നമ്മുടെ നാടൻ കറികൾ മുതൽ ഇന്ത്യൻ , ഇറ്റാലിയൻ മെക്സിക്കൻ വിഭവങ്ങളുടെ സമൃദ്ധിയുമായി ലഞ്ച് ബോക്സ് വിഭവങ്ങൾ

luch-box

മനുഷ്യന്റെ വിശപ്പാണ് ഭക്ഷണത്തിന്റെ രുചി എന്ന് പൊതുവെ പറയാറുണ്ടെങ്കിലും പുതുപുത്തൻ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ നാവുകൾക്ക് എപ്പോഴും ഇമ്പം തന്നെയാണ്. മാറി വരുന്ന ജീവിത ശൈലികളും തിരക്കു പിടിച്ച ജീവിതവും പാവം നാവിന്റെ ടേസ്റ്റ് ബഡ്സിനെ മനസിലാക്കുന്നേയില്ല ….ഭക്ഷണങ്ങളെ കുറിച്ച് ചോദിച്ചാൽ പലർക്കും പലതാവും പറയാൻ ഉണ്ടാവുക.. ചിലർക്ക് ഭക്ഷണം ഉണ്ടാക്കാൻ നേരമില്ല , ചിലർക്ക് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ നേരമില്ല , ചിലർക്ക് നല്ല ഭക്ഷണം ഉണ്ടാക്കാൻ അറിയില്ല അങ്ങനെ പോകും പരിവേദനങ്ങൾ. എന്നാലും , എന്തൊക്കെയായാലും നാവിൽ വെള്ളമൂറുന്ന സ്വാദേറിയ വിഭവങ്ങൾ നിറഞ്ഞ ഒരു ലഞ്ച് ബോക്സ് വീട്ടിലായാലും സ്കൂളിലായാലും ഓഫീസിലായാലും കിട്ടിയാൽ വിടില്ലെന്ന കാര്യം ഉറപ്പാണേ….

ഫാസ്റ് ഫുഡിലേക്ക് കണ്ണും നട്ടിരിക്കുന്ന നമ്മുടെ പുത്തൻ തലമുറയുടെ ആരോഗ്യം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. കഴിവതും വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ തന്നെ അവർക്ക് കൊടുക്കുക. അതിന് നിരവധി പാചക പുസ്തകങ്ങളും രുചക്കൂട്ടുകളും ഇന്ന് വിപണിയിൽ സുലഭമാണ്. മായാ അഖിലിന്റെ ലഞ്ച് ബോക്സ് വിഭവങ്ങൾ എന്ന പുസ്തകവും അമ്മമാർക്ക് ഏറെ ഉപകാരപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്നതും വിപണിയിൽ  സുലഭമായി ലഭ്യമാകുന്നതുമായ ചേരുവകൾ കൊണ്ടുണ്ടാക്കാവുന്ന രുചിക്കൂട്ടുകളാണ് ലഞ്ച് ബോക്സ് വിഭവങ്ങൾ എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഐ ഐ ടി കാൺപൂരിൽ പ്രൊജക്റ്റ് അസ്സോസിയേറ്റ് ആയിരുന്ന മായാ അഖിലിന്റെ www.yummyoyummy.com എന്ന ബ്ലോഗ് 57 ലക്ഷത്തോളം സന്ദർശകരെ നേടിയെടുത്തിട്ടുണ്ട്.

lunchകുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പോഷക സമ്പുഷ്ടമായ പാചകകുറിപ്പുകളുടെ ഒരു കലവറയാണ് ലഞ്ച് ബോക്സ് വിഭവങ്ങൾ എന്ന പുസ്തകം. നമ്മുടെ തനി നാടൻ ഭക്ഷണമായ ചോറും കൂട്ടാനും ശ്രേണിയിലെ വെജിറ്റേറിയൻ കറികളായ , മോരുകറി , പാവയ്ക്കാ കിച്ചടി , പരിപ്പും ചീരയും , ചേനക്കൂട്ടാൻ ,പച്ചമാങ്ങ ചമ്മന്തി , മുളക് ചുട്ട ചമ്മന്തി , തക്കാളി രസം … ഹോ ….. വായിൽ വെള്ളമൂറി …. ഇനി മീനും ഇറച്ചിയും ഒക്കെ കഴിക്കുന്നവർക്കാണെങ്കിൽ കൊഞ്ചും മാങ്ങയും , കോട്ടയം സ്റ്റൈൽ മീൻ കറിയും , വറുത്തരച്ച മീൻകറിയും , കക്ക ഇറച്ചി ഫ്രൈയും , നാടൻ കോഴിക്കാൽ ഫ്രൈയും ….. നാവിന്റെ രസമുകുളങ്ങളെ പുളകം കൊള്ളിക്കുന്ന  കേരളീയ പാചകപെരുമ വിളിച്ചറിയിക്കുന്ന നൂറു കണക്കിന് പാചക കുറിപ്പുകളാണ്  ലഞ്ച് ബോക്സ് വിഭവങ്ങളിൽ.  പുസ്തകത്തിന്റെ രണ്ടാമത്തെ പതിപ്പാണ് ഡി സി ബുക്സ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

വീട്ടമ്മമാർക്ക്‌ കുറച്ചു സമയം ചിലവഴിച്ച് തയ്യാറാക്കാവുന്ന ഇന്ത്യൻ , ഇറ്റാലിയൻ ,മെക്സിക്കൻ വിഭവങ്ങളുടെ പാചകരീതിയും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നൂഡിൽസ് , വിവിധ തരം പാസ്ത , പുലാവ് , ബിരിയാണി , ചമ്മന്തിപ്പൊടി , വിവിധതരം അച്ചാറുകൾ , വെജ് – നോൺ വെജ് ചപ്പാത്തി കറികൾ എല്ലാം വളരെ വിശദമായിത്തന്നെ ലഞ്ച് ബോക്സ് വിഭവങ്ങളിൽ പറഞ്ഞു തരുന്നുണ്ട്.

രുചികരമായ ഭക്ഷണങ്ങൾ ഓരോ കുടുംബത്തിന്റെയും സ്നേഹവും വാത്സല്യവും , ആത്മവിശ്വാസവും ഊട്ടിയുറപ്പിക്കും. രുചികരമായ ഭക്ഷണത്തിലൂടെ മാത്രമേ കുടുംബത്തിന്റെ ദൃഢത നിലനിർത്താൻ സാധിക്കുകയുള്ളൂ. രുചിയുള്ള ഭക്ഷണവും ആരോഗ്യമുള്ള പുതു തലമുറയും ഒരു സമൂഹത്തിന്റെ കരുത്താണ്. നമ്മുടെ കുഞ്ഞുങ്ങൾ വളരട്ടെ …..സ്നേഹത്തോടെ , ആരോഗ്യത്തോടെ , ആത്മവിശ്വാസത്തോടെ …