DCBOOKS
Malayalam News Literature Website

ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങള്‍

കേരളജനതക്ക് ചിരപരിചിതനായ പുരോഹിതനാണ് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍. യൂട്യൂബ് വീഡിയോകളിലൂടെയും സോഷ്യല്‍ മാധ്യമങ്ങളിലൂടെയും ജീവിതവിജയത്തിനും കുടുംബഭദ്രതക്കും വേണ്ടി അദ്ദേഹം പകരുന്ന അമൂല്യസന്ദേശങ്ങള്‍ക്ക് കാഴ്ചക്കാരേറെയാണ്. കെ.എല്‍.എഫ് വേദിയിലെത്തിയ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലുമായി അഭിമുഖസംഭാഷണം നടത്തിയത് കെ.സി ഫസലുള്‍ ഹഖ് ആയിരുന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയം ആവശ്യമാണെന്നും പക്ഷേ, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള രാഷ്ട്രീയമാണ് കലാലയങ്ങളില്‍ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനോടുള്ള താല്പര്യം കൊണ്ടാണ് കപ്പൂച്ചിന്‍ അച്ചനായത്. കാപ്പിപ്പൊടി അച്ചന്‍, ചിരി അച്ചന്‍, അച്ചനാരാ അച്ചന്‍ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലും വിശേഷണങ്ങളും അറിയപ്പെടുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവയെ എല്ലാം അദ്ദേഹം അംഗീകരിക്കുകയാണ് ചെയ്തത്. കുടുംബങ്ങളില്‍ നടക്കുന്ന ഒട്ടു മിക്ക പ്രശ്‌നങ്ങളുടെയും കാരണം, പറയേണ്ടത് പറയുന്നതിന് പകരം നമ്മള്‍ അതിനെ തലോടി വിടുന്നു എന്നതാണെന്ന് ഫാമിലി കൗണ്‍സിലര്‍ കൂടിയായ അച്ചന്‍ അഭിപ്രായപ്പെട്ടു. തന്റെ ഭാവനയില്‍ വിരിഞ്ഞ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയെ കുറിച്ചും അച്ചന്‍ അനുഭവം പങ്കുവച്ചു.

പ്രസംഗങ്ങളിലൊക്കെ അല്പം സ്ത്രീവിരുദ്ധത ഇല്ലേ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരം അത് വീഡിയോ പ്രചരിപ്പിക്കുന്നവര്‍ പുരുഷന്മാര്‍ ആയതുകൊണ്ട് അവര്‍ക്കനുയോജ്യമായവ മാത്രം അവര്‍ തിരഞ്ഞെടുക്കുന്നതിനാലാണ് എന്നായിരുന്നു. മദ്യപാനം കുടുംബബന്ധങ്ങളിലെ സൈ്വര്യം കെടുത്തുന്നില്ലേ എന്ന ചോദ്യത്തിന് നര്‍മ്മരൂപേണ അദ്ദേഹം പറഞ്ഞത് അതേ, പക്ഷെ അതിനുള്ള ന്യായീകരണവും കുടിക്കുന്നവര്‍ ഭംഗിയായി കണ്ടുപിടിക്കുന്നുണ്ട് എന്നാണ്. കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബത്തിലേക്കുള്ള പറിച്ചുനടല്‍ ഒരു പരിധി വരെ പുരുഷന്മാര്‍ക്ക് സ്ത്രീകളെയും സ്ത്രീകള്‍ക്ക് പുരുഷന്മാരെയും അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയാത്ത ഒരു മാനസികാവസ്ഥയില്‍ എത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുക്കുറല്‍ എന്ന കൃതിയില്‍ പറയുന്നത് ‘ഇതുപോലൊരു മകനെ ലഭിക്കാന്‍ നിങ്ങള്‍ എന്ത് പുണ്യം ചെയ്തു’ എന്ന് ആരുടെ മാതാപിതാക്കളോട് ആള്‍ക്കാര്‍ പറയുന്നുവോ അവനാണ് യഥാര്‍ത്ഥത്തില്‍ നല്ല മകന്‍ എന്നാണ്. മുതിര്‍ന്നവരുടെ പ്രവര്‍ത്തികള്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എപ്പോഴും കുട്ടികളെ ബാധിക്കുന്നുണ്ട്. ചോദ്യങ്ങള്‍ക്കുത്തരം നല്‍കിയ വേളയില്‍ ഹോമോസെക്ഷ്വാലിറ്റിയെ താന്‍ അനുകൂലിക്കുന്നില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ആണ് പെണ്ണിന്റെ കൂടെയും പെണ്ണ് ആണിന്റെ കൂടെയും ജീവിക്കുന്നതാണ് ശരിയെന്നും അതല്ല തോന്നുന്നതെങ്കില്‍ അത് തകരാറാണെന്നുമുള്ള അഭിപ്രായമാണ് അദ്ദേഹം പങ്കുവെച്ചത്.

ചുംബനസമരത്തേയും ലിവിങ് ടുഗതറിനെയും താന്‍ എതിര്‍ക്കുന്നതായി ഫാദര്‍ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യം ചോദിച്ചപ്പോള്‍ താന്‍ കാണാത്തതും അറിയാത്തതുമായ കാര്യങ്ങളില്‍ തനിക്ക് ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ദിലീപിന്റെ കാര്യമെടുത്താലും ഇതേ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. തെളിവുകള്‍ വ്യക്തമായി ലഭിച്ചാല്‍ മാത്രമേ താന്‍ അതില്‍ വിശ്വസിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

നര്‍മ്മരൂപേണ കഥകളില്‍ ചാലിച്ചു പറഞ്ഞ അദ്ദേഹത്തിന്റെ സെഷന്‍ എല്ലാവരെയും ആകര്‍ഷിച്ചു. എങ്കിലും എല്ലാം പഴയ കാലത്തിലെതാണ് നല്ലത് എന്ന ചിന്ത വഴിമാറ്റി വിട്ട് ഇന്നിന്റെ സംസ്‌കാരത്തെയും നന്മയെയും ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്നും ചോദ്യോത്തര വേളയില്‍ പ്രേക്ഷകരില്‍ നിന്നും അഭിപ്രായമുണ്ടായി.

തയ്യാറാക്കിയത്: ശില്പ മോഹന്‍ (കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒഫീഷ്യല്‍ ബ്ലോഗര്‍) 

Comments are closed.