DCBOOKS
Malayalam News Literature Website

പ്രതികാര ദുർഗ്ഗയായി കണ്ണകിയെ ഓർമിപ്പിക്കുന്ന സുഗന്ധി…

കരുത്തും ഇഛാശക്തിയുമുള്ളവര്‍ തന്നെയാണ് സ്ത്രീകള്‍ എന്ന് തെളിയിച്ച ചെറുകാടിന്റെ മുത്തശ്ശിയിലെ, നാണി മിസ്ട്രസിനെ പോലെ കുറച്ചു സ്ത്രീ കഥാപാത്രങ്ങളെ ഞാൻ വായിച്ചിട്ടുള്ളൂ…ഇയീടെ വായിച്ച മറ്റൊരു വ്യത്യസ്ത ഇഷ്ടകഥാപാത്രം….സ്ത്രീ’ എന്ന സ്വത്വത്തെ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട്…’സുഗന്ധി എന്ന ആണ്ടാൾ ദേവനായകി.”
യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത വലിയ മുറിപ്പാടുകള്‍ സൃഷ്ടിക്കുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന്‍ രചിച്ച ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി ‘എന്ന നോവൽ.. ഒരൽപ്പം ഗൗരവത്തോടെ വായിച്ചു പോകാവുന്ന പുസ്തകം. കാലിക പ്രസക്തിയുള്ള ഉള്ളടക്കം.സാറ ടീച്ചറുടെ ബുധിനി എന്ന നോവലും ,ഈ പുസ്തകവും ഒരേ കാലയളവിൽ ആയിരുന്നു ഞാൻ വായിച്ചത്. രാജ്യത്തിന്റെ വികസനത്തിന്റെ പേരിൽ പിഴുതെറിയപ്പെട്ട, താഴേക്കിടയിലുള്ള സമൂഹത്തിന്റെ പ്രതിനിധിയായി ജീവിതം പോയ ബുധിനിയും മിത്തിനും യാഥാർഥ്യത്തിനുമിടയിൽ സ്ത്രീ ശക്തിയുടെ പ്രതിരൂപമായി, നിസ്സാഹായതയ്ക്കിടയിൽപോലും പൊരുതുന്ന ശക്തിയായി, ദേവനായകിയും മനസ്സിൽ കുറച്ചു ദിവസം വേദനയോടെ അലഞ്ഞു കൊണ്ടേയിരുന്നു.
ശ്രീലങ്കന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ പറയുന്ന കഥ. വിപ്ലവത്തിന്റെയും വികസനത്തിന്റെയും പേരിൽ സമാധാനം നഷ്ടപ്പെടുന്ന നിസ്സഹായരായ സാധാരണ ജനങ്ങൾ.അത്തരം പോരാട്ടങ്ങള്‍ക്കിടയിൽ അകപ്പെടുന്ന സാധാരണ ജനങ്ങളുടെ ജീവിതവേദനകൾ എല്ലാ തീവ്രതയോടും കൂടി നോവലിൽ കാണാം. നമുക്ക് തീരെ പരിചയമില്ലാത്ത വഴികളിലൂടെയുള്ള സഞ്ചാരം. എങ്കിലും ബോറടിക്കാതെ വായിക്കാവുന്ന നോവൽ. ശ്രീലങ്കയിൽ നടക്കുന്ന കഥ വർത്തമാനകാലത്തിൽ തുടങ്ങി ഒരു സഹസ്രാബ്ദങ്ങൾക്ക് പിന്നിലേക്ക് നമ്മെ കൊണ്ടുപോകുന്ന രീതിയിൽ എഴുതിയിരിക്കുന്നു….. ഒരോ വനിത ദിനത്തിലും, സ്ത്രീ ശാക്തീ കരണത്തെക്കുറിച്ചും, സ്വാതന്ത്ര്യത്തെക്കുറിച്ചും ചർച്ചകളും പ്രസംഗങ്ങളും നടത്തുന്ന പലരും,.. അറിഞ്ഞിട്ടും അറിയാതെ പോകുന്ന ഒരു സത്യമുണ്ട്…യുദ്ധമായാലും, വിപ്ലവമായാലും, വികസനമായാലും …ഏത് കാലത്തിലും അതിന്റെ പേരിൽ വേട്ടയാടപ്പെടുന്നത് സ്ത്രീകൾ തന്നെയെന്ന സത്യം. ചോളന്മാരുടെ കാലം തൊട്ട് ലങ്കയിലെ സിംഹള സൈന്യവും തമിഴ് പുലികളും സ്ത്രീശരീരങ്ങൾക്ക് വേണ്ടി നടത്തുന്ന അക്രമങ്ങൾക്കിടയിൽ അവര്ക്ക് വേണ്ടി പോരാടുന്ന ഒരു ശക്തിയായി ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി.

സിനിമാ പ്രവർത്തകരുടെ ഒരു സംഘം, ഡിവൈൻ പേൾ എന്ന ശ്രീലങ്കൻ പട്ടാളത്തിന്റെ രഹസ്യ കേന്ദ്രം കാണാനെത്തുന്നതോടെ തുടങ്ങുന്ന നോവൽ. അതിൽ തന്നെ
പീറ്റർ ജീവാനന്ദമെന്ന എഴുത്തുകാരൻ ആണ് ചരിത്രവും വർത്തമാനകാലവുമായി യോജിപ്പിച്ചു കൊണ്ട് നമ്മോട് കഥ പറയുന്നത്. ഡിവൈൻ പേളിലേത്തുന്ന സിനിമ പ്രവർത്തകർക്ക് Textആവശ്യമായ സഹായങ്ങൾ ഗവർമെന്റ് ചെയ്യുന്നുണ്ട്. “Woman Behind the Fall of Tigers” എന്ന് നാമകരണം ചെയ്തിട്ടുള്ള സിനിമ..ശിഥിലമായി പോകുന്ന വിപ്ലവ പ്രസ്ഥാനങ്ങൾ…അതിന് സ്ത്രീകൾ കാരണക്കാരാണോ ?എങ്കിൽ എങ്ങിനെ എന്ന ചോദ്യത്തിന് ഉത്തരം തേടുന്ന സംഘം. ഡിവൈൻ പേളിലെ പട്ടാളമുറകൾ കാരണം മാനസികമായും ശാരീരികമായും തർന്നുപോകുന്ന തടവുകാർ. അവരുടെ പ്രശ്നങ്ങൾ പഠിക്കാനെത്തുന്ന എഴുത്തുകാരൻ പീറ്റർ…അദ്ദേഹം തമിഴൊലി എന്ന പെൺപുലികളുടെ നേതാവിനെ കാണുന്നു..സംസാര മധ്യ അവരോട് സുഗന്ധിയെ കുറിച്ചു ചോദിച്ചറിയുന്നു. സുഗന്ധിയും പീറ്ററും
തമ്മിലുള്ള ബന്ധങ്ങൾ പറയുന്ന കുറച്ചധ്യായങ്ങൾ..സുഗന്ധിയുടേതായി കിട്ടിയ ചെറു കുറിപ്പിൽ നിന്ന് സുഗന്ധി മരിച്ചിട്ടില്ല എന്ന തിരിച്ചറിവിൽ പീറ്റർ സന്തോഷവാനാകുന്നു..താൻ പോരാളിയായ വനിത ആയതെങ്ങിനെയെന്നും,പീറ്റർ തനിക്ക് ആരായിരുന്നു എന്നും ആ കുറിപ്പിലൂടെ പറയുന്നുണ്ട്.

വധിക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകയായിരുന്ന ഡോ. രജനി തിരണഗാമയെക്കുറിച്ചുള്ള സിനിമയിൽ പ്രസ്തുത വേഷം ചെയ്യാൻ ആണ് സുഗന്ധി ആദ്യമായി പീറ്ററുടെ മുമ്പിലെത്തുന്നത്. അനീതിയെ എതിർക്കുന്ന എല്ലാ പ്രവർത്തകരേയും പോലെ ഡോക്ടറും വധിക്കപ്പെടുക യായിരുന്നു. അതിന്റെ കാരണങ്ങളിലേക്ക് നോവൽ പോകുന്നില്ല . രണ്ടുപേരുടെയും കൂടികാഴ്ച അങ്ങനെയായിരുന്നു എന്നൊരു വിവരണം മാത്രം.  സിനിമ പിന്നീട് മുന്നോട്ട് പോയില്ല എന്ന് മാത്രമല്ല സുഗന്ധിയുടെ വിവരങ്ങളും നഷ്ടപ്പെടുന്നു. തുടര്ന്നുള്ള അന്വേഷണത്തിൽ ആണ് ”ദേവനായകിയൻ കതൈ ,’എന്ന മീനാക്ഷി രാജരത്തിനത്തിന്റെ കുറിപ്പ് പീറ്റർ വായിക്കാൻ തുടങ്ങുന്നത്. പിന്നീട് നാം കാണുന്ന സുഗന്ധി ചരിത്ര വനിതയായ സ്ത്രീ ആണ്. ചേര ചോള പാണ്ഡ്യ ദേശങ്ങളുടെ യുദ്ധ തന്ത്രങ്ങളുടെ കഥയിൽ സഹസ്രാബ്ദങ്ങൾക്ക് മുന്നേ ജീവിച്ചിരുന്ന….സ്ത്രീയുടെ ശക്തിയും സൗന്ദര്യവും ബുദ്ധിയുമെല്ലാം തികഞ്ഞ നൃത്തവും യുദ്ധതന്ത്രങ്ങളും അറിയുന്ന വീഴച്ചകളിൽ നിന്നും കരുത്തോടെ ഉയിർക്കൊള്ളുന്ന സുഗന്ധി. പ്രതികാര ദുർഗ്ഗയായി നമ്മുടെ കണ്ണകിയെ ഓർമിപ്പിക്കുന്ന സുഗന്ധി. എവിടെയും വിജയം കൈവരിക്കുന്നവൾ. ചരിത്ര നായികയായ സുഗന്ധിയിൽ നിന്നും ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി “ എന്ന ഇന്നത്തെ സുഗന്ധിയിലെക്ക് നമ്മെ എത്തിക്കുന്ന ആ എഴുത്തിന്റെ മികവ് അതിമനോഹരം തന്നെയാണ്. കുറ്റവാളിയായി പിടിക്കപ്പെട്ട ചരിത്രനായിക സുഗന്ധിയെപോലെ പീറ്ററിന്റെ സുഗന്ധിയും ലക്ഷ്യത്തിന് വേണ്ടി പോരാടി ദയനീയമായ അവസ്ഥയിലെക്കെത്തിയതായി കാണാം. എവിടെയും മുന്നിട്ട് നിൽക്കുന്ന പുരുഷാധിപത്യ പ്രവണത. സ്ത്രീകളെ വിലകുറച്ചു കാണുന്ന രീതി ,ബലാത്സംഗം അവരനുഭവിക്കുന്ന..വേദന അക്രമം എല്ലാം മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു…..നോവൽ രണ്ടുമൂന്ന് തവണ വായിച്ചും വിലയിരുത്തൽ നോക്കിയും ആണ് ഞാൻ സുഗന്ധിയെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. കാരണം അത്ര ലളിതമല്ല ആ വായന എന്നെനിക്ക് തോന്നി. മറക്കാൻ കഴിയാത്ത,..വേദന തോന്നുന്ന പല മുഹൂർത്തങ്ങൾ. പുസ്തകത്തിലെ നാല് വരി കടമെടുത്താൽ….
മിത്തിനും യാഥാർഥ്യത്തിനുമിടയിൽ സ്ത്രീ ശക്തിയുടെ പ്രതിരൂപമായി, നിസ്സാഹായതയ്ക്കിടയിൽപോലും പൊരുതുന്ന ശക്തിയായി, ദേവനായകി പുനർജനിച്ചുകൊണ്ടേയിരുന്നു….

ടി.ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി‘ നോവലിന് തങ്കമണി പയ്യനാട്ട് എഴുതിയ വായനാനുഭവം.

Comments are closed.