പോള്‍ കലാനിധിയും സിദ്ധാര്‍ഥ് മുഖര്‍ജിയും വെല്‍ക്കം ബുക്ക് പ്രൈസ് -2017 ന്റെ ഷോര്‍ട് ലിസ്റ്റില്‍

prizeപോള്‍ കലാനിധിയുടെ വെന്‍ ബ്രെത് ബികംസ് എയര്‍ ( പ്രാണന്‍ വായുവിലലിയുമ്പോള്‍) എന്ന ലോകപ്രസ്ത പുസ്തകം വെല്‍ക്കം ബുക്ക് പ്രൈസ് -2017 ഷോര്‍ട്‌ലിസ്റ്റില്‍ ഇടംനേടി. പോള്‍ കലാനിധിയെ കൂടാതെ ഇന്‍ഡോ അമേരിക്കന്‍ എഴുത്തുകാരായ സിദ്ധാര്‍ഥ് മൂഖര്‍ജിയും പുരസ്‌കാരപ്പട്ടികയിലുണ്ട്. സിദ്ധാര്‍ത്തിന്റെ ‘ദി ജീന്‍ ആന്‍ ഇന്റിമേറ്റ് ഹിസ്റ്ററി’ എന്ന പുസ്തകമാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

വെല്‍കം ട്രസ്റ്റ് നല്‍കുന്ന ബ്രിട്ടീഷ് സാഹിത്യ പുരസ്‌കാരമാണ് വെല്‍ക്കം ബുക്ക് പ്രൈസ്. 30000 പോണ്ടാണ് (24,10160 രൂപ) പുരസ്‌കാരമായി നല്‍കുക. ആരോഗ്യം ഔഷധം എന്നിവ വ്യതസ്തമായി കൈകാര്യം ചെയ്യുന്ന കൃതികള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കാറുള്ളത്.

വെല്‍ക്കം ബുക്ക് പ്രൈസ് പട്ടികയിലുള്ള രണ്ട് ഇന്ത്യന്‍ എഴുത്തുകാണ് പോള്‍ കലാനിധിയും സിദ്ധാര്‍ഥ് മുഖര്‍ജിയും. ഏപ്രില്‍ 24ന് വെല്‍ക്കം കളക്ഷനില്‍ നടക്കുന്ന ചടങ്ങില്‍ വിജയിയെ പ്രഖ്യാപിക്കും.

പോള്‍ കലാനിധി തന്നെ ബാധിച്ച ശ്വാസകോശാര്‍ബുദത്തെക്കുറിച്ചും അതില്‍നിന്നും രക്ഷപ്പെടാനായി നടത്തിയ ജീവന്‍മരണപോരാട്ടവും ജീവിക്കാനുള്ള ആഗ്രഹവും പങ്കുവയ്ക്കുന്ന ജീവിതത്തിന്റെ പുസ്തകം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന പുസ്തകമാണ് പോള്‍ കലാനിധിയുടെ വെന്‍ ബ്രെത് ബികംസ് എയര്‍. ഈ പുസ്തകം പ്രാണന്‍ വായുവിലലിയുമ്പോള്‍ എന്ന പേരില്‍ ഡി സി ബുക്‌സ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം എല്ലായിടത്തും ബെസ്റ്റ്‌സെല്ലറാണ്.

ജനിതകസാഹിത്യത്തില്‍ 2016ല്‍ പ്രസിദ്ധീകരിക്കപ്പെട്ടവയില്‍ ഏറ്റവും ശ്രദ്ധേയമായത് സിദ്ധാര്‍ഥ മുഖര്‍ജിയുടെ ദി ജീന്‍ ആന്‍ ഇന്റിമേറ്റ് ഹിസ്റ്ററി (The Gene an Intimate History: Allen Lane, May2016) എന്ന പുസ്തകമാണ്. ന്യൂയോര്‍ക്ക് ടൈംസ് 2016ല്‍ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളില്‍ ബെസ്റ്റ് സെല്ലറായി തെരഞ്ഞെടുത്തിട്ടുള്ളതും ദി ജീന്‍ ആണ്.

ജീവജാലങ്ങളുടെ വംശപാരമ്പര്യത്തെപ്പറ്റി പുരാതനകാലംമുതല്‍ ആധുനികകാലംവരെ നടന്ന അന്വേഷണങ്ങളുടെ ചരിത്രമാണ് ദി ജീനില്‍ അനാവരണം ചെയ്യുന്നത്. തന്റെ ബന്ധത്തിലുള്ള ജനിതകരോഗം ബാധിച്ച ഒരു തായ്വഴിയിലെ അംഗങ്ങളുടെ അനുഭവങ്ങള്‍ ആമുഖമായി പറഞ്ഞുകൊണ്ടാണ് മുഖര്‍ജി പുസ്തകം ആരംഭിക്കുന്നത്. മനുഷ്യവംശത്തിന്റെ സ്വഭാവങ്ങള്‍ തലമുറകളിലേക്ക് കൈമാറ്റംചെയ്യപ്പെടുന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നതിനായി മാല്‍ത്തൂസ്, മെന്‍ഡല്‍, ഡാര്‍വിന്‍ എന്നിവര്‍ നടത്തിയ അപക്വവും അപൂര്‍ണവുമായ ശ്രമങ്ങള്‍ മുഖര്‍ജി വിവരിക്കുന്നു. ഡിഎന്‍എയുടെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് ജയിംസ് വാട്‌സന്‍, ഫ്രാന്‍സിസ് ക്രിക്, മോറിസ് വില്‍ക്കിന്‍സണ്‍, റോസലന്റ് ഫ്രാങ്ക്‌ളിന്‍ എന്നിവര്‍ നടത്തിയ പരീക്ഷണങ്ങളും ഇവരുടെ വ്യക്തിബന്ധങ്ങളിലുണ്ടായിരുന്ന ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം അതീവ ഹൃദ്യമായാണ് മുഖര്‍ജി രേഖപ്പെടുത്തിയിട്ടുള്ളത്.