നക്ഷത്രപരിചയം ഉത്രാടം നക്ഷത്രത്തില്‍ ജനിച്ചാല്‍..?

uthradam

നക്ഷത്രഗണനയില്‍ ഇരുപത്തിയൊന്നാമത്തെ നക്ഷത്രമാണ് ഉത്രാടം. വിശ്വദേവതകള്‍ നക്ഷത്രദേവത. മുറം പോലെ രണ്ട് നക്ഷത്രങ്ങള്‍. ധനു ഇരുപത്തിയെട്ടാമത് ഭാഗത്തില്‍ ഉദിക്കും. അവ ഉച്ചിയില്‍ എത്തുമ്പോള്‍ മീനരാശിയില്‍ മൂന്ന് നാഴിക പത്രണ്ടുവിനാഴിക ചെല്ലും. വിശ്വം, ഉത്തരാഷാഢം ഇവ പര്യായങ്ങളാണ്. മനുഷ്യഗണം. പുരുഷയോനി. കാള മൃഗ്ഗം, പ്ലാവ് വൃക്ഷം, കോഴി പക്ഷി, വായുഭൂതം, ഏകാരം അക്ഷരം, വകാരം മന്ത്രാക്ഷരം. സംഹാരനക്ഷത്രം. ഊണ്‍നാളാകയാല്‍ മിക്ക മുഹൂര്‍ത്തങ്ങള്‍ക്കും കൊള്ളാം. വിശേഷിച്ചും മണ്ഡനം, വാസ്തുകര്‍മ്മം, ഗൃഹപ്രവേശം, ബീജാവാപം ഇവയ്ക്കു ശോഭനമാണ്. യാത്രയ്ക്കുകൊള്ളാമെങ്കിലും കിഴക്കോട്ട് യാത്രയ്ക്കുനല്ലതല്ല. ഉത്രാടത്തിന്റെ നാലാംകാല്‍ അഭിജിത്ത് എന്ന നക്ഷത്രമാണ്. ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ ധനുരാശിയിലും ശേഷം മകരത്തിലും സ്ഥിതിചെയ്യുന്നു. ധനുരാശിയില്‍ ഇരുപത്തിയാറു തീയതിയും നാല്പത് കലയും ആയാല്‍ ഉത്രാടം തുടങ്ങും. മകരത്തില്‍. പത്തു തീയതിവരെയാണിതു തുടരുന്നത്.

ഉത്രാടം നാളില്‍ ജനിച്ചാല്‍ ഹാസ്യപ്രിയനും വിനീതനും കൃതജ്ഞനും ബലവാനും സുന്ദരനും സഞ്ചാരശീലനും ധര്‍മ്മിഷ്ഠനും, കരുണയുള്ളവനും ക്ലേശങ്ങളെ സഹിക്കുന്നവനും ബന്ധുക്കള്‍ ധാരാളമുള്ളവനുമാകും. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് വിനയം, ധര്‍മ്മനിഷ്ഠ, ഉപകാരസ്മരണ എന്നിവ ഉണ്ടായിരിക്കും. ബന്ധുക്കള്‍ കൂടുതലുണ്ടായിരിക്കും. എപ്പോഴും ഉയരണമെന്ന ആദര്‍ശം മുന്‍നിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന വ്യക്തി ആയിരിക്കും. ഒരു കാര്യത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അതിന്റെ പാരമ്യത്തില്‍ എത്തിച്ചേരുക എന്നത് ഒരു ലക്ഷ്യമാണ്. ധാരാളം സുഹൃത്തുക്കളെ ആകര്‍ഷിക്കുന്ന സ്വഭാവമുള്ളതിനാല്‍ മറ്റുള്ളവരില്‍ നിന്നും കിട്ടിയ സഹായങ്ങളെ നന്ദിപൂര്‍വ്വം സ്മരിക്കും. മിതവ്യയവും ആത്മാര്‍ത്ഥതയും എല്ലാ രംഗങ്ങളിലും പ്രദര്‍ശിപ്പിക്കും. ഒരു കാര്യത്തിലും ഉപേക്ഷ സഹിക്കാത്തതിനാല്‍ സഹായത്തിന് വില കല്പ്പിക്കുന്നവരായിരിക്കും. അര്‍ഹതയില്ലാത്ത പണം കിട്ടിയെന്നുവരും. പരാജയം വിജയമാക്കി മാറ്റാന്‍ ശ്രമിക്കും. പലപ്പോഴും യാഥാസ്ഥിതകരായ അന്ധവിശ്വാസിയായി കാണപ്പെടും. ആദ്യകാലം വളരെ ബുദ്ധിമുട്ടായിരിക്കും. പിന്നെയതുമാറും. സഞ്ചാരപ്രിയരായ ഇവര്‍ അന്യദേശത്ത് താമസം സംജാതമാക്കും. സദാചാരബോധവും നല്ല സൗന്ദര്യവും ഉണ്ടായിരിക്കും. സ്വന്തം പ്രയത്‌നം കൊണ്ട് ജീവിക്കും.

ഉത്രാടത്തിന്റെ ഒന്നാം കാലില്‍ ജനിച്ചാല്‍ ശാസ്ത്രജ്ഞനും ബുദ്ധിമാനും ദാനശീലനും വിപുലശരീരനും ഗുരുദേവപ്രിയനും ആകും. രണ്ടാംപാദത്തില്‍ ജനിച്ചാല്‍രഹസ്യപ്രവൃത്തിചെയ്യുന്നവനും വാഗ്മിയും, ലുബ്ധനും ശാസ്ത്രാര്‍ത്ഥഗ്രഹണ സാമര്‍ത്ഥ്യമുള്ളവനും ദൈവഭക്തനുമാകും. മൂന്നാം പാദത്തില്‍ ജനിച്ചാല്‍ വിസ്താരമുള്ള കണ്ണുള്ളവനും സ്ഥൂലശരീരനും ഗര്‍വ്വിഷ്ഠനും ക്രൂരനുമാകും. നാലാംപാദത്തില്‍ ജനിച്ചാല്‍ പ്രസാദശീലനും ധര്‍മ്മിഷ്ഠനും ബന്ധുപ്രിയനും വിശേഷജ്ഞാനമുള്ളവനും, ലോകമര്യാദ അനുസരിക്കുന്നവനും സത്യവാദിയുമാകും.

 

Categories: ASTROLOGY, GENERAL