DCBOOKS
Malayalam News Literature Website

നീലക്കുറിഞ്ഞികള്‍ പൂക്കും കാലമായി…സഞ്ചാരികളേ ഇതിലേ… ഇതിലേ…

ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം പുഷ്പിക്കുന്ന നീലക്കുറിഞ്ഞി പൂക്കളുടെ അപൂര്‍വ്വചാരുത നേരിട്ട് ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുങ്ങുന്നു. മഞ്ഞുപുതച്ചു കിടക്കുന്ന മലമടക്കുകള്‍ക്കിടയില്‍ അഴകിന്റെ മഴവില്‍ വര്‍ണ്ണങ്ങള്‍ തീര്‍ക്കുന്ന നീലക്കുറിഞ്ഞിപൂക്കള്‍ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ നിത്യസൗന്ദര്യമാണ് പകരുന്നത്. കോടമഞ്ഞും തണുപ്പും കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന തേയിലത്തോട്ടങ്ങളുടെ പച്ചപ്പും കുറിഞ്ഞിപ്പൂക്കളുടെ നാടായ മൂന്നാറിനെ വശ്യമനോഹരിയാക്കുന്നു. ഓഗസ്റ്റ് 15-ഓടെയാണ് നീലക്കുറിഞ്ഞി സീസണ്‍ ആരംഭിക്കുന്നത്.

നീലനിറത്തിലുള്ള പൂക്കളുണ്ടാകുന്നതിനാലാണ് 12 വര്‍ഷം കൂടുമ്പോള്‍ പുഷ്പിക്കുന്ന ഈ അപൂര്‍വ്വ സസ്യത്തിന് നീലക്കുറിഞ്ഞി എന്നു പേരു വന്നത്. കുറിഞ്ഞി എന്നാല്‍ പൂവ് എന്നാണര്‍ത്ഥം. 40 വ്യത്യസ്ത ഇനം നീലക്കുറിഞ്ഞികളുണ്ടെന്ന് സസ്യശാസ്ത്രഞ്ജര്‍ പറയുന്നു.സാധാരണ കുറിഞ്ഞികള്‍ പൂത്തു തുടങ്ങുന്നത് ഓഗസ്ത് മാസത്തിലാണ്. ഇത് ഒക്ടോബര്‍ വരെ നീളും. കോവിലൂര്‍, കടവാരി, രാജമല, ഇരവികുളം ദേശീയോദ്യാനം തുടങ്ങിയ പ്രദേശങ്ങളിലാണ് കുറിഞ്ഞി ചെടികള്‍ ധാരാളമുള്ളത്.

പ്രാദേശിക വ്യത്യാസങ്ങള്‍ക്കനുസരിച്ച് നീലക്കുറിഞ്ഞി ചെടിയുടെ ഉയരത്തില്‍ വ്യത്യാസം വരും. രണ്ടടിയോളം ഉയരമുള്ള ചെറിയ ചെടികള്‍ ഉയര്‍ന്ന ഭാഗത്തും 5 മുതല്‍ 10 അടി വരെ ഉയരമുള്ള വലിയ കുറിഞ്ഞികള്‍ താഴ്ന്ന പ്രദേശങ്ങളിലും കാണാം.

ഓഗസ്റ്റ് പകുതിയോടെയാണ് ഇരവികുളം ദേശീയോദ്യാനത്തിലാണ് നീലക്കുറിഞ്ഞികള്‍ ഏറ്റവും കൂടുതല്‍ പൂക്കുക. ഇരവികുളത്തെ വിനോദസഞ്ചാര മേഖലയായ രാജമലയിലാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഒരു ദിവസം 3500 പേര്‍ക്ക് മാത്രമാണ് രാജമലയില്‍ പ്രവേശനം. രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് വരെ ക്രമീകരിച്ചിരിക്കുന്ന സമയത്ത് സഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാം.

Comments are closed.