കൊതിയുണര്‍ത്തുന്ന മണങ്ങളും റേഡിയോയില്‍ നിന്നൊഴുകി വരുന്ന പഴയ ഈണങ്ങളും ഇഴ ചേര്‍ന്ന് നമ്മുടെ മനസില്‍ വരയ്ക്കുന്ന ചിത്രങ്ങളിലൊന്നാണ് നാട്ടിന്‍പുറത്തെ ഓലമേഞ്ഞ ആ ചായപ്പീടിക, ഇരുന്നു മുഷിഞ്ഞ മരബെഞ്ചുകള്‍, ചായക്കറ മാറാത്ത കുപ്പിഗ്ലാസുകള്‍, സമോവര്‍, പല രുചികള്‍ നിരത്തിവെച്ച ചില്ലലമാര, ഇന്ന് റൊക്കം നാളെ കടം എന്നെഴുതിയ തട്ടുചുമരുകള്‍… ഇവയൊക്കെ ഏതുദേശത്തേയും മലയാളികളുടെ ഗൃഹാതുരതയാണ്.
നഗരമനസ്സും രുചികളും ശീലങ്ങളും ഗ്രാമത്തിലേക്ക് വണ്ടി കയറിയ കാലങ്ങളില്‍ സ്വയം പിന്‍മടങ്ങിയവരുടെ കൂട്ടത്തില്‍ ആ ചായപ്പീടിക മാത്രമല്ല, ചില്ലലമാരകളില്‍ നിരത്തിവെച്ച രുചികളുടെ വൈവിധ്യങ്ങളുമുണ്ടായിരുന്നു. കേരളം നാവില്‍ ഒരേതരത്തിലുള്ള രുചികള്‍ നുണഞ്ഞു കൊണ്ടിരുന്ന കാലമായിരുന്നു അത്. അക്കാലത്താണ് തട്ടുകടകള്‍ കേരളത്തിന്റെ ഭക്ഷണസംസ്‌കാരത്തില്‍ സജീവമാകുന്നത്. പുതുമ നഷ്ടപ്പെടാത്ത വിഭവങ്ങള്‍ എന്ന സവിശേഷത പെട്ടെന്നു തന്നെ തട്ടുകടയെ മലയാളിയുടെ ശീലങ്ങളാക്കി. കൊതിപ്പിക്കുന്ന വിഭവങ്ങള്‍ നിരത്തിവെച്ച ചെറുകൂടുകള്‍ മാത്രമല്ല തട്ടുകടകള്‍, ചായപ്പീടികകളില്‍ നിന്ന് അന്യമായ രുചികളുടെ ഭാഗമായൊരു പുനരാനയിക്കല്‍ കൂടി തട്ടുകടകള്‍ നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നു. തട്ടുകട പകരുന്ന അനുഭവമാണ്. തട്ടില്‍കുട്ടി ദോശയുടെ ഇത്തിരിവട്ടത്തിലൊഴിക്കുന്ന കടുക് താളിച്ച തേങ്ങാ ചട്ണി, കപ്പബിരിയാണിയുടെയും പൊരിച്ച കോഴിയുടെയും ഗന്ധം, ചെറുകടികളുടെ ഇളംചൂട്, കുപ്പിഭരണികളില്‍ ഉപ്പിലിട്ട നാട്ടുരുചികള്‍…
പാതയോരത്ത് തട്ടുകടിയിരുന്ന് സ്വാദോടെ കഴിച്ച വിഭവങ്ങള്‍ ഇനി വീട്ടിലും തയ്യാറാക്കാം. നിങ്ങളുടെ ഭക്ഷണ മേശകളില്‍ തട്ടുരുചി വിളമ്പാന്‍ ഈ പുസ്തകം ഒരു കൂട്ടാകും. ദോശ-ചമ്മന്തി, പുട്ട്-കടല, ചപ്പാത്തി-ചിക്കന്‍കറി തുടങ്ങി കുലുക്കിസര്‍ബത്ത് വരെയുള്ള തട്ടുകട സ്‌പെഷ്യല്‍ വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍ മുഴുവന്‍ ഒരുമിക്കുന്ന സമാഹാരമാണ് തട്ടുകട സ്‌പെഷ്യല്‍സ്. പാചക വിദഗ്ധ ടെന്‍സി ജെയ്ക്കബ് തയ്യാറാക്കിയ പാചകക്കുറിപ്പുകളുടെ അഞ്ചാം പതിപ്പാണ് ഇപ്പോള്‍ ഡി.സി ബുക്‌സ് പുറത്തിറക്കിയിരിക്കുന്നത്.
‘ഭക്ഷണം പുതുമ ചോരാതെ കഴിക്കാന്‍ തട്ടുകടകള്‍ തേടിനടന്നൊരു കാലമുണ്ട്. ആ കാലവും ആ രുചികളും പ്രിയപ്പെട്ടവയാണ് എനിക്കെന്നും. ഈ പുസ്തകം അവയെല്ലാം എനിക്കു തിരികെ നല്‍കുന്നു’. നടനും എംഎല്‍എയുമായ മുകേഷ് പറയുന്നു.