DCBOOKS
Malayalam News Literature Website

ഗര്‍ഭിണികള്‍ ഈ ഗുളികകള്‍ കഴിക്കാന്‍പാടില്ല..

എന്തിനും ഏതിനും പാരസെറ്റമോള്‍ ഗുളികകള്‍ വാങ്ങിക്കഴിക്കുന്നവരാണ് മലയാളികള്‍. താല്‍ക്കാലിക ആശ്വാസം നല്‍കുന്ന ഈ ഗുളികകള്‍ അത്രനിസ്സാരക്കാരല്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പ്രത്യേകിച്ചും ഗര്‍ഭിണികള്‍ ഈ ഗുളികകള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. എന്തെന്നാല്‍ ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ വന്ധ്യതയുണ്ടാകുമെന്ന് അടുത്തിടെ പുറത്തുവന്ന പഠനം മുന്നറിയിപ്പു നല്‍കുന്നു. ബ്രിട്ടനിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകരാണ് ശ്രദ്ധേയമായ ഈ പഠനത്തിന് പിന്നില്‍.വേദനാസംഹാരിയായി പാരസെറ്റമോള്‍കഴിക്കുന്ന ഗര്‍ഭിണിയെ പഠന വിധേയമാക്കി. ഒരാഴ്ച പാരസെറ്റമോള്‍ കഴിച്ചപ്പോള്‍ തന്നെ ഗര്‍ഭസ്ഥ ശിശുവിന്റെ അണ്ഡാശയത്തില്‍ അണ്ഡങ്ങളുടെ എണ്ണത്തില്‍ 40 ശതമാനത്തോളം കുറവ് കണ്ടെത്തി. നേരത്തെയുള്ള ആര്‍ത്തവ വിരാമത്തിനും ഇത് കാരണമാകുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ജനിക്കുന്നത് ആണ്‍കുഞ്ഞാണെങ്കില്‍ കാര്യമായ പ്രത്യുല്പ്പാദനപ്രശ്‌നങ്ങളുണ്ടാകുന്നില്ല.

ഇതിന് പുറമെ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഡോ. ഡേവിഡ് ക്രിസ്‌റ്റെന്‍സണും സംഘവും സമാനമായൊരു പരീക്ഷണം നടത്തി. ഗര്‍ഭിണികള്‍ വേദനാസംഹാരിയായി ഉപയോഗിക്കുന്ന അതേ അളവില്‍ മരുന്ന് ഗര്‍ഭിണികളായ പെണ്ണെലികള്‍ക്ക് നല്‍കിയായിരുന്നു അവരുടെ പരീക്ഷണം. ഈ എലികള്‍ പ്രസവിച്ച ശേഷം കുഞ്ഞുങ്ങളില്‍ പരിശോധന നടത്തിയപ്പോഴും മറ്റ് എലികളെ അപേക്ഷിച്ച് അണ്ഡകോശങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു. പാരസെറ്റമോള്‍ രാസവസ്തു ശരീരത്തിലെ പ്രോസ്റ്റാഗ്ലാന്റിന്‍ എന്ന ഹോര്‍മോണുമായി ചേര്‍ന്നാണ് ഗര്‍ഭസ്ഥശിശുവിന്റെ പ്രത്യുല്പാദന അവയവങ്ങളില്‍ മാറ്റങ്ങളുണ്ടാക്കുന്നത്.

ആണ്‍ കുഞ്ഞുങ്ങളില്‍ വന്ധ്യതയുണ്ടാക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടില്ല. എന്നാല്‍ മറ്റ് തരത്തിലുള്ള ദൂഷ്യവശങ്ങളുണ്ടാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നുണ്ട്. ഗര്‍ഭകാലത്ത് പാരസെറ്റമോളും ഇബുപ്രോഫിനും പോലുള്ള മരുന്നുകളുടെ ഉപയോഗം കഴിയുമെങ്കില്‍ പൂര്‍ണ്ണമായും നിര്‍ത്തണമെന്നാണ് പഠന റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്.

എന്‍ഡോക്രൈന്‍ കണക്ഷന്‍സ് എന്ന മെഡിക്കല്‍ ജേണലിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.