DCBOOKS
Malayalam News Literature Website

നര്‍ത്തകിമാര്‍ക്ക് ആവശ്യമായ വേദികള്‍ കേരളത്തിലില്ല: രാജശ്രീ വാരിയര്‍

തമിഴ് നാടിനെ അപേക്ഷിച്ച് നര്‍ത്തകിമാര്‍ക്കാവശ്യമായ വേദികള്‍ കേരളത്തിലില്ലെന്ന് പ്രശസ്ത നര്‍ത്തകിയായ രാജശ്രീ വാരിയര്‍. കേരളത്തിലെ വേദികളും തമിഴ് നാട്ടിലെ വേദികളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച് സിനിമാ സംവിധയകയും കവിയിത്രിയും കഥാകൃത്തുമായ ശ്രുതി നമ്പൂതിരിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞു കൊണ്ടാണ് രാജശ്രീ വേദികളെ കുറിച്ച് പരാമര്‍ശിച്ചത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അക്ഷരവേദിയില്‍ ഉടലും ചുവടും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

ഭരതനാട്യത്തിലെ നിലവിലുള്ള പരമ്പരാഗതമായ രീതികളെ വിമര്‍ശിച്ച രാജശ്രീ വാര്യര്‍, മുമ്പുള്ള ഭരതനാട്യം ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നു എന്നും ഇന്നത്തേത് സവര്‍ണവല്‍ക്കരിക്കപ്പെട്ടവരുടെ ഭരതനാട്യം ആണെന്നും അഭിപ്രായപ്പെട്ടു. നര്‍ത്തകിയുടെ ചടുലതയോടെ കാര്യങ്ങള്‍ വിവരിച്ച അവര്‍ കാണികളില്‍ ആവേശമുണ്ടാക്കി. ഭരതനാട്യത്തിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് വാചാലയായ അവര്‍ ഇതുപോലെ നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്ന സ്ത്രീകളെ കാണാനാണ് തനിക്ക് താല്‍പര്യമെന്നും പറഞ്ഞു. തന്റെ ശിഖണ്ഡി എന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ അനുഭവിച്ച വെല്ലുവിളികള്‍ കാണികളുടെ ഹര്‍ഷാരവത്തിന് അവരെ അര്‍ഹയാക്കി. ഏതൊരു നൃത്തരൂപത്തിലും എന്നപോലെ ഭരതനാട്യത്തില്‍ ശരീരം പ്രധാനപ്പെട്ടതാണെന്നും എന്നാല്‍ ആരും അതിനേക്കാള്‍ പ്രാധാന്യമുള്ള മുഖത്തെക്കുറിച്ച് സംസാരിക്കാറില്ല എന്നും അവര്‍ പറഞ്ഞു.

യുവജനോത്സവങ്ങളില്‍ അല്പം കറുത്തനിറമുള്ളവരെ മാറ്റിനിര്‍ത്തുന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞ കാണികളോട് ഇതിനെ മില്‍മ പായ്ക്കറ്റുമായാണ് ഉപമിച്ചത്. ഇത് ഓരോ വ്യക്തിയുടെയും കാഴ്ചപ്പാടാണ് എന്നും എന്നാല്‍ അങ്ങനെയൊന്ന് ഇല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Comments are closed.