DCBOOKS
Malayalam News Literature Website

മനസ്സിനെ വേട്ടയാടുന്ന കഥയനുഭവങ്ങള്‍

മനസ്സിനുള്ളിലെ കഥകള്‍ പുറംലോകം കാണാനായി കഥാകാരനെ വേട്ടയാടുമ്പോഴാണ് പുതിയ കഥകള്‍ മൊട്ടിടുന്നതെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ പുതുനോവല്‍ക്കാലം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവസാഹിത്യകാരന്മാരായ അനീഷ് ഫ്രാന്‍സിസ്, അനില്‍ ദേവസ്സി, എസ്. ഗിരീഷ് കുമാര്‍, ഫസീല മെഹര്‍, അനൂപ് ശശികുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഒളിച്ചിരിക്കുവാനും സ്വയം നവീകരിക്കുവാനും എഴുത്ത് സഹായിക്കുന്നുവെന്നും അതിനായാണ് കഥയെഴുതുന്നതെന്നും ഡി.സി നോവല്‍ പുരസ്‌കാര ജേതാവായ അനില്‍ ദേവസ്സി പറഞ്ഞു. സിറിയന്‍ യുദ്ധത്തിനിടയില്‍ പീഡനമനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ വികാരങ്ങളാണ് യാ ഇലാഹി ടൈംസിലൂടെ അനില്‍ ദേവസി പങ്കുവെച്ചത്. നമുക്ക് ചുറ്റുമുള്ള സാധാരണക്കാരുടെ ജീവിതസംഘര്‍ഷങ്ങളാണ് എഴുത്തിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ചതെന്ന് അനീഷ് ഫ്രാന്‍സിസ് പറഞ്ഞു. ഫാന്റസിയോടുള്ള താത്പര്യമാണ് എട്ടാമത്തെ വെളിപാട് എന്ന കൃതിക്കു പിന്നിലെന്ന് അനൂപ് ശശികുമാര്‍ വ്യക്തമാക്കി.

സാധാരണ ഒരു മുസ്‌ലിം കുടുംബത്തിലെ സ്ത്രീ അനുഭവിക്കുന്ന പ്രശ്‌നങ്ങളെയാണ് ഫസീല മെഹര്‍ ഖാനിത്താത്തിലൂടെ ആവിഷ്‌ക്കരിച്ചത്. സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികളും നോവലില്‍ വിഷയമാകുന്നതായി ഫസീല മെഹര്‍ പറഞ്ഞു. നാടകനടനായിരുന്ന ഓച്ചിറ വേലുക്കുട്ടിയുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള കഥയാണ് എസ്. ഗിരീഷ് കുമാര്‍ എഴുതിയ അലിംഗം എന്ന നോവല്‍. നോവല്‍രചനയെക്കുറിച്ചും നാടകചരിത്രത്തിന്റെ വീണ്ടെടുപ്പിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

Comments are closed.