റഷ്യന്‍ വിപ്ലവത്തിന്റെ പ്രധാനികളില്‍ ഒരാളായ ലിയോണ്‍ ട്രോട്‌സ്‌കിയുടെ ജീവചരിത്രം

trotsky

റോബര്‍ട്ട് സര്‍വീസ് രചിച്ച ജീവചരിത്ര പരമ്പരയിലെ മൂന്നാമത്തെ പുസ്തകമാണ് ട്രോട്‌സ്‌കി – എ ബയോഗ്രഫി. ലെനിന്റെയും സ്റ്റാലിന്റെയും ജീവചരിത്രങ്ങളാണ് ഈ പരമ്പരയിലെ മറ്റു പുസ്തകങ്ങള്‍.

ലെനിന്‍, സ്റ്റാലിന്‍, ട്രോട്‌സ്‌കി – ഇവര്‍ മൂന്നു പേരും ഒരേ ചിന്താഗതിയുള്ളവരായിരുന്നു. ഇതില്‍ ട്രോട്‌സ്‌കിയെ മാത്രം ഒരു ദുരന്തനായകനാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. സത്യത്തില്‍ ട്രോട്‌സ്‌കിയും അധികാരം നേടിയെടുക്കുന്നതിനായിതന്നെയാണ് പോരാടിയതെന്നും ജനാധിപത്യപരമായ നയങ്ങള്‍ അദ്ദേഹത്തിനുമില്ലായിരുന്നെന്നും റോബര്‍ട്ട് സര്‍വീസ് അഭിപ്രായപ്പെടുന്നു.

ലെനിനെ അനുകൂലിക്കുകയും സ്റ്റാലിനെ എതിര്‍ക്കുകയും ചെയ്തപ്പോഴും ട്രോട്‌സ്‌കിയുടെ നയങ്ങള്‍ സ്റ്റാലിന്റെ നയങ്ങളോടു സാമ്യം പുലര്‍ത്തി. സ്റ്റാലിനെക്കാള്‍ മികച്ചു നില്‍ക്കാന്‍ ട്രോട്‌സ്‌കിക്ക് സാധിച്ചില്ല എന്നതാണ് അദ്ദേഹത്തിന്റെ പരാജയത്തിന്റെ കാരണം എന്നാണ് റോബര്‍ട്ട് സര്‍വീസ് അഭിപ്രായപ്പെടുന്നത്. അവസരത്തിനൊത്ത് പെരുമാറുക എന്നതിനപ്പുറം അനുയായികളെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ ട്രോട്‌സ്‌കി ശ്രമിച്ചിരുന്നില്ല. സ്വന്തം പാര്‍ട്ടിയുടെ പലതട്ടിലുള്ള അനുയായികളെ അദ്ദേഹം അകറ്റുകയും ചെയ്തു. വളരെ വേഗത്തില്‍ ശത്രുക്കളെ സൃഷ്ടിക്കുക എന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു.

റഷ്യയിലെ ആഭ്യന്തയുദ്ധകാലത്ത് നിഷ്ഠൂരത കാട്ടിയിരുന്നു എന്നത് ട്രോട്‌സ്‌കിയെ സംബന്ധിച്ചിടത്തോളം സത്യം തന്നെയായിരുന്നു. പക്ഷേ മുതലാളിത്ത രാജ്യങ്ങളിലെ ചെമ്പടയുടെ പോരാട്ട രീതി കണക്കിലെടുക്കുമ്പോള്‍ അത് എല്ലായിടത്തും ഒരുപോലെയായിരുന്നു എന്നതും സുപ്രധാനമായി കണക്കാക്കണം.

book2ഗാര്‍ഡിയനില്‍ ട്രോട്‌സ്‌കി – എ ബയോഗ്രഫി എന്ന കൃതിയെപ്പറ്റി വന്ന നിരൂപണത്തില്‍ താരിഖ് അലി അഭിപ്രായപ്പെടുന്ന ഒരു കാര്യം വളരെ ശ്രദ്ധേയമാണ്. ട്രോട്‌സ്‌കിയും സ്റ്റാലിനും തമ്മിലുള്ള പോരാട്ടത്തില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ സ്റ്റാലിനെ പിന്തുണച്ചു എന്നത് വളരെ പ്രസക്തമാണ്. പാശ്ചാത്യ രാജ്യങ്ങള്‍ ഒരിക്കലും ട്രോട്‌സ്‌കിക്ക് ഒരിക്കലും തന്റേതാ ഒരു നിലനിൽപ് സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല. കൊല്ലപ്പെട്ട് 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ട്രോട്‌സ്‌കിയുടെ വ്യക്തിത്വത്തെ ചരിത്രത്തില്‍നിന്നു മായ്ച്ചു കളയാനുള്ള ശ്രമമാണ് പാശ്ചത്യ ചരിത്രകാരന്മാരുടെ പക്ഷത്തുനിന്നും ഉണ്ടായിട്ടുള്ളത്. എന്നാല്‍ ചരിത്രത്തില്‍നിന്ന് ട്രോട്‌സ്‌കിയെ അപ്പാടെ മായ്ച്ചുകളയുക അസാധ്യമാണ്.

സോവിയറ്റ് യൂണിയന്‍ നിലവില്‍ വരുന്നതിനു സ്റ്റാലിനും ലെനിനുമൊപ്പം സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ട്രോട്‌സ്‌കി. റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടിയുടെ മെന്‍ഷെവിക് ഇന്റര്‍നാഷണലിസ്റ്റ് വിഭാഗത്തെയാണ് തുടക്കത്തില്‍ അദ്ദേഹം അനുകൂലിച്ചിരുന്നുന്നത്. പക്ഷേ 1917-ലെ ഒക്ടോബര്‍ വിപ്ലവത്തിനു തൊട്ടുമുമ്പ് ബോല്‍ഷെവിക് വിഭാഗത്തിലേക്ക് ട്രോട്‌സ്‌കി കൂറുമാറി. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആദ്യ പോളിറ്റ്ബ്യൂറോയിലെ അംഗമായിരുന്നു.

യുഎസ്എസ്ആറിന്റെ രൂപീകരണത്തിനു ശേഷം ട്രോട്‌സ്‌കി പീപ്പിള്‍സ് കമ്മിസാര്‍ ഫോര്‍ ഫോറിന്‍ അഫയേഴ്‌സ് എന്ന സ്ഥാനം വഹിച്ചു. പിന്നീട് പീപ്പിള്‍സ് കമ്മിസാര്‍ ഒഫ് മിലിട്ടറി ആന്റ് നേവല്‍ അഫയേഴ്‌സ് എന്ന പേരില്‍ രൂപികരിച്ച ചെമ്പടയുടെ സ്ഥാപക നേതാവായിരുന്നു അദ്ദേഹം. 1905-ലും 1917-ലും പെട്രൊഗ്രാഡ് സോവിയറ്റിന്റെ സാരഥ്യത്തില്‍ ട്രോട്‌സ്‌കി വഹിച്ച പങ്കും അവിസ്മരണീയമാണ്. 1918 മുതല്‍ 1923 വരെ നീണ്ടുനിന്ന റഷ്യന്‍ ആഭ്യന്തരയുദ്ധത്തില്‍ ബോല്‍ഷെവിക് വിഭാഗത്തെ വിജയത്തിലേക്ക് നയിക്കാനും അദ്ദേഹം സുപ്രധാന പങ്കു വഹിച്ചു. 1924-ല്‍ ലെനിന്റെ മരണശേഷം സ്റ്റാലിനുമായി അധികാരപോരാട്ടത്തിലേര്‍പ്പെട്ടു. പക്ഷേ ഇതില്‍ അദ്ദേഹം പരാജിതനായി. ഇതേത്തുടര്‍ന്ന് 1927 ഒക്ടോബറില്‍ ട്രോട്‌സ്‌കിയെ അധികാരത്തില്‍നിന്ന് പിന്തള്ളി. 1927 നവംബറില്‍ അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. 1929 ഫെബ്രുവരിയില്‍ സോവിയറ്റ് യൂണിയനില്‍നിന്നു നാടു കടത്തപ്പെട്ടതിനു ശേഷവും ട്രോട്‌സ്‌കി സ്റ്റാലിന്റെ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ വ്രാപൃതനായിരുന്നു. പതിനൊന്നു വര്‍ഷക്കാലം നീണ്ടുനിന്ന ഒളിവു ജീവിതത്തിനിടയില്‍ അദ്ദേഹം പല പുസ്തകങ്ങളും രചിച്ചു. 1940-ല്‍ മെക്‌സികോയില്‍വച്ച് റമണ്‍ മെര്‍ക്കേഡര്‍ എന്ന സോവിയറ്റ് ചാരനാല്‍ വധിക്കപ്പെട്ടു.

റഷ്യന്‍ വിപ്ലവത്തിന്റെ പ്രധാനികളില്‍ ഒരാളായ ലിയോണ്‍ ട്രോട്‌സ്‌കിയുടെ അനിതരസാധാരണമായ ജീവിതത്തെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകമാണ് റോബര്‍ട്ട് സര്‍വീസ് രചിച്ച ട്രോട്‌സ്‌കി – എ ബയോഗ്രഫി. വിപ്ലവകാരി, രാഷ്ട്രീയ നേതാവ്, തത്ത്വചിന്തകന്‍ എന്നതിലുപരിയായി ട്രോട്‌സ്‌കിയിലെ പിതാവിനെയും ഭര്‍ത്താവിനെയും എഴുത്തുകാരനെയുംകൂടി അദ്ദേഹത്തിന്റെ അസാധാരണജീവിതത്തിലൂടെ വരച്ചുകാട്ടുകയാണ് റോബര്‍ട്ട് സര്‍വീസ് തന്റെ കൃതിയിലൂടെ. ഈ കൃതിയുടെ മലയാള വിവര്‍ത്തനമാണ് ട്രോട്‌സ്‌കി – ജീവചരിത്രം.