DCBOOKS
Malayalam News Literature Website

സുകേതുവിന്റെ പുതിയ കവിത ‘ഉടുമ്പെഴുത്ത്’

 

കുറഞ്ഞ അക്ഷരങ്ങളില്‍ കൂടുതല്‍ ചിന്തിപ്പിക്കുന്ന ശക്തമായ എഴുത്താണ് സുകേതുവിന്റെ ‘ഉടുമ്പെഴുത്ത്‘.നമ്മള്‍ അറിഞ്ഞും അറിയാതെയും അടിച്ചുവാരി കുപ്പയിലെറിയുന്ന ശബ്ദങ്ങളോട് ഐക്യപ്പെടുകയാണ് ഉടുമ്പെഴുത്തിലൂടെ.അത്തരം ശബ്ദങ്ങളെ വീണ്ടെടുക്കാനുള്ള ധീരമായ മുന്നേറ്റം കൂടിയാണ് സുകേതു കവിതകള്‍.

നാം തുന്നിക്കൂട്ടുന്ന ഇരുണ്ടകാലത്തോട് കലഹിച്ചുകൊണ്ട് നഷ്ടമായ മനുഷ്യത്വത്തെ ഓര്‍ക്കാനൊരവസരംകൂടി നല്‍കുകയാണ് സുകേതു.അതുകൊണ്ട് തന്നെ ഉടുമ്പെഴുത്ത് ചില ഓര്‍മപ്പെടുത്തലാണ്.ആദര്‍ശമുള്ള ദര്‍ശനമാണ് സുകേതുവിന്റെ എഴുത്ത്.നവരസങ്ങളില്‍ ബിഭത്സമാത്രമായിത്തീര്‍ന്ന ഇന്നത്തെ നരജീവിതങ്ങളെ വിധിക്കുവാന്‍ അയോഗ്യനായ തന്നെ ധീരമായി നിയോഗിക്കുവാന്‍ സന്നദ്ധമാക്കുന്നതാണ് ഈ എഴുത്തിന്റെ നന്മയെന്ന് വി.ആര്‍ സുധീഷ് അവതാരികയില്‍ കുറിച്ചിടുന്നു.

 

‘അര്‍ഹതയില്ലാത്തതൊന്നും
അതില്‍ കുത്തിച്ചെലുത്തല്ലേ…
കുപ്പായക്കീശ തുന്നിപ്പിടിപ്പിച്ചത്
നെഞ്ചത്താണ്’ -എന്നെഴുതി ‘നെഞ്ചിടിപ്പ്’ എന്ന് സുകേതു പേരുകൊടുക്കുമ്പോള്‍ ലോകം കീഴടക്കാന്‍ അഭിരമിച്ച് നടക്കുന്ന ഓരോരുത്തരോടുമുള്ള മുന്നറിയിപ്പാകുന്നു അത്.ഉടുമ്പെഴുത്ത് ഒരു നെഞ്ചിടിപ്പായി മാറുന്നതിനൊപ്പം ശക്തമായ ഭാഷ ഭുലോകത്തില്‍ ഇന്ദ്രിയാനുഭങ്ങളെ സ്പന്ദിക്കുന്നത് നാമറിയുന്നു.

ഞാന്‍, ജീവിതം, കീടം, വിവരക്കേട് തുടങ്ങി 102 കവിതകളാണ് ഉടുമ്പെഴുത്തിലുള്ളത്.ഒന്നുമറിയുന്നില്ല, ഇങ്ങനെയും എന്റെഴുത്ത്, തിരഞ്ഞെടുത്ത കഥകള്‍, ജീവിതത്തിലേക്ക് പോകുന്ന ഒരു വണ്ടി എന്നിവയാണ് മറ്റു കൃതികള്‍.

 

Comments are closed.