ഇന്ത്യയിലെ ജനപ്രിയ എഴുത്തുകാരനായ ചേതന്‍ ഭഗത്തിന്റെ ഏറ്റവും പുതിയ നോവല്‍ ‘ദി ഗേള്‍ ഇന്‍ റൂം 105’(The Girl in Room 105) പുറത്തിറങ്ങുന്നു. പുസ്തകം പുറത്തിറങ്ങുന്ന വിവരം സിനിമാ ട്രെയിലറിന്റെ രൂപത്തിലാണ് വായനക്കാരെ അദ്ദേഹം അറിയിച്ചത്. തന്റെ സ്ഥിരം ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ് ഈ ഫണ്‍ ത്രില്ലര്‍ മൂഡിലുള്ള നോവല്‍ രചിച്ചിരിക്കുന്നതെന്ന് ചേതന്‍ ഭഗത് പറഞ്ഞു.
ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നുള്ള കേശവ് രാജ്പുരോഹിത് എന്ന യുവാവ് കശ്മീരി സ്വദേശിയായ മുന്‍ കാമുകിയെ കാണാന്‍ പോകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ കഥയാണ് നോവലിന്റെ ഇതിവൃത്തം.
“ഇത് ഒരു മൂവി സ്‌റ്റൈല്‍ പ്രമോ ആണ്. നിലവില്‍ പുസ്തകങ്ങള്‍ക്ക് ഇത്തരം പതിവില്ല. ഞാന്‍ വീണ്ടും വീണ്ടും ജനങ്ങളോട് പറയാന്‍ ശ്രമിക്കുന്നത്-എന്താണ് സംഭവിക്കുന്നത് എന്ന് അറിയാന്‍ നിങ്ങള്‍ ബുക്ക് വായിക്കൂ…” എന്ന് ട്രെയിലര്‍ പുറത്തിറക്കിക്കൊണ്ട് ചേതന്‍ ഭഗത് പറഞ്ഞു.
ചേതന്‍ ഭഗത്തിന്റെ ഹാഫ് ഗേള്‍ഫ്രണ്ട് സിനിമയാക്കിയ മോഹിത് സൂരിയാണ് ട്രെയിലറിന്റെ സംവിധായകന്‍.വിക്രാന്ത് മാസേയാണ് ട്രെയിലറില്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വെസ്റ്റ് ലാന്‍ഡ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.