മലയാളസിനിമയില്‍ ഏറ്റവുമധികം ദുഃഖം അനുഭവിക്കുന്നവര്‍ നിര്‍മാതാക്കളാണെന്ന് ശ്രീകുമാരന്‍ തമ്പി.

sree-kumaran

മലയാളസിനിമയില്‍ ഏറ്റവുമധികം ദുഃഖം അനുഭവിക്കുന്നവര്‍ നിര്‍മാതാക്കളാണ്. പടം ഓടിയില്ലെങ്കില്‍ നിര്‍മാതാവിന് മുടക്കുമുതല്‍ മുഴുവന്‍ പോകും. പക്ഷേ, തിയേറ്റര്‍ ഉടമയ്ക്ക് പടം മാറ്റി അടുത്തപടം കളിക്കാം. ഇനി പൂട്ടിയിട്ടാലും നഷ്ടമില്ല. തിയേറ്റര്‍ സ്ഥാവരവസ്തുവാണ്. നാള്‍ പോകുംതോറും ഭൂമിയുടെ വില കൂടുകയേയുള്ളൂ. ഈ സാഹചര്യത്തിൽ വരുമാനത്തിന്റെ അമ്പതുശതമാനം വേണമെന്ന തിയേറ്റര്‍ ഉടമകളുടെ അവകാശം തികച്ചും അന്യായമാണെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ഒരിക്കലും നിര്‍മാതാവിനുണ്ടാകുന്ന നഷ്ടം പ്രദര്‍ശനശാലയ്ക്കുണ്ടാവുകയില്ലെന്നും ആരാധകരുടെ കണ്ണുകള്‍ എപ്പോഴും സൂപ്പര്‍താരങ്ങളില്‍ മാത്രമാണ് പതിയുന്നത്. മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ബന്ധുവാര് ശത്രുവാര് എന്ന ലേഖനത്തിലാണ് ഇദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഷൂട്ടിങ് സമയത്ത് നടീനടന്മാര്‍ക്കും മറ്റുള്ളവര്‍ക്കും ആഹാരം വിളമ്പുന്ന ഒരു പ്രൊഡക്ഷന്‍ ബോയിക്ക് ഒരു സിനിമയുടെ ജോലിതീരുന്നതിനിടയില്‍ കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും ശമ്പളമായി(ബാറ്റ) കിട്ടും. ഒരു ക്യാമറാസഹായിക്ക് ഒന്നരലക്ഷത്തോളം ലഭിക്കും. നിര്‍മാണനിര്‍വഹണം നടത്തുന്ന വ്യക്തിക്ക്(പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്) ഏറ്റവും കുറഞ്ഞ പ്രതിഫലം യൂണിയന്‍ നിയമപ്രകാരം രണ്ടരലക്ഷം രൂപയാണ്.

സിനിമ പരാജയപ്പെട്ടാല്‍ നിര്‍മാതാവിന് ഈ ചെറിയ തുകപോലും കിട്ടുകയില്ല. എന്നുമാത്രമല്ല മുടക്കുമുതല്‍ മുഴുവന്‍ നഷ്ടമാവുകയും ചെയ്യും. ഏതൊരു വ്യവസായത്തിലും വരാവുന്ന ഏറ്റവും വലിയ നഷ്ടം നൂറുശതമാനമാണ്. എന്നാല്‍, മുടക്കുമുതലിനെക്കാള്‍ നഷ്ടംവരാവുന്ന തൊഴിലാണ് ചലച്ചിത്രനിര്‍മാണമെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. സത്യാവസ്ഥ ഇങ്ങനെയായിട്ടും എന്തുകൊണ്ട് വീണ്ടും വീണ്ടും ആളുകള്‍ നിര്‍മാണരംഗത്തേക്ക് വരുന്നുവെന്നു ചോദിച്ചാല്‍ അതാണ് സിനിമയുടെ മാസ്മരികത എന്നാണ് ഉത്തരമെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

Categories: MOVIES