മറുപിറവിയുടെ ഇംഗ്ലിഷ് പരിഭാഷ ‘ദി സാഗാ ഓഫ് മുസിരിസ്’ പ്രകാശനം ചെയ്തു

sethu-4മുസിരിസ് തുറമുഖത്തിന്റെ ഉന്നതിയും നാശവും പ്രതിപാദിക്കുന്ന സേതുവിന്റെ പുതിയ നോവലായ മറുപിറവിയുടെ ഇംഗ്ലിഷ് പരിഭാഷ ‘ദി സാഗാ ഓഫ് മുസിരിസ്’ പ്രകാശനം ചെയ്തു. കൊച്ചിമുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ വേദികളിലൊന്നായ കബ്രാള്‍ യാര്‍ഡില്‍ നടന്ന ചടങ്ങില്‍ ബിനാലെ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിയാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്.

നോവലിലെ പ്രധാന കഥാപാത്രമായ യേലിയാഹു ബസാലേലിന്റെ സാന്നിദ്ധ്യം പ്രകാശനചടങ്ങ് സമ്പന്നമാക്കി. തന്റെ കഥാപാത്രത്തിന്റെ സാന്നിധ്യം നോവലിസ്റ്റ് സേതുവിന് സ്വപ്ന സാക്ഷാത്കാരമായി. സേതുവിന്റെ കഥയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് ഇസ്രായേലില്‍ നിന്നുള്ള യേലിയാഹു. തികച്ചും ആകസ്മികമായാണ് അദ്ദേഹം പുസ്തക പ്രകാശനത്തിനെത്തിയത്. അദ്ദേഹം തന്നെയാണ് ‘ദി സാഗാ ഓഫ് മുസിരിസി’ന്റെ ആദ്യകോപ്പി ഏറ്റുവാങ്ങിയത്.

കേരളം തനിക്ക് മാതൃഭൂമിയാണെന്നും എല്ലാവര്‍ഷവും തീര്‍ത്ഥാടനം പോലെ ചേന്ദമംഗലത്ത് എത്താറുണ്ടെന്നും യേലിയാഹു പറഞ്ഞു. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം, യഹൂദര്‍ എന്നിങ്ങനെ എല്ലാ മതക്കാരും ഒരുമയോടെ താമസിക്കുന്ന ലോകത്തിലെ അനന്യമായ ഇടമെന്നാണ് ചേന്ദമംഗലത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. പ്രശസ്ത ഹോര്‍ട്ടികള്‍ച്ചറിസ്റ്റായ യേലിയാഹു 1955 ലാണ് ഇസ്രായേലിലേക്ക് പോയത്.

ചടങ്ങില്‍ നിയോഗി ബുക്‌സിന്റെ പ്രതിനിധി നിര്‍മ്മല്‍ കാന്തി ഭട്ടാചാര്യ പുസ്തകം പരിചയപ്പെടുത്തി. മറുപിറവി ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയത് പ്രേമ ജയകുമാറാണ്.