സൂഫിക്ക് 25 വയസ്സ്

soofiകേരള സാഹിത്യ അക്കാദമി അവാര്‍ഡും ഇടശ്ശേരി അവാര്‍ഡും നേടിയ രാമനുണ്ണിയുടെ സുഫി പറഞ്ഞ കഥ വായനക്കാരിലെത്തിയിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഈ അവസരത്തില്‍ കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍വച്ച് നോവല്‍ ചര്‍ച്ചയും പുസ്തകത്തിന്റെ പുതിയപതിപ്പിന്റെ പ്രകാശനവും നടത്തുകയാണ്.

മാര്‍ച്ച് 7ന് വൈകിട്ട് 4ന് കാര്യവട്ടം കോളജ് കാമ്പസില്‍ നോവലിസ്റ്റ് സി രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദന്‍ പുസ്തകം പ്രകാശനം ചെയ്യും. സാവിത്രി രാജീവന്‍ പുസ്തകം ഏറ്റുവാങ്ങും. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ടി ഡി രാമകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. രാമനുണ്ണിയുടെ മറുപടിപ്രസംഗം നടത്തും.

എട്ട് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ മലയാളത്തിലെ അപൂര്‍വ്വ നോവലായ  സുഫി പറഞ്ഞ കഥ 1993ലാണ് പ്രസിദ്ധീകരിച്ചത്. സ്ഥലവും കാലവും ചരിത്രവുമെല്ലാം ഒന്നിക്കുന്ന ഒരു സൃഷ്ടിയാണ് രാമനുണ്ണിയുടെ സുഫി പറഞ്ഞ കഥ. രണ്ടു മതങ്ങള്‍ വ്യത്യസ്തകരകളിലായി അകന്നുപോയതാണ് നോവലിന്റെ കാലം. മതവിശ്വാസങ്ങള്‍ക്കപ്പുറം മതത്തില്‍ പിറന്നു മതത്തില്‍ വളര്‍ന്നു ജീവിക്കുന്നവര്‍ അകന്നകന്നുപോകുന്നു എന്നിടത്താണ് സുഫിപറഞ്ഞ കഥയുടെ കാലപരിസരം ഉയരുന്നത്. മുസ്ലിം ജനതയുടെ രണ്ടാം മെക്ക എന്നറിയപ്പെടുന്ന പൊന്നാനിയാണ് നോവലിലെ സ്ഥലഖണ്ഡം. ആതിരശ്ശേരി തമ്പ്രാതക്കളില്‍ നിന്ന് കാണം കിട്ടിയ ഇരുന്നൂറേക്കര്‍ ഇരുന്നൂറേക്കര്‍ പുരയിടത്തിന്റെ നന്മയുള്ള മേലെപ്പുല്ലാരത്തറവാട്ടിലെ കാര്‍ത്ത്യായനി എന്ന കാര്‍ത്തിയിലൂടെയും മുസലിയാര്‍ മഠത്തില്‍ പീത്തന്‍ മാമൂട്ടി എന്ന തേങ്ങാക്കച്ചവടക്കാരനിലൂടെയും വികസിക്കുന്ന നോവല്‍ അക്കാലഘട്ടത്തിലെ ഹിന്ദുമുസ്ലീം പ്രശ്‌നങ്ങളിലേക്കും ഫ്യൂഡല്‍ കാലഘട്ടത്തിലേക്കും വിരല്‍ചൂണ്ടുന്നതാണ്.

പുതിയ തലമുറയില്‍ നിന്ന് മലയാളത്തിനു ലഭിച്ച ഏറ്റവും മികച്ച നോവലുകളിലൊന്നാണ് സൂഫി പറഞ്ഞകഥ. ഭാഷാപരമായ ചാരുത, ആഖ്യാനത്തിന്റെ നവീനത, യാഥാര്‍ത്ഥ്യവും അതിയാഥാര്‍ത്ഥ്യവും തമ്മിലുള്ള സംയോജനം, മതങ്ങള്‍ക്കതീതമായി ഉയരുന്ന ആത്മീയതയുടെയും മാനുഷികമായ ആര്‍ദ്രതയുടെയും സാമഞ്ജസ്യം-രതിഭാവവും മാതൃഭാവവും, ഐതിഹ്യവും അദ്ധ്യാത്മികതയും വിസ്മയകരമായി ഒന്നുചേര്‍ന്ന് അലിയുന്നു മിഥികസ്വഭാവമുള്‌ല ഈ നോവലില്‍ എന്ന് സച്ചിദാനന്ദനും, കൈയറപ്പുകൊണ്ടോ കീഴ് വഴക്കംകൊണ്ടോ മാറ്റിവയ്ക്കാറുള്ള വാക്കുകളെ സൂഫി പറഞ്ഞകഥയില്‍ നോവലിസ്റ്റ് ഉണര്‍ത്തുന്നു, ചൊടിപ്പിക്കുന്നു. പഴയവാക്കുകളുടെ വിന്യാസത്തില്‍ പുതിയ അര്‍ത്ഥതലങ്ങളുണ്ടാക്കുന്നതില്‍ നമ്മുടെ പുതിയ തലമുറയിലെ ഈ എഴുത്തുകാരന്‍ വിജയിക്കുന്നു എന്ന് എം ടി വാസുദേവന്‍ നായരും അഭിപ്രായപ്പെടുന്നു.

പ്രമുഖ എഴുത്തുകാരുടെയും വായനക്കാരുടെയും പ്രശംസയ്ക്കുപാത്രീഭവിച്ച നോവല്‍ പ്രിയനന്ദന്‍ സിനിമയുമാക്കിയിരുന്നു. സിനിമാലോകത്തിനിന്നും വലിയ പ്രതികരണമാണ് സുഫി പറഞ്ഞ കഥയ്ക്ക് അന്ന് ലഭിച്ചത്. കാലങ്ങള്‍ക്കിപ്പുറവും പ്രസക്തമായ കഥാപരിസരം കൊണ്ട് കാലാതിവര്‍ത്തിയായിത്തീരുന്ന സുഫിപറഞ്ഞ കഥ  1995 ലാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്.

Categories: LATEST EVENTS