DCBOOKS
Malayalam News Literature Website

കൊച്ചുകൂട്ടുകാര്‍ക്കൊപ്പം കളിച്ചുരസിക്കാന്‍ ഉണ്ടനും നൂലനും എത്തുന്നു

 

അച്ചുതനും അപ്പുവും ഏട്ടനും അനിയനുമാണ്. പ്രായംകൊണ്ട്  അച്ചുതാനാണ് മൂത്തവന്‍. കാര്യംകൊണ്ടാവട്ടെ  അപ്പുവും. അച്ചുതനെ അച്ചൂ എന്നേ ആരും വിളിക്കൂ. അവന്‍ മെലിഞ്ഞ് നൂലുപോലെയാണ്. അതുകൊണ്ട് കൂട്ടുകാര്‍ അവനെ നൂലനച്ചൂ എന്നു വിളിക്കും. അപ്പുക്കുട്ടന്‍ തടിച്ചുരണ്ടിട്ടാണ്. ഉണ്ടച്ചക്കപോലുള്ള അവനെ ഒരു ദിവസം മുത്തശ്ശി വിളിച്ചൂ
ഉണ്ടനപ്പുവേ…

അന്നുമുതല്‍ അവന്‍ ഉണ്ടvപ്പുവായി, അവന്‍ വേണം എല്ലാറ്റിനും മുന്നില്‍ നടക്കുവാന്‍. ഉണ്ടനപ്പുവിന്റെ നിഴലുപറ്റി ഏട്ടന്‍ നൂലനച്ചു നടക്കും. അതുകൊണ്ട് ആളുകള്‍ മനസ്സുകൊണ്ട് അപ്പുവിനെ ഏട്ടനും അച്ചുവിനെ അനിയനും ആയി കരുതിപ്പോന്നു.

ചിലനേരങ്ങളില്‍ മൂത്തവന്‍ താനല്ലേ എന്ന് അപ്പുവിനും തോന്നാതിരുന്നില്ല. അങ്ങനെ തോന്നുമ്പോള്‍ അവന്‍ അമ്മയുടെ അടുത്തുചെല്ലും

അമ്മേ ഏട്ടനോ മൂത്തത് ഞാനോ മൂത്തത്…?

ഏട്ടന്‍ അമ്മ പറയും.
എങ്കിപ്പിന്നെന്താ ഏട്ടന്‍ നൂലുപോലെ. ഞാന്‍ കതിനക്കുറ്റിപോലെ…..??

കളിക്കാനും കുളിക്കനുഉണ്ണാനും ഉറങ്ങാനും കുസൃതിയൊപ്പിക്കാനും എല്ലാം ഉണ്ടനും നൂലനും ഒപ്പമുണ്ടാകും. അവരുടെ കുറുമ്പുകളെക്കുറിച്ചുകേട്ടാല്‍ ആരും ചുരിച്ചുപോകും. അച്ചുഎന്ന നൂലനച്ചുവിന്റെയും അപ്പു എന്ന ഉണ്ടനപ്പുവിന്റെയും സ്‌നേഹത്തിന്റെയും കുസൃതിയുടെയും രസകരമായ കഥപറയുന്ന പുസ്തകമാണ് ഉണ്ടനും നൂലനും.

കൊച്ചുകൂട്ടുകാര്‍ക്ക് കഥകള്‍കേട്ടുവളരാനും തനിയെ വായിച്ചുപഠിക്കാനും രസിക്കാനും വേണ്ടി വീരാന്‍കുട്ടിയാണ് ഈ കഥപുസ്തകം തയ്യാറാക്കിയത്. ഡി സി ബുക്‌സ് മുദ്രണമായ മാമ്പഴം ഇപ്രിന്റാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പി ജി ബാലകൃഷ്ണന്‍ വരച്ച മനോഹരചിത്രങ്ങളും കഥയുടെ ആസ്വാദനം കൂട്ടുമെന്നുറപ്പാണ്.