നാട്‌ നഷ്ടപ്പെട്ട കവിയുടെ രോദനം

binaleകുടിയേറ്റങ്ങളുടെ വേദനയും തീരാനഷ്ടങ്ങളും വേര്‍പെട്ട ബന്ധങ്ങളും അവതരിപ്പിച്ച് ജനശ്രദ്ധനേടുകയാണ് പാകിസ്ഥാന്‍കാരനായ ഒരു കവിയും ഒരു കലാകാരനും. ആര്‍ട്ടിസ്റ്റ് സല്‍മാന്‍ ടൂര്‍, കവി ഹസന്‍ മുജ്താബ എന്നിവര്‍ സംയുക്തമായി ഒരുക്കിയിരിക്കുന്ന ‘ദ റെവലേഷന്‍ പ്രൊജക്ട്’ എന്ന പ്രതിഷ്ഠാപനമാണ് കൊച്ചിമുസിരിസ് ബിനാലെയിലെ കലാസൃഷ്ടികള്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുന്നത്. ഇതിന്റെ അവതരണരീതിയാണ് പ്രത്യേകതസൃഷ്ടിക്കുന്നത്. മുജ്താബയുടെ കവിതയുടെ വീഡിയോ ദൃശ്യാവിഷ്‌കരണത്തോടൊപ്പം സല്‍മാന്‍ ടൂറിന്റെ പെയിന്റിംഗുകളില്‍ നിന്നടര്‍ത്തിയെടുത്ത രൂപങ്ങള്‍ ചേര്‍ത്തുവച്ച് 12 അടി നീളത്തിലാണ് ഈ പ്രതിഷ്ഠാപനം സൃഷ്ടിച്ചെടുത്തിരിക്കുന്നത്.

സല്‍മാന്‍ ടൂറും ഹസന്‍ മുജ്താബയും പാക്കിസ്ഥാന്‍ സ്വദേശികളാണെങ്കിലും അവരുടെ താമസം ഏറിയപങ്കും അമേരിക്കയിലാണ്. സിന്ധിലെ ന്യൂനപക്ഷ ഹിന്ദുക്കള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച് ലേഖനങ്ങളെഴുതിയതിനാല്‍ മുജ്താബയ്ക്ക് മുന്‍ പ്രസിഡന്റ് സിയാഉള്‍ ഹഖിന്റെ ഭരണകാലത്ത് നാടുവിടേണ്ടി വന്നു. പിന്നീട് ന്യൂയോര്‍ക്ക് ആയിരുന്നു അദ്ദേഹത്തിന്റെ കര്‍മ്മരംഗം. സല്‍മാന്‍ ആകട്ടെ ലാഹോറും ന്യൂയോര്‍ക്കുമായി ദേശാടനത്തിലാണ്. അമേരിക്കയില്‍ വച്ച് മുജ്താബയെ കണ്ടതിനു ശേഷമാണ് കൊച്ചി ബിനാലെയില്‍ അദ്ദേഹത്തിന്റെ കവിതാപാരായണം കൂടി ചേര്‍ത്ത് കലാസൃഷ്ടി നടത്താമെന്ന ചിന്ത ഉണ്ടായതെന്ന് സല്‍മാന്‍പറഞ്ഞു.

ന്യൂയോര്‍ക്ക് ഫിഫ്ത് അവന്യൂവിലെ ഹരേ കൃഷ്ണക്കാരെക്കുറിച്ചുള്ള മുജ്താബയുടെ കവിതയില്‍ സിന്ധു നദി, ഹഡ്‌സണ്‍ നദി എന്നിവയുടെ താരതമ്യം വിവരിച്ചിരിക്കുന്നു. പാക്കിസ്ഥാനില്‍നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റത്തില്‍ അദ്ദേഹത്തിനുണ്ടായ മാറ്റം തന്റെ സൃഷ്ടിയിലൂടെ പ്രതിപാദിക്കാന്‍ ശ്രമിച്ചിരിക്കുകയാണ് സല്‍മാന്‍ ടൂര്‍.നാടിവിട്ടോടേണ്ടി വന്ന മുജ്താബയുടെ മാനസിക സംഘര്‍ഷം പെയിന്റിംഗിലേക്ക് പകര്‍ത്താനാണ് സല്‍മാന്‍ ശ്രമിച്ചത്. മതപരവും സാംസ്‌കാരികവുമായ കാര്‍ക്കശ്യം കൊണ്ട് പുറത്താക്കപ്പെട്ടവന്റെ വേദന ആവിഷ്‌കരിക്കുകയായിരുന്നു അവിടെ മുജ്താബയുടെ കവിതാപാരായണം രോദനമായി മാറുന്നു. ഇത് ഒരു തരം അരാജകാവസ്ഥയില്‍ ഭ്രമാത്മകമായി ആവിഷ്‌കരിക്കുകയായിരുന്നുവെന്ന് സല്‍മാന്‍ തന്നെ സമ്മതിക്കുന്നു. ടൂര്‍ നേരത്തെ വരച്ച പോപ്പ് സംഗീത പശ്ചാത്തലത്തിലുള്ള പെയിന്റിംഗുകളുടെ ഭാഗങ്ങളാണ് വെട്ടിയെടുത്തത്. അത് പാക്കിസ്ഥാനിലെ തെരുവു ജീവിതത്തിലേക്ക് ഒട്ടിച്ചു ചേര്‍ത്തു. 9 പി എം ദി ന്യൂസ് എന്ന സ്വന്തം ചിത്രത്തിന്റെ തുടര്‍ച്ചയായ പ്രദര്‍ശനവും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.

തന്റെ പ്രവാസജീവിതവും മുജ്താബയ്ക്ക് കല്‍പിച്ച ഭ്രഷ്ടും ചിത്രത്തിലെ നിഴല്‍ രൂപങ്ങളിലൂടെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മാധ്യമ സംസ്‌കാരവും പാശ്ചാത്യ കാല്‍പനികതയും തമ്മിലുള്ള ബന്ധവും സങ്കീര്‍ണതയുമെല്ലാം ഈ നിഴലുകളിലൂടെ പറയാന്‍ ശ്രമിക്കുന്നു. ഛിന്നഭിന്നമായ, ക്രമം തെറ്റിയ ചരിത്രത്തില്‍ താന്‍ വിഭാവനം ചെയ്യുന്ന പൂര്‍വികരാണവരെന്ന് സല്‍മാന്‍ പറയുന്നു. ഈ ചരിത്രത്തിലെ ഭൂതകാലമെന്നത് സ്രഷ്ടാവും സംഹാരിയുമാകാം. വേണ്ടപ്പെട്ടതെല്ലാം നഷ്ടപ്പെട്ട ഒരു വികലാംഗനെപ്പോലെ സഞ്ചരിക്കുകയാണ് താനെന്ന ആത്മഗതമാണ് സല്‍മാന്റെ സൃഷ്ടിയിലൂടെ പുറത്തുവരുന്നത്. (കടപ്പാട്)

Categories: ART AND CULTURE