സന്ദർശകരെ അപൂർവ്വാനുഭൂതിയുടെ ലോകത്തേക്ക് നയിക്കുന്ന സുന്ദര തടാകം

seetha thadakam

സീത ദേവി തടാകമെന്നറിയപ്പെടുന്ന ഈ തടാകത്തിനെ ദേവികുളം തടാകമെന്നും വിളിക്കാറുണ്ട്. ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായ ഈ തടാകക്കര ഇന്ന് നിരവധിയാളുകളെയാണ് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. മലനിരകള്‍ക്കിടയില്‍ സംഭരിയ്ക്കപ്പെട്ടിരിക്കുന്ന സീതാ ദേവി തടാകത്തിലെ ഈ ശുദ്ധജലത്തില്‍ ചൂടുറവകളുണ്ട്. 15 അടിയോളം ആഴമുള്ള ഈ സുന്ദര തടാകം ഒരിക്കലും വറ്റാറില്ലെന്നും പറയപ്പെടുന്നു. പ്രകൃതി ഒരുക്കിയ തീര്‍ത്തും രമണീയമായ ഒരു മടിത്തട്ടുതന്നെയാണ് ഈ തടാകതീരം. ഈ തടാകവുമായി ബന്ധപ്പെട്ട് ചില ഐതിഹ്യങ്ങളും നിലവിലുണ്ട്. സീതാ ദേവി സ്‌നാനം ചെയ്തുവെന്ന വിശ്വാസത്തെ പിന്‍പറ്റിയാണ് തടാകത്തിന് ഈ പേരുവന്നിരിക്കുന്നത്, അതിനാല്‍ത്തന്നെ വിശ്വാസികള്‍ തടാകത്തെ ദിവ്യമായ സ്ഥലമായിട്ടാണ് കാണുന്നത്. ദേവികുളത്തിന് ഈ പേരു വന്നതുതന്നെ ഇതുമൂലമാണെന്നാണ് പറയപ്പെടുന്നത്. വനവാസകാലത്ത് പാണ്ഡവര്‍ ഇവിടെയെത്തിയപ്പോള്‍ പാഞ്ചാലി ഈ കുളത്തില്‍ സ്‌നാനം ചെയ്തിരുന്നതായാണ് മറ്റൊരു ഐതിഹ്യം.

തടാകത്തിന് ചുറ്റുമായുള്ള മനോഹരമായ പുല്‍മേടുകളും, തേയിലത്തോട്ടങ്ങളുമെല്ലാം കാഴ്ചക്കാരനെ അപൂര്‍വ്വാനുഭൂതിയുടെ ലോകത്തിലേക്കാണ് നയിക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. ദേവികുളത്തെ തേയിലത്തോട്ടങ്ങളുടെ ഉടമകളായിരുന്ന ബ്രിട്ടീഷുകാര്‍ ബോട്ടിംഗ് നടത്തുന്നതിന് വേണ്ടി ഈ തടാകത്തെ പരിപാലിച്ചിരുന്നു. തടാകത്തിന് സമീപം ഒരു വലിയ കുളവുമുണ്ട്. അഗാധമായ കൊക്കകളും അതിനപ്പുറമുള്ള സമതല പ്രദേശങ്ങളുമെല്ലാം ദേവികുളത്തിന്റെ സ്വന്തം സൗന്ദര്യമാണ്. പ്രകൃതിരമണീയമായ മാട്ടുപ്പെട്ടി തടാകമടക്കമുള്ള നിരവധി സ്ഥലങ്ങള്‍ ദേവികുളത്തുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 1700 അടി ഉയരത്തില്‍ കിടക്കുന്ന തടാകമാണിത്. നിബിഢ വനങ്ങളും പുല്‍മേടുകളുമെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്.

മാട്ടുപ്പെട്ടി അണക്കെട്ടാണ് ദേവികുളത്തിന്റെ മറ്റൊരു പ്രത്യേകത. അണക്കെട്ട് പരിസരം മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ്. ഇന്‍ഡോസ്വിസ് ലൈവ്‌സ്‌റ്റോക് പ്രൊജക്ടിന് കീഴിലുള്ള ഒരു കാലിവളര്‍ത്തുകേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നൂറോളം ഇനങ്ങളില്‍പ്പെട്ട കന്നുകാലികളെ ഇവിടെ കാണുവാന്‍ സാധിക്കും. ചരിത്രപരമായ പ്രാധാന്യമുള്ള ദേവികുളത്തുനിന്നും പുരാവസ്തു ഗവേഷകര്‍ നിരവധി കണ്ടെത്തലുകള്‍ നടത്തിയിട്ടുമുണ്ട്. 3000 കൊല്ലങ്ങള്‍ക്ക് മേല്‍ പ്രായം കണക്കാക്കിയിട്ടുള്ള എഴുത്തറകളും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മുനിയറകളും ഈ പ്രദേശത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

Categories: LIFESTYLE