മലയാളിയുടെ തകഴിയേയും മാധവിക്കുട്ടിയെയും ബഷീറിനെയുമൊക്ക ഇനി ഇറ്റലിക്കാർക്കും വായിക്കാം

thakazhi

ചന്തുമേനോന്റെ ഇന്ദുലേഖയും വൈക്കം മുഹമ്മദ് ബഷീറിന്‍റെ ബാല്യകാല സഖിയും തകഴിയുടെ ചെമ്മീനും ഇനി ഇറ്റലിക്കാര്‍ക്കും വായിക്കാം. മലയാളത്തോടും കേരളത്തോടുമുള്ള ഇഷ്ടം കൊണ്ട് ഇറ്റാലിയന്‍ എഴുത്തുകാരിയും ചിന്തകയുമായ ഡോക്ടര്‍ സബ്രീന ലെയ് ആണ് ഇറ്റാലിയന്‍ ഭാഷയിലേക്ക് ഈ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തത്. ‘ദി ഹിസ്റ്ററി ഓഫ് കറുത്തമ്മ’ എന്ന പേരിലാണ് ചെമ്മീന്‍ എന്ന നോവല്‍ വിവര്‍ത്തനം ചെയ്തിട്ടുള്ളത്. കമലാ സുരയ്യയുടെ ഓര്‍മ്മക്കുറിപ്പായ ‘എ ചൈല്‍ഡ് ഹുഡ് ഡൈയ്സ് ഇന്‍ മലബാര്‍’ എന്ന പുസ്തകവും സെബ്രീന ഇറ്റാലിയന്‍ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

മലയാളത്തിലെ കൃതികള്‍ വിവര്‍ത്തനം ചെയ്തപ്പോള്‍ ഇറ്റാലിയന്‍ വായനക്കാരില്‍ നിന്നു നല്ല പ്രതികരണമാണ് ലഭിച്ചതെന്നും കേരളത്തിന്‍റെ സംസ്കാരവും രീതികളും മനസ്സിലാക്കാന്‍ ഇത്തരം പുസ്തകങ്ങള്‍ ഉപകരിക്കുമെന്നും സബ്രീന ലെയ് പറയുന്നു. ഇറ്റാലിയന്‍ ടൂറിസ്റ്റുകള്‍ നേരത്തെ പ്രധാനമായും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിക്കാന് സഞ്ചരിച്ചിരുന്നതെന്നും എന്നാല്‍ ഇപ്പോഴവര്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഇഷ്ടപ്പെടുന്നതെന്നും കേരളത്തേകുറിച്ചും കേരള സാഹിത്യത്തെ കുറിച്ചും കൂടുതല്‍ അറിയാന്‍ അവര്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.

sabrina2

ഏഴു വര്‍ഷം മുമ്പാണ് ക്രിസ്തുമത വിശ്വാസിയായ സബ്രീന ലെയ് ഇസ്ലാം മത വിശ്വാസിയാകുന്നത്. കണ്ണൂര്‍ സ്വദേശിയായ അബ്ദുള്‍ ലത്തീഫ് ചാലിക്കണ്ടിയെ വിവാഹം ചെയ്തതോടെയാണ് സെബ്രീന കേരളത്തേ കുറിച്ചും മലയാളത്തെ കുറിച്ചും കൂടുതല്‍ അറിയുന്നത്. അങ്ങനെയാണ് വായനയിലേക്ക് മലയാള സാഹിത്യവും കടന്നുവരുന്നത്. യൂറോപ്പിലെ മത- മതേതര സമൂഹങ്ങള്‍ തമ്മിലുള്ള ആശയ സംവാദവും സര്‍ഗ്ഗാത്മകമായ സാമൂഹ്യ ഇടപെടലും സാധ്യമാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് സെബ്രീന ലെയ്. ഈ ലക്ഷ്യവുമായി റോം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അക്കാദമിക പണ്ഡിതന്മാരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ തവാസുല്‍ യൂറോപ്പിന്‍റെ ഡയറക്ടറും കൂടിയാണ് സെബ്രീന.

അബുഹാമിദുല്‍ ഗസ്സാലി, മുഹമ്മദ് ഗസ്സാലി, അല്ലാമാ മുഹമ്മദ് ഇക്ബാല്‍, മുഹമ്മദ് അസദ്, ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി തുടങ്ങിയ ഇസ്ളാമിക പണ്ഡിതന്മാരുടെ പുസ്തകങ്ങള്‍ അടക്കം ഇരുപത്തിയഞ്ചോളം പുസ്തകങ്ങള്‍ ഇറ്റാലിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട് സെബ്രീന. തത്വശാസ്ത്രത്തില്‍ താത്പര്യമുള്ള ആളെന്ന നിലയില്‍ തന്‍റെ ചിന്തയിലും വായനയിലും എപ്പോഴും ഇന്ത്യ കടന്നു വന്നിരുന്നു എന്നും സമ്പന്നമായ ഒരു ബഹുസംസ്കാരം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ എന്നും സെബ്രീന ലെയ് പറഞ്ഞു. ദോഹ വനിതാ സമ്മേളന വേദിയില്‍ ഗൾഫ് തേജസിനോടാന് അവര്‍ ഇത് പങ്ക് വെച്ചത്. കേരളത്തെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും കേരളത്തിലേക്ക് ഇതുവരെ വരാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് സബ്റീനയുടെ സങ്കടം.