ബഹ്‌റൈന്‍ കേരളീയസമാജം-ഡി സി പുസ്തകോത്സവത്തിന് തുടക്കമായി

bks-dc

ബഹ്‌റൈന്‍ കേരളീയ സമാജം ഡി.സി. ബുക്‌സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ പുസ്തകോത്സവവും സാംസ്‌കാരികോത്സവവും എഴുത്തുകാരനും എംപിയുമായ ശശിതരൂര്‍ ഉദ്ഘാടനം ചെയ്തു. മെയ് 17 ന് വൈകിട്ട് 7.30ന് ബഹ്‌റൈനിലെ കേരളീയ സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ നടന്ന ചടങ്ങില്‍ കേരളീയ സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണ പിള്ള അധ്യക്ഷനായിരുന്നു. രവി ഡി.സി, സമാജം ജന.സെക്രട്ടറി എൻ.കെ.വീരമണി, ബഹ്റൈൻ ക്രൗൺ പ്രിൻസ് കോർട് പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ ദെയ്ജ് ആൽ ഖലീഫ, ഇന്ത്യൻ എംബസി സെക്കൻറ് സെക്രട്ടറി ആനന്ദ് പ്രകാശ്, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി.ഫിലിപ്പ്, വൈസ് പ്രസിഡൻറ് ആഷ്ലി ജോർജ്, പുസ്തകോത്സവം കൺവീനർ ഡി.സലിം തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

ശശിതരൂരിന്റെ’ ആന്‍ ഇറ ഓഫ് ഡാര്‍ക്‌നസ് ദ ബ്രിട്ടിഷ് എമ്പയര്‍ ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷ ഇരുളടഞ്ഞ കാലം : ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത് പ്രകാശനം ചെയ്തു. തുടര്‍ന്ന് ‘സാമ്രാജ്യത്വത്തിന്റെ ഇരുണ്ടയുഗം’ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തി. ഇന്ത്യന്‍ സ്‌കൂളിലെ 2000ല്‍ പരം വിദ്യാര്‍ത്ഥികളുമായുള്ള ചോദ്യോത്തരവേളയിലും അദ്ദേഹം പങ്കെടുത്തു.tharoor

ബ്രിട്ടിഷ് സാമ്രാജ്യത്വം ഇന്ത്യയുടെ തദ്ദേശീയ വ്യവസായങ്ങളെയും സാംസ്കാരിക പാരമ്പര്യത്തെയും തകർത്തതിനെക്കുറിച്ചുള്ള സമഗ്ര പ്രഭാഷണമായി തരൂരിെൻറ ഉദ്ഘാടന പ്രസംഗം മാറി. തന്റെ പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ചും അദ്ദേഹം വിവരിച്ചു. കൊളോണിയൽ ശക്തിയായ ബ്രിട്ടീഷുകാർ ഇന്ത്യയെ എല്ലാ അർഥത്തിലും കൊള്ളയടിക്കുകയാണുണ്ടായതെന്ന് അദ്ദേഹം ഉദാഹരണ സഹിതം വിശദമാക്കി.

bks-dc--book-release

പുസ്തകോത്സവത്തിന്റെ രണ്ടാംദിനമായ മെയ് 18ന് വൈകിട്ട് 7.30 ന് നടക്കുന്ന മുഖാമുഖം പരിപാടിയില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ പങ്കെടുക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍  കരിയര്‍ ഗുരു ബി എസ് വാരിയര്‍ , മുരുകന്‍ കാട്ടാക്കട , മനോജ്കുറൂര്‍ എന്നിവര്‍ സംബന്ധിക്കും. ബി.എസ്. വാരിയരുടെ നിരവധി സെഷനുകളാണ് പുസ്തകോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. മേയ് 25,26 തിയതികളില്‍ ജി.സി.സി തലത്തിലുള്ള സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കും. ഇതിന് നോവലിസ്റ്റും കവിയുമായ മനോജ് കുറൂര്‍, സാഹിത്യ നിരൂപകന്‍ കെ.എസ്. രവികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. കവിതക്കും കഥക്കും പ്രത്യേകം സെഷനുകളുണ്ടാകും. കുട്ടികള്‍ക്കുള്ള കൂടുതല്‍ പുസ്തകങ്ങളും കരിയര്‍ ഡെവലപ്മന്റെ് സെഷനുകളും ഈ വര്‍ഷത്തെ പുസ്തകോത്സവത്തിന്റെ പ്രത്യേകതയാണ്. പൊതുവിജ്ഞാന തല്‍പരര്‍ക്കായി ‘ക്വിസ്‌കോര്‍ണറുകളും’ ഒരുക്കും. സാംസ്‌കാരികോത്സവത്തെ വര്‍ണശബളമാക്കുന്ന നിരവധി മത്സങ്ങളും നടത്തും. ഇന്ത്യയിലും വിദേശത്തുമുള്ള 25ലധികം പ്രസാധകരുടെ പുസ്തകങ്ങള്‍ മേളയിലുണ്ടാകും. മെയ് 27 വരെയാണ് പുസ്തകോത്സവം.