ജയലളിത അതീവ ഗുരുതരാവസ്ഥയിലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

jayalalithaഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ജയലളിത അതീവ ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഉച്ചയോടെ ചെന്നൈ അപ്പോളോ ആശുപത്രി പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. രാവിലെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. ശ്വാസകോശത്തിലെ അണുബാധയും അവസ്ഥ മോശമാക്കുന്നു.

ജയലളിത ജീവന്‍ നിലനിര്‍ത്തുന്നത് ഇസിഎംഒ ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണെന്നും വിദഗ്ധസംഘം അവരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ഹൃദയത്തിന്റെയും ശ്വാസ കോശത്തിന്റെയും പ്രവര്‍ത്തനം ശരീരത്തിനു പുറത്ത് നിന്ന് യന്ത്രസഹായത്തോടെയാണ് നിര്‍വഹിപ്പിക്കുന്നതാണ് ഇസിഎംഒ. ഹൃദയത്തിനും ശ്വാസ കോശത്തിനും വിശ്രമം നല്‍കാന്‍ വേണ്ടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്താറുള്ളത്. 24 മണിക്കൂറും ആന്തരിക അവയവങ്ങള്‍ക്ക് ശ്വാസം നല്‍കാന്‍ ഈ യന്ത്രത്തിന് സാധിക്കും.

അടുത്ത 24 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്ന് ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഹൃദയാഘാതമുണ്ടായശേഷം വെന്റ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഡല്‍ഹി എയിംസില്‍നിന്ന് നാല് വിദഗ്ധ ഡോക്ടര്‍മാര്‍ ചെന്നെയിലേക്ക് തിരിച്ചിട്ടുണ്ട്. ലണ്ടനിലെ ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്‌ലിന്റെ സഹായം അപ്പോളോ ആശുപത്രി അധികൃതര്‍ തേടുന്നുണ്ട്.

ആശുപത്രിക്ക് മുമ്പില്‍ വന്‍ ജനാവലിയാണ് പ്രതീക്ഷാ നിര്‍ഭരമായി കാത്തിരിക്കുന്നത്. തമിഴ് നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്. സംസ്ഥാനമെങ്ങും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലും കര്‍ണാടകയിലും ജാഗ്രത നിര്‍ദ്ദേശമുണ്ട്.

Categories: LATEST NEWS