DCBOOKS
Malayalam News Literature Website

മാന്‍ ബുക്കര്‍; അവസാന പട്ടികയിൽ ആറു പുസ്തകങ്ങൾ

man booker

2017 മാന്‍ ബുക്കര്‍ സമ്മാനത്തിന്റെ അവസാന പട്ടികയിൽ യുകെയിലെയും യുഎസിലെയും എഴുത്തുകാരുടെ ആധിപത്യം. പോള്‍ ആസ്ടറിന്റെ ‘4321’, എമിലി ഫ്രിഡ്ലണ്ടിന്റെ ‘വോള്‍വ്സ് ഹിസ്റ്ററി’, പാകിസ്താന്‍-യു.കെ. എഴുത്തുകാരനായ മൊഹ്സിന്‍ ഹമീദിന്റെ ‘എക്സിറ്റ് വെസ്റ്റ്’, ഫിയോണ മോസ്ലിയുടെ ‘എംലെറ്റ്’, ജോര്‍ജ് സാണ്ടേഴ്സിന്റെ ‘ലിങ്കണ്‍ ഇന്‍ ബാര്‍ഡോ’, അലിസ്മിത്തിന്റെ ‘ഓട്ടം’ എന്നീ ആറു പുസ്തകങ്ങളാണ് മത്സരരംഗത്ത് അവശേഷിക്കുന്നത്. ഒക്ടോബര്‍ പതിനേഴിന് സമ്മാന ജേതാവിനെ പ്രഖ്യാപിക്കും.

മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങുന്ന പട്ടികയിലെ പുസ്തകങ്ങൾ നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സ്വയം പര്യാപ്‌തത കൈവരിക്കാൻ പാടുപെടുന്ന ഇംഗ്ലണ്ടിലെ ഗ്രാമപ്രദേശത്തിലെ ഒരു കുടുംബത്തിന്റെ കഥ തുടങ്ങി സിവിൽ വാർ കാരണം ഒരു പേരില്ലാത്ത നഗരത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന രണ്ടു അഭയാർഥികളുടെ കഥ പറയുന്ന പുസ്തകങ്ങളാണ് അവസാന പട്ടികയിൽ.

അരുന്ധതി റോയിയുടെ പുതിയ നോവല്‍ ‘ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്‘ മാന്‍ ബുക്കര്‍ സമ്മാനത്തിനുള്ള അവസാന ചുരുക്കപ്പട്ടികയില്‍ ഇടം നേടിയില്ല. ജൂലായില്‍ പുരസ്കാര നിര്‍ണയസമിതി തിരഞ്ഞെടുത്ത പതിമൂന്ന് പുസ്തകങ്ങളില്‍ അരുന്ധതി റോയിയുടെ നോവല്‍ ഉണ്ടായിരുന്നു. അരുന്ധതിയുടെ ആദ്യപുസ്തകമായ ദ ഗോഡ് ഓഫ് സ്മോള്‍ തിങ്സിന് 1997-ല്‍ ബുക്കര്‍ പുരസ്കാരം ലഭിച്ചിരുന്നു. മാൻ ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിതയാണ്‌ അരുന്ധതി റോയ്.

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനായ കോള്‍സണ്‍ വൈറ്റ്ഹെഡിന്റെ നോവലായ ‘ദി അണ്ടര്‍ഗ്രൗണ്ട് റെയില്‍റോഡും അവസാന പട്ടികയില്‍ ഇടം നേടാനായില്ല. ഈ പുസ്തകം 2017-ലെ പുലിറ്റ്സര്‍ സമ്മാനം നേടിയിരുന്നു.

Comments are closed.