തക്ഷന്‍കുന്ന് സ്വരൂപം ഡിലക്‌സ് എഡിഷന്‍ പ്രകാശിപ്പിക്കുന്നു

thakshanവയലാര്‍ അവാര്‍ഡ് നേടിയ യു കെ കുമാരന്റെ നോവല്‍ തക്ഷന്‍കുന്ന് സ്വരൂപം ഡിലക്‌സ് എഡിഷന്‍ പ്രകാശിപ്പിക്കുന്നു. ഫെബ്രുവരി 20ന് വൈകിട്ട് 5ന് കോഴിക്കോട് ടൗണ്‍ഹാളില്‍ കെ കേളപ്പന്റെ കുടുംബാംഗങ്ങള്‍ നോവല്‍ പ്രകാശിപ്പിക്കും. പ്രശസ്ത ചരിത്രകാരന്‍ ഡോ.എം ജി എസ് നാരായണന്‍, ഡോ. കെ പി മോഹന്‍, ഡോ. അബ്ദുള്‍ സമദ് സമദാനി, ഡോ.ഖദീജ മുംതാസ്, പി വി കെ പനയാല്‍, കല്പറ്റ നാരായണന്‍, ഡോ. പ്രദീപ്കുമാര്‍ കറ്റോട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പുറത്തിറങ്ങിയ കാലം മുതല്‍ നിരൂപക പ്രശംസ പിടിച്ചുപറ്റിയ നോവലാണ് തക്ഷന്‍കുന്ന് സ്വരൂപം. യു കെ കുമാരന്‍ എന്ന എഴുത്തുകാരന്‍ ജീവിച്ച ഗ്രാമത്തിന്റെ ചരിത്രം കൂടിയാണ് ഈ പുസ്തകം. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍, 1900 മുതല്‍ 1980 വരെയുള്ള കേരളീയ ജീവിതത്തിന്റെ ആകുലതകളും സന്തോഷങ്ങളും അടയാളപ്പെടുത്തുന്ന കൃതിയാണ് തക്ഷന്‍കുന്ന് സ്വരൂപം. സ്വാതന്ത്യപൂര്‍വ്വ കേരളം, നവോത്ഥാനാശയങ്ങളുടെ വേരോട്ടം, ദേശീയ പ്രസ്ഥാനം, ഗുരുവായൂര്‍ സത്യഗ്രഹം, കേളപ്പന്റെ സഹനസമരം, വസൂരി ബാധ, സ്വാതന്ത്ര്യലബ്ധി, ആധുനിക കേരള സമൂഹത്തിന്റെ രൂപപ്പെടല്‍ തുടങ്ങി നിരവധി ചരിത്ര സംഭവങ്ങള്‍ ഈ നോവലില്‍ കടന്നു വരുന്നുണ്ട്.

കല്ലുവെട്ടി പാച്ചറുടെ മകനായ രാമറിലൂടെ, അദ്ദേഹത്തിന്റെ എണ്‍പത് വര്‍ഷങ്ങള്‍ നീണ്ട ജീവിതത്തിലൂടെ സംസ്ഥാനത്ത് നവോത്ഥാനാശയങ്ങളുടെ വളര്‍ച്ചയാണ് നോവല്‍ വിവരിക്കുന്നത്. നാടിന്റെ ചരിത്രവും ഞാനറിഞ്ഞതും കേട്ടതും കണ്ടു പരിചയിച്ച ആളുകളുമെല്ലാമാണ് നോവലില്‍ കടന്നു വരുന്നത്. കൂടാതെ പിന്തിരിപ്പന്‍ ആശയങ്ങള്‍ സമൂഹത്തില്‍ ആധിപത്യം നേടുന്നതിന്റെ കാഴ്ചകളും നോവലിലുണ്ട്. നന്മയും തിന്മയും സമൂഹത്തിന്റെ ഭാഗമാണ്. ഓരോ കാലത്ത് ഇവയിലോരോന്ന് ആധിപത്യം നേടുമെന്നും ഒന്നും പൂര്‍ണ്ണമായി തുടച്ച് നീക്കാനോ എന്തെങ്കിലും പുതുതായി കൊണ്ടു വരാനോ സാധ്യമല്ലെന്നുമുള്ള ദാര്‍ശനികമായ ഉള്‍ക്കാഴ്ചയാണ് നോവല്‍ പ്രകടിപ്പിക്കുന്നത്.

Categories: LATEST EVENTS