DCBOOKS
Malayalam News Literature Website

സുഷമ സ്വരാജ് അന്തരിച്ചു

ദില്ലി: ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുഷമ സ്വരാജ് (67)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രി 11.15നായിരുന്നു അന്ത്യം. ഒന്നാം മോദി മന്ത്രിസഭയിലെ വിദേശകാര്യവകുപ്പ് മന്ത്രിയായിരുന്ന സുഷമ ജനകീയഇടപെടലുകളിലൂടെയാണ് സാധാരണക്കാരുടെയും മനം കവര്‍ന്നത്. വാജ്‌പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ- പ്രക്ഷേപണ മന്ത്രിയായിരുന്നു. രാവിലെ 11 വരെ ദില്ലിയിലെ വസതിയിലും തുടര്‍ന്ന് 12 മുതല്‍ മൂന്നു വരെ ബി.ജെ.പി ആസ്ഥാനത്തും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് മൂന്നു മണിക്ക് ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ നടക്കും.

ഹരിയാനയിലെ അംബാല കന്റോണ്‍മെന്റില്‍ 1952 ഫെബ്രുവരി 14-ന് ജനിച്ച സുഷമ, എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1977-ല്‍ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. 25 വയസ്സിലായിരുന്നു ആ സ്ഥാനലബ്ധി. ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി കൂടിയായിരുന്നു സുഷമ. ഏഴ് തവണ ലോക്‌സഭാംഗമായി. ദേശീയകക്ഷിയുടെ വക്താവാകുന്ന ആദ്യ വനിത, കാബിനറ്റ് മന്ത്രിയാകുന്ന ആദ്യ വനിത, ആദ്യ വനിതാ പ്രതിപക്ഷനേതാവ് എന്നിങ്ങനെ നിരവധി വിശേഷങ്ങള്‍ക്ക് ഉടമയാണ് സുഷമ.

2016-ല്‍ വൃക്കമാറ്റ ശസ്ത്രക്രിയക്കു വിധേയയായ സുഷമ, ആരോഗ്യകാരണങ്ങളാല്‍ ഇത്തവണത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. സുപ്രീം കോടതി അഭിഭാഷകനും ഗവര്‍ണ്ണറുമായിരുന്ന സ്വരാജ് കൗശാലാണ് ഭര്‍ത്താവ്. ഭാംസുരി സ്വരാജാണ് ഏകമകള്‍.

സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

Comments are closed.