DCBOOKS
Malayalam News Literature Website

തൃപ്തി ദേശായിയെ തടഞ്ഞ 250ഓളം പേര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. സമരങ്ങള്‍ നിരോധിച്ച മേഖലയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതിനാണ് കേസ്.

ശബരിമല സന്ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തൃപ്തി ദേശായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ നൂറുകണക്കിന് ആളുകള്‍ വിമാനത്താവളത്തിനു പുറത്ത് പ്രതിഷേധവുമായി എത്തിയതോടെ തൃപ്തി ദേശായിയ്ക്കും ഒപ്പമുള്ളവര്‍ക്കും പുറത്തുകടക്കാന്‍ സാധിക്കാതായി. കോട്ടയത്തേക്കു പോകുന്നതിനായി ടാക്‌സിയോ മറ്റു വാഹനങ്ങളോ ലഭ്യമാകാത്തതിനാല്‍ വിമാനത്താവളത്തില്‍ തങ്ങുകയാണ് തൃപ്തി ദേശായിയും സംഘവും.

വാഹനവും താമസസൗകര്യവും സ്വന്തമായി ഏര്‍പ്പാടാക്കിയാല്‍ സംരക്ഷണം ഒരുക്കാമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ആലോചിച്ച ശേഷം മറുപടി നല്‍കാമെന്ന് തൃപ്തി പൊലീസിനോടു പറഞ്ഞു. തൃപ്തിയെ ഇപ്പോള്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തിറക്കാന്‍ മാര്‍ഗ്ഗമില്ലെന്ന് പൊലീസ് പറയുന്നു.

അതേസമയം വിമാനത്താവളത്തിനു മുന്നില്‍ നടക്കുന്ന പ്രതിഷേധം സിയാലിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി സിയാല്‍ എം.ഡി പൊലീസിനെ അറിയിച്ചു. ആദ്യഘട്ടത്തില്‍ തൃപ്തി ദേശായിയുമായി ആലുവ തഹസില്‍ദാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.ശബരിമല സന്ദര്‍ശനത്തിനു ശേഷമേ മടങ്ങൂ എന്ന നിലപാടില്‍ മാറ്റം വരുത്താന്‍ അവര്‍ തയ്യാറായിട്ടില്ല.

Comments are closed.