DCBOOKS
Malayalam News Literature Website

നിലയ്ക്കലില്‍ സമരപ്പന്തല്‍ പൊലീസ് പൊളിച്ചു നീക്കി; ശബരിമലയില്‍ കനത്ത സുരക്ഷ

നിലയ്ക്കല്‍: തുലാമാസ പൂജകള്‍ക്കായി നട ഇന്ന് തുറക്കാനിരിയ്‌ക്കെ ശബരിമലയില്‍ കൂടുതല്‍ സുരക്ഷയൊരുക്കി പൊലീസ്. ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ തടയുന്നതിന് വേണ്ടി നിലയ്ക്കലില്‍ ശബരിമല സംരക്ഷണ സമിതി ഒരുക്കിയിരിക്കുന്ന സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് എ.ഡി.ജി.പി അനന്തകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് സമരപ്പന്തല്‍ പൊളിച്ചുനീക്കിയത്. പന്തല്‍ പൊളിക്കുന്നത് തടഞ്ഞവരെ പൊലീസ് ലാത്തിവീശി ഓടിച്ചു. തുടര്‍ന്ന് സമരക്കാര്‍ ചിതറിയോടി.

പുലര്‍ച്ചെ 3.30യോടെ ശബരിമലയിലേക്ക് വന്ന വാഹനങ്ങളെ സമരക്കാര്‍ തടഞ്ഞു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. പൊലീസിന് നേരെ മുദ്രാവാക്യം വിളികള്‍ ഉണ്ടായതോടെ പ്രവര്‍ത്തകരില്‍ ചിലരെ പൊലീസ് സ്ഥലത്ത് നിന്ന് നീക്കി. സമരരീതി മാറിയതോടെ രണ്ടു ബറ്റാലിയന്‍ വനിതാ പൊലീസിനെ നിലയ്ക്കലിലും പമ്പയിലുമായി വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ തന്ത്രി കുടുംബത്തിന്റെ പ്രാര്‍ത്ഥനായജ്ഞം പമ്പയില്‍ നടക്കുന്നുണ്ട്.

അതേമയം സ്വകാര്യ വാഹനങ്ങളൊന്നും തന്നെ പമ്പയിലേക്ക് കടത്തിവിടുന്നില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പമ്പ വരെ സര്‍വ്വീസ് നടത്തുന്നുണ്ട്. നിലയ്ക്കലില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ ആരും തടയില്ലെന്നും തടഞ്ഞാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഏത് സാഹചര്യം നേടാനും പൊലീസ് സജ്ജമാണെന്നും ആരെയും നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിലയ്ക്കലില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

ഇതിനിടെ ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഇന്നു രാത്രി 12 മണി മുതല്‍ നാളെ രാത്രി 12 മണി വരെ 24 മണിക്കൂര്‍ ഹര്‍ത്താലിന് ശബരിമല സംരക്ഷണസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.

Comments are closed.