DCBOOKS
Malayalam News Literature Website

‘ഉള്ളനക്കങ്ങള്‍’ ബിജു കാഞ്ഞങ്ങാടിന്റെ പ്രണയകവിതകള്‍

മൗനത്തോട് അടുത്തുനില്‍ക്കുന്ന ആമന്ദ്രണമോ ആത്മാവിന്റെ അഗാധതയില്‍ ഉറവപൊട്ടുന്ന മൃദുമര്‍മരമോ ആണ് ബിജു കാഞ്ഞങ്ങാടിന്റെ കവിതകള്‍. ഹൈക്കുകവിതകള്‍ എന്നു തോന്നിപ്പിക്കുന്ന എന്നാല്‍ അവയോട് അടുത്തുമാത്രം നില്‍ക്കുന്ന കവിതകളാണ് അദ്ദേഹത്തിന്റേത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ബിജു കാഞ്ഞങ്ങാട് എഴുതിയ നൂറില്‍പ്പരം പ്രണയകവിതകളുടെ സമാഹാരമാണ് ഉള്ളനക്കങ്ങള്‍ പ്രണയകവികള്‍.

ബിജു കാഞ്ഞങ്ങാടിന്റെ കവിതകളെക്കുറിച്ച് സജയ് കെ.വി. എഴുതിയ കുറിപ്പ് വായിക്കാം;

ദൈവത്തിലേയ്ക്കു പ്രതിധ്വനിക്കുന്ന ശരീരം

പ്രണയത്തിന് വെണ്ണക്കല്ലില്‍ തീര്‍ത്ത സ്മൃതി ശില്പം മാത്രമല്ല, ശിലയില്‍ കൊത്തിവച്ച രതിശില്പങ്ങളും ആവശ്യമുണ്ട്. ഉടലിന്റ അഭാവമെന്നപോലെ അതിന്റ സ്വഭാവവുമാണ് പ്രണയം.
‘കണ്ടതില്ലവര്‍ പരസ്പരം മരംകൊണ്ടു നേര്‍വഴി മറഞ്ഞിരിക്കയാല്‍
രണ്ടുപേരുമകതാരിലാര്‍ന്നിതുല്‍ക്കണ്ഠ കാണ്‍ക ഹ!ഹ! ബന്ധവൈഭവം!… എന്ന് ഉടലിനെ മായ്ച്ചുകളഞ്ഞ് പകരം അവിടെ പ്രണയത്തിന്റെ മായികമായ മഴവില്ലു നിര്‍മ്മിച്ചു വെച്ചു കുമാരനാശാന്‍. ചുംബനം വടുകെട്ടിയ ഹൃദയങ്ങളും നഗ്നതയുടെ തെളിമിന്നലേറ്റ് പൊള്ളിപ്പിളര്‍ന്ന ശരീരങ്ങളും കൂടി, ചേര്‍ന്നാണ് പ്രണയമെന്ന് ആശാനും അറിയാത്തതല്ല. ‘അരുളും ഭ്രമ, മൊന്നു കാണുകില്‍ നിന്‍/തിരുമെയ്, സുന്ദരി! നാരിമാര്‍ക്കുമേ’ എന്ന് തോഴിയെക്കൊണ്ട് നായികയുടെ ശരീരലാവണ്യത്തെ പ്രശംസിപ്പിച്ചതും അതേ മഹാകവി. മലയാളിക്ക് ഒരു പ്രണയഭാവനാ പൈതൃകമുണ്ടെങ്കില്‍ അതു തുടങ്ങുന്നത് കുമാരനാശാനിലാണ് എന്നതുകൊണ്ടാണ് ഈ കുറിപ്പിന്റെ തുടക്കവും ആശാനിലായത്; ആശാനുശേഷം ഒരു നൂറ്റാണ്ടു പിന്നിടുമ്പോള്‍ നമ്മുടെ ഭാഷയില്‍ ആവിര്‍ഭവിക്കുന്ന പ്രണയാവിഷ്‌ക്കാരങ്ങള്‍ക്കു പോലും അതൊരു അനിവാര്യ പശ്ചാത്തലമാണ് എന്നതിനാലും.

‘ഉള്ളടക്കങ്ങള്‍/ഉള്ളനക്കങ്ങള്‍‘ എന്ന് ബിജു കാഞ്ഞങ്ങാട് തന്റെ പ്രണയാവിഷ്‌ക്കാരങ്ങള്‍ക്ക് പേരിടുന്നു. ഉള്ളിന്റെ അടക്കത്തില്‍ നിന്ന് അനക്കത്തിലേയ്ക്കുള്ള മൃദുവും സൂക്ഷ്മവുമായ ദോലനമാണ് പ്രണയം എന്ന് പ്രണയികള്‍ക്കറിയാം; പ്രണയിയില്‍ കാമിയും സംയമിയും സഹവസിക്കുന്നു എന്നും. അവള്‍ക്കു വേണ്ടി ഉടന്‍ തന്നെ ഉരിഞ്ഞുകളയാനും (‘മാംസകഞ്ചുകം’ എന്ന് കുമാരനാശാന്‍) ഒരുക്കമാണവന്‍. അവനു നല്‍കുന്നതില്‍ വെച്ചേറ്റവും മികച്ച ഉപഹാരം തന്റെ ഉടലാെണന്ന് അവള്‍ക്കുമറിയാം. അതിനാല്‍ ഉള്ളിനും ഉടലിനുമിടയിലെ അഗാധമായ ഏകാന്തതയുടെ മറുപേരാകുന്നു ‘പ്രണയം’ എന്നത്. പ്രണയിയെപ്പോലെ ഒരേകാകി ഭൂമിയില്‍ വേറെയില്ല. ‘ഇന്നുമുഴുവന്‍ ഞാനേകനായാ/കുന്നിന്‍ ചെരിവിലിരുന്നു പാടും!’ എന്നത് അവന്റെ അസ്തിത്വത്തിന്റെ നിര്‍വ്വചനം. ഓര്‍മ്മകളാണ് അവന്റെ (അവളുടെയും) ഭക്ഷണം. അസാന്നിധ്യത്തെ സാന്നിധ്യമാക്കി മാറ്റുന്ന ധ്യാനത്തിന്റെ കല അഭ്യസിക്കുകയാണവര്‍. ‘പ്രേയസീ/ ഒന്ന് അപ്രത്യക്ഷയാകൂ/ നീയും എന്റെ ഭാഗമായിരിക്കുന്നല്ലോ’ എന്ന് ‘പ്രബുദ്ധന്‍’ എന്ന കവിതയില്‍ ബിജു എഴുതുന്നു; നിന്നെയെനിക്ക് ഉപേക്ഷിക്കാനാവും/ സൂക്ഷ്മമായ ഈ ആനന്ദം ഒരു സാഹസികനു മാത്രം’ (പ്രണയസാഹസം) എന്നും. ‘നീ മായുമ്പോഴൊക്കെ/എന്റെ കവിതയില്‍/പരിമളം നിറയുന്നു’ എന്ന് ‘അഭാവം’ എന്ന കവിതയില്‍. അഭാവത്തിന്റെ പരിമളമാണ് പ്രണയകവിതയില്‍ സുഗന്ധം നിറയ്ക്കുന്നതെന്ന് ബിജുവിനറിയാം. അതുകൊണ്ട് ശരീരത്തിന്റെ ആധികളും ആനന്ദങ്ങളും കവിതയ്ക്കും പ്രണയത്തിനും അന്യമാകുന്നില്ല എന്നും ‘എത്ര മണത്തിട്ടുംനിന്നെ സ്വന്തമാക്കാന്‍ എനിക്കാവുന്നില്ലല്ലോ’ (ഗന്ധമാദന). മനസ്സിന്റെ കമ്പനങ്ങളോളം തന്നെ പ്രധാനമാണ് പ്രണയാവിഷ്ടമായ ശരീരത്തിന്റെ തൃഷ്ണാഭരിതമായ ജ്വലനവും.

‘വാക്കുകളില്ലെങ്കിലും
നമ്മളേതു നേരവും
മിണ്ടിക്കൊണ്ടിരുന്നു.’ (ശരീരം).

അവന്‍ അവളെക്കുറിച്ചെഴുതിയവ മാത്രമല്ല, അവള്‍ അവനില്‍ നിന്നറിഞ്ഞവയുടേയും രേഖകളാകുന്നു ഈ കവിതകള്‍. ‘ഈ വിരലുകളോ/എന്റെ കുന്നുകളെ/ഇടിച്ചു പരത്തിയത്! (ബുള്‍ഡോസര്‍) എന്ന് അനഘമായ നിര്‍ലജ്ജയോടെ അവള്‍ക്ക് ചോദിക്കാനാവുന്നതും ‘എന്നെ ചുംബിച്ചതിന്റെ/ ഊഷ്മളതയില്‍/ വിരിഞ്ഞതാവുമോ?’ എന്ന് പൂവിനെ നോക്കി അവള്‍ വിസ്മയിക്കുന്നതും അവനെന്ന പോലെ അവള്‍ക്കും തുല്യമായ ഇടം വീതിച്ചു നല്‍കിയ ഉദ്യാനമായി ഈ കവി പ്രണയത്തെ നിര്‍വ്വചിക്കുന്നതിനാല്‍. അശരീരികളുടെ എന്നപോലെ ശരീരികളുടെയും ഉദ്യാനമാണത്. ‘എന്റെ ശരീരത്തെ/അട്ടിമറിച്ചേക്കുമോ എന്ന് ഭയന്നോ/നീ നിന്റെ കാലുകളെ/ഒഴിച്ചു മാറ്റുന്നത്?’ (കിടപ്പറയില്‍). ‘വളര്‍ച്ച മാത്രമല്ല/ ദൈവമായിത്തീരുകയും വേണം/എന്റെ ലിംഗമേ…’ എന്നതു പോലൊരു പ്രാര്‍ത്ഥന, ശരീരം ദേവാലയമായിത്തീര്‍ന്നവനില്‍ നിന്നു മാത്രം ഉയരുന്നത്!

‘പ്രണയം ആത്മീയാനുഭവമെന്ന്/നിന്റെ ശരീരം/ആവര്‍ത്തിച്ചു പറയുന്നു’ എന്ന സാക്ഷ്യവും അവനു മാത്രം സാധ്യമായത്. ‘പകല്‍ മുഴുവന്‍/അടക്കിവെച്ച ശരീരത്തെ/ രാത്രി അഴിച്ചിടുന്നു/ഭ്രാന്തന്‍’ എന്ന പോലെയും ‘മൂര്‍ച്ഛയുടെ / തീവ്രക്ഷോഭത്തിനൊടുവില്‍ / നീയെന്നെ ഇല്ലാതാക്കി’ (മജീഷ്യ) എന്ന പോലെയും അഴിയുന്ന ശരീരത്തിന്റെ അഴകിനോടുള്ള കൃതാര്‍ത്ഥത നിറഞ്ഞ കൃതജ്ഞതാ പ്രകാശനം കൂടിയാകുന്നു ഈ കവിതകള്‍. ‘സ്വപ്നത്തില്‍/നീ വീണ്ടും വഞ്ചിച്ചു/ഞാന്‍ സ്ഖലിച്ചു’ എന്നതിലും ചരിതാര്‍ത്ഥനാണയാള്‍. കാരണം, നിന്റെ ശരീരം/ദൈവത്തി ലേയ്ക്കുള്ള പ്രതിധ്വനി’ എന്നതാണല്ലോ അയാള്‍ക്കു കൈവന്നതില്‍ വച്ചേറ്റവും വലിയ അറിവ്!

കവിക്കും കമിതാവിനും മാത്രം ഗോചരമാകുന്നചില അദൃശ്യഭംഗികളുണ്ട് പ്രണയത്തില്‍. വിരഹിയുടെ നെഞ്ചിനേ/ഈ കവിത/കാണാനാവൂ’ എന്ന് അവളുടെ അഴിഞ്ഞ മുടിയേയും ‘ജന്മാന്തരശീലം/ വെറുതെയുള്ള ഈ നോട്ടം പോലും’ എന്ന് അവളുടെ നോട്ടത്തിന്റെ അഗാധതയെയും അയാള്‍ വാങ്മയപ്പെടുത്തുന്നു. ‘നിന്നില്‍ പ്രകാശം വീഴുമ്പോളുള്ള/ദൃശ്യപ്രസക്തിയില്‍/ബാക്കിയെല്ലാം വിസ്മരിക്കുന്നു’ എന്നെഴുതി, പ്രണയിയായ ‘ഇംപ്രഷനിസ്റ്റാ’വുന്നുമുണ്ട് അയാള്‍. ‘അപ്പോള്‍ അതൊരു/ സ്വപ്നമായിരുന്നില്ല’ എന്നതായിത്തീരുന്നു അപ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ ഏറ്റവും മികച്ച നിര്‍വ്വചനം. ‘ആഴത്തിലുള്ള സ്വസ്ഥ്യമേ അസ്യാസ്ഥ്യമേ….’ എന്നത് സാധ്യമായ ഒരേയൊരു പ്രണയനിര്‍വ്വചനവും.
‘വാക്കിന്റെ മുനയെങ്ങാനേശിയാല്‍ പിഞ്ഞിപ്പോകു’ന്ന മുഗ്ധകളെയാണ് താന്‍ ആവിഷ്‌ക്കരിക്കുന്നതെന്ന വാഗ്‌വിവേകം ബിജുവിനുണ്ട്. അതിനാല്‍ വാക്കും മൗനവും ചേര്‍ത്തു നെയ്ത ലുബ്ധവും കണിശവുമായ ആവിഷ്‌ക്കാരങ്ങളാകുന്നു ഈ കവിതകള്‍.

ഹൈക്കുവിന്റെ അസാമാന്യമായ രൂപത്തികവും രൂപച്ചുരുക്കവും അവകാശപ്പെടാത്തപ്പോഴും അതിനോടടുത്തു നില്‍ക്കുന്നു ഇവ. ശീര്‍ഷകമില്ലാത്ത ശുദ്ധനിര്‍മ്മല ധ്യാനങ്ങളാണ് ഹൈക്കു കവിതകള്‍. ഈ കവിതകളില്‍ പലതും ശീര്‍ഷകത്തെക്കൂടി ഒരനിവാര്യാംശമെന്ന നിലയില്‍ കവിതയില്‍ തുന്നിച്ചേര്‍ക്കുന്നവയും അങ്ങനെ സ്വയം പൂര്‍ത്തീകരിക്കുന്നവയും. കവിതയെ ഒരു കടങ്കഥയുടെ വേഷം കെട്ടിച്ചിട്ട് ശീര്‍ഷകത്തില്‍ അതിന്റെ ഉത്തരം തിരുകിവയ്ക്കുന്ന നടപ്പുകൗശലമല്ല അത്. കവിത മൗനത്തോടടുത്തു നില്‍ക്കുന്ന ആമന്ത്രണമോ ആത്മാവിന്റെ അഗാധതയില്‍ ഉറവപൊട്ടുന്ന മൃദുമര്‍മ്മരമോ ആകുമ്പോള്‍ അതിനു പൂരിപ്പിക്കാന്‍ ശീര്‍ഷകവ്യംഗ്യം കൂടാതെവയ്യ എന്ന നില വന്നു ചേരുന്നു. ‘മജീഷ്യ’, ‘ഗന്ധമാദന’, ‘ശരീരം’, ‘ഭ്രമരം’, ‘ഇംപ്രഷനിസ്റ്റ്’ ‘പൂ’ തുടങ്ങി ഒട്ടു വളരെ കവിതകള്‍ ഈ ഗണത്തില്‍പ്പെടുന്നവയാണ്. അല്ലാത്തപ്പോള്‍ ശീര്‍ഷകം എന്ന പേപ്പര്‍വെയ്റ്റുപോലും താങ്ങാത്ത, ‘നാമദൂഷണ’മേല്‍ക്കാത്ത ഉള്ളനക്കങ്ങളാവുന്നു അവ. പ്രണയത്തിന്റെ ആത്മീയതയെ ആരായുന്ന കവിതകളാണിവ. ആത്മീയതയെ പ്രണയത്തിലേയ്ക്ക് ഭാഷാന്തരപ്പെടുത്തുന്ന കവിതകള്‍ എന്നും പറയാം. ആവിഷ്‌ക്കാരത്തിന് ഒന്നിലധികം മാധ്യമങ്ങള്‍ കയ്യിരിപ്പുള്ള കവിയാണ് ബിജു കാഞ്ഞങ്ങാട്. ‘ചിത്രങ്ങളുടെ മൗന’മാണ് (Silence of paintings) സംഗീതം എന്ന് റില്‍കെ. അത് പ്രണയവും ആകാമെന്ന് ‘ഉള്ളനക്ക’ങ്ങളുടെ കവി…!

Comments are closed.