂറു ഘട്ടങ്ങളിലായിട്ടാണ് മരുന്നു കഴിക്കേണ്ടത്. ഇപ്പോൾ പത്തു ഘട്ടമായി. നല്ല വ്യത്യാസമുണ്ട്…ദൈവത്തിനു നന്ദി പറയുന്നു, പ്രാർഥിക്കുന്നു.’

അധികം വൈകാതെ കാഴ്ച പൂര്‍ണമായും ലഭിക്കുമെന്നാണ് പ്രതീക്ഷ. കാഴ്ച ലഭിച്ചാല്‍ ആദ്യം ആരെ കാണണമെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ വിജയലക്ഷ്മിക്കുള്ളൂ. തന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍നിന്ന, തന്റെ കണ്ണായി കൂടെനിന്ന അച്ഛനെയും അമ്മയെയും കാണണം. കൂടാതെ തന്റെ കഴുത്തില്‍ താലിചാര്‍ത്താന്‍ പോകുന്നയാളെയും. ഓരോ ദിവസം ചെല്ലുന്തോറും പ്രകാശം തിരിച്ചറിയാനുള്ള ശേഷി വര്‍ധിക്കുന്നുണ്ടെന്ന് വിജയലക്ഷ്മി പറഞ്ഞു. ചെറിയ തോതില്‍ വസ്തുക്കളെ തിരിച്ചറിയാന്‍ തുടങ്ങിയതോടെ വിജയലക്ഷ്മിയുടെ കുടുംബവും ഏറെ പ്രതീക്ഷയിലാണ്.

ഹോമിയോ ഡോക്ടര്‍മാരായ ശ്രീകുമാറും ശ്രീവിദ്യയും സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാവിധിപ്രകാരമുള്ള ചികിത്സയാണ് നല്‍കുന്നത്. ഏകദേശം പത്തുമാസം നീണ്ടുനിന്ന ചികിത്സയ്‌ക്കൊടുവിലാണ് വിജയലക്ഷ്മി പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അന്ധതയെ സംഗീതം കൊണ്ടു തോല്‍പ്പിച്ച പ്രതിഭയാണ് വിജയലക്ഷ്മി. സംഗീതത്തിലുള്ള ജ്ഞാനം കൊണ്ടും വ്യത്യസ്തമായ സ്വരം കൊണ്ടുമാണ് അവര്‍ ശ്രദ്ധ നേടിയത്. ഗായത്രി വീണയെന്ന സംഗീതോപകരണം വായിക്കുന്നതിലുള്ള പ്രാഗത്ഭ്യവും ഗാനങ്ങളെ തന്റേതായ ശൈലിയിലേക്കു മാറ്റി പാടുവാനുള്ള കഴിവും വേദികളുടെയും പ്രിയ ഗായികയാക്കി.

Categories: GENERAL, LATEST NEWS, MOVIES, MUSIC

Related Articles