ഒ വി വിജയന്റെ നോവലിനെ ദുഷിച്ചകൃതിയെന്ന് വിമര്‍ശിച്ചതില്‍ ഖേദിക്കുന്നുവെന്ന് എം എ ബേബി

thasrakk

പാലക്കാട് ജില്ലയിലെ തസ്രാക്കിന് മാര്‍ച്ച് 30ന് ഉത്സവച്ഛായയായിരുന്നു. ഒ വി വിജയന്‍ സ്മാരകസമിതി നടത്തിയ തസ്രാക്ക് നവീകരണത്തിന്റെ ഔപചാരിക ഉദ്ഘാടനവും വിജയന്റെ 12-ാമത് ചരമവാര്‍ഷികദിനവും ഇവിടുത്തുകാര്‍ക്ക് സമ്മിശ്രവികാരങ്ങളാണ് സമ്മാനിച്ചത്. തസ്രാക്കിലെ കവാടത്തില്‍ത്തന്നെ ഭീമന്‍തൂണുകളില്‍ ഗ്രാമത്തിന്റെ ചിത്രങ്ങള്‍, ഞാറ്റുപുരയുടെ കവാടത്തില്‍ കരിമ്പനച്ഛായ, അകത്ത് വിജയന്റെ ഫോട്ടോകള്‍, കാര്‍ട്ടൂണുകള്‍, എഴുത്തുകാരനെക്കുറിച്ചുള്ള ഡോക്യമെന്ററി പ്രദര്‍ശനം, ചിത്രകലാക്യാമ്പില്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം, നോവലിലെ ചില കഥാപാത്രങ്ങളുടെയും ചില സന്ദര്‍ഭങ്ങളുടെയും ശില്പങ്ങള്‍ നിരന്ന ശില്പവനം..ഇങ്ങനെ കണ്ണിനും മനസ്സിനും കുളിര്‍മ്മപകരുന്നതായിരുന്നു “തസ്രാക്കിലേക്ക് വീണ്ടും” എന്ന പരിപാടി.

വിജയന്റെ 12-ാമത് ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് നടത്തിയ തസ്രാക്കിലേക്ക് വീണ്ടും എന്ന പരിപാടി മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ ചിന്തയില്‍ നിന്നുകൊണ്ട് കമ്മ്യൂണിസത്തെ വിമര്‍ശിക്കാനും തിരുത്താനും ശ്രമിച്ച എഴുത്തുകാരനായിരുന്നു ഒ വി വിജയനെന്നും, വലിയ ഉത്തരവാദിത്വത്തോടെയാണ് താന്‍കൂടി അംഗമായിരുന്ന പാര്‍ട്ടിയെ വിജയന്‍ വിമര്‍ശിച്ചതെന്നും എം എ ബേബി പറഞ്ഞു. മാത്രമല്ല പുരോഗമനപ്രസ്ഥാനം മുന്നോട്ടുവച്ച പരിഹാരനിര്‍ദ്ദേശങ്ങളില്‍ വിജയന്‍ ചൂണ്ടിക്കാട്ടിയ പിഴവുകളുണ്ടോയെന്ന് പരിശോധിക്കാന്‍ പ്രസ്ഥാനം ബാധ്യസ്ഥമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല കോളജില്‍ പഠിക്കുന്ന കാലത്ത് വിജയന്റെ നോവലിനെ അപക്വമായി വായിക്കുകയും ദുഷിച്ച കൃതിയെന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതിലിപ്പോള്‍ ഖേദിക്കുന്നുവെന്നും എം എ ബേബി പറഞ്ഞു.

സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ത്തമാനകാലത്ത് ഏറ്റവും ദുഷിച്ച വാക്കായിമാറിയ ദേശീയതയെക്കുറിച്ചും അതിന്റെ സൂചനകളെക്കുറിച്ചും വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഒരു ദുരന്തപ്രവചനം പോലെ തന്റെ കഥയില്‍ പറഞ്ഞുവെച്ച എഴുത്തുകാരനാണ് വിജയനെന്ന് അദ്ദേഹം പറഞ്ഞു. വിജയന്‍ കേവലം മനുഷ്യസ്‌നേഹിമാത്രമല്ല, അതിനുമപ്പുറം സഹജീവികളോട് കരുണയും അനുകമ്പയുമുള്ള വ്യക്തിയായിരുന്നു എന്ന് മുഖ്യപ്രഭാഷണം നടത്തിയ വി കെ ശ്രീരാമന്‍ അഭിപ്രായപ്പെട്ടു.silpavanam

ഒ വി വിജയന്‍ സ്മാകരസമിതിയുടെ ആഭിമുഖയത്തില്‍ കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സംഗീതനാടക അക്കാദമി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിജയന്റെ സര്‍ഗാത്മകലോകത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍, ഓര്‍മ്മ പങ്കിടല്‍, പുസ്തകപ്രകാശനം, നാടകാവതരണം എന്നിവയും ഉണ്ടായിരുന്നു.

Categories: Editors' Picks, LITERATURE