ഇന്ത്യയുടെ പാരമ്പര്യം എന്നാല്‍ കെട്ടുകഥകളല്ല; ശശിതരൂര്‍

tharoor1

ഇന്ത്യയുടെ പാരമ്പര്യം എന്ന പേരില്‍ കെട്ടുകഥകളില്‍ അഭിരമിക്കുകയല്ല വേണ്ടതെന്നും ഇന്ത്യ പൂര്‍വ്വകാലത്തു കൈവരിച്ച നേട്ടങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടതെന്നും എഴുത്തുകാരനും എംപിയുമായ ശശിതരൂര്‍ പറഞ്ഞു. ബഹ്‌റൈനിലെ കേരളീയ സമാജം ഡി സി ബുക്‌സുമായി ചേര്‍ന്നു നടത്തുന്ന അന്തര്‍ദേശിയ പുസ്തകേത്സവത്തോടനുബന്ധിച്ച് “സാമ്രാജ്യത്തിന്റെ ഇരുണ്ട യുഗം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആര്യഭടനെപ്പോലെയുള്ള ശാസ്ത്രജ്ഞന്മാരെക്കുറിച്ച് പറയുന്നതിനുപകരം പുഷ്പകവിമാനത്തെക്കുറിച്ച് സംസാരിക്കാനാണ് താല്‍പര്യം കാണിക്കുന്നത്. ഇത്തരത്തിലുള്ള അനേകം തെറ്റിദ്ധാരണകളും കെട്ടുകഥകളും കൊണ്ടല്ല ഇന്ത്യയുടെ പാരമ്പര്യത്തെ അന്വേഷിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ് ഭരണം ഇന്ത്യയെ ക്ഷയിപ്പിക്കുകയാണ് ചെയ്തത്. ഇന്ത്യയുടെ പ്രതാപകാലത്തെ അത് നശിപ്പിച്ചു. ഹിറ്റ്‌ലര്‍ കാണിച്ചതിലും ക്രൂരമായിട്ടായിരുന്നു ഇന്ത്യന്‍ ജനതയോട് ബ്രിട്ടന്‍ പെരുമാറിയത്. എഴുത്തുകാരുടെ കൈമുറിച്ചതുപോലെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ക്രൂരത അവര്‍കാണിച്ചു. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നേട്ടങ്ങള്‍ എന്നുപറയുന്നത് ഇന്ത്യയെ കൊള്ളയടിക്കാന്‍ വേണ്ടിമാത്രം സൃഷ്ടിച്ചതായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ ഒരുമിപ്പിച്ചു എന്ന വാദം ശരിയല്ല. ഒറ്റക്കെട്ടായിരുന്ന ഇന്ത്യയെ തകര്‍ക്കുകയായിരുന്നു അവര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് തന്റെ പുതിയ പുസ്തകമായ Inglorious Empire: What the British did to India യെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

18-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ച് വിവരിക്കുന്ന പുസ്തകമാണ് Inglorious Empire: What the British did to India. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിനുകീഴില്‍ വന്നപ്പോള്‍മുതലുള്ള യാഥാര്‍ത്ഥ്യവസ്തുതകളാണ് അദ്ദേഹം തന്റെ പുസ്തകത്തിലൂടെ പറയുന്നത്. യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ തന്നെ അന്ന് ഇന്ത്യയും സാമ്പത്തികമായി മുന്നിലായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെത്തിയനാള്‍ മുതല്‍ അതിന് മാറ്റം ഉണ്ടാവുകയും ഇന്ത്യ എല്ലാക്കാര്യത്തിലും പിന്നോക്കം പോകുകയും ചെയ്തു എന്നും ശശിതരൂര്‍ തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

ബഹ്‌റൈനിലെ കേരളീയ സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ മെയ് 17 ന് ആരംഭിച്ച പുസ്തകോത്സവവും സാംസ്‌കാരികോത്സവവും മെയ് 27ന് സമാപിക്കും.