ഭാരതത്തെയും ഭാരതീയരെയും ഒന്നുപോലെ സ്നേഹിച്ച സരോജിനി നായിഡുവിന്റെ ജീവിതകഥ

 

sarojini-nayidu

അവിടം ഒരു മനോഹാരോദ്യാനമാണ് … പ്രേമവും സൗന്ദര്യവുമാണ് അവിടുത്തെ ദേവതകൾ…. വിഷാദത്തിന്റെ ഒരു നേർത്ത ധൂമിലത പിറകിലുണ്ടെങ്കിലും സൗന്ദര്യത്തിനാണ് അവിടെ സിംഹാസനം….. എന്റെ ഈശ്വരാ എന്തൊരു സൗന്ദര്യമാണിത് !!!

ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡുവിന്റെ കാവ്യലോകത്തെ മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി വിലയിരുത്തിയതിങ്ങനെയാണ്. ആ കവികോകിലത്തിന്റെ ജീവിതകഥ ലളിതവും ആകർഷകവുമായി അവതരിപ്പിക്കുകയാണ് സരോജിനി നായിഡു എന്ന പുസ്തകത്തിലൂടെ വിളക്കുടി രാജേന്ദ്രൻ.

നമ്മുടെ രാഷ്ട്രീയസ്വാതന്ത്ര്യസമര ചരിത്രത്തിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന സരോജിനി നായിഡു ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളിയായിരുന്നു. സർവ്വ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചാണ് ഉന്നതകുലജാതയായ സരോജിനി നായിഡു സമരരംഗത്തേക്ക് ഇറങ്ങിത്തിരിച്ചത്. മതങ്ങളുടെ ഐക്യം സ്വപ്നം കണ്ടിരുന്ന അവർ ഹിന്ദു -മുസ്ലിം ഐക്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചു.

മിശ്രവിവാഹത്തിലൂടെ മാമൂലുകളെ ധിക്കരിച്ച സരോജിനി നായിഡുവിന്റെ ജീവിതം എന്നും ഒരു സമര ഭൂമിയായിരുന്നു. കവിതയായിരുന്നു അവർക്കെല്ലാത്തതിനും കൂട്ട്. സ്വന്തം നാട്ടിലെ വസ്തുതകളാണ് കവിതയ്ക്ക് വിഷയമാക്കേണ്ടതെന്ന എഡ്‌മണ്ട് ഗോസിന്റെ ഉപദേശം കവിതയുടെ പുതുവഴിതേടാൻ അവരെ സഹായിച്ചു. തന്റെ കവിത കുറ്റമറ്റതാണെന്ന ചിന്ത സരോജിനിക്കില്ലായിരുന്നു.” അടക്കാനാകാത്ത സ്വന്തം ഹൃദയവികാരങ്ങളെ കവിതയിലാക്കുന്നു എന്നേയുള്ളൂ എന്നവർ പറഞ്ഞു. എന്നാൽ അതവരുടെ വിനയപ്രസ്താവനയായേ കാണേണ്ടതുള്ളൂ. കാരണം ”ഗോൾഡൻ ത്രഷോൾഡ് ” (സുവർണാങ്കണം ) എന്ന സരോജിനി നായിഡുവിന്റെ കവിത ജനിച്ചിട്ട് നൂറു കൊല്ലമായിട്ടും ശ്രദ്ദിക്കപ്പെടുന്നു എന്നതുതന്നെ. ‘ നൂറുമേനി വിളഞ്ഞ ” ആ കവിതയിലൂടെയാണ് സരോജിനി നായിഡു ഇന്ത്യയുടെ വാനമ്പാടിയായത്.

sarojini-bookതികഞ്ഞ നർമ്മ ബോധത്തിനുടമയായ സരോജിനി നായിഡു അവർ പ്രവർത്തിച്ച മണ്ഡലങ്ങളിലൊക്കെ വിജയശ്രീലാളിതയായി. മഹാത്മജിയുടെ കൊച്ചു സദസ്സിലെ താമാശക്കാരിയായിരുന്ന സരോജിനി നായിഡുവിന്റെ ആ നർമ്മബോധത്തെ വ്യക്തമാക്കുന്ന പുസ്തകത്തിലെ ഒരു സന്ദർഭം.

ഒരിക്കൽ ഒരു വിദേശ പത്രപ്രവർത്തകൻ സരോജിനിയെ കാണാനെത്തി. ” സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞാൽ ഇന്ത്യയിലെ വിക്ടോറിയ രാജ്ഞിയുടെ സ്ഥിതിയെന്താവും ? സരോജിനിയുടെ മറുപടിക്ക് താമസമുണ്ടായില്ല ” അവയുടെ തലകൾ കൊയ്യും ” എന്നിട്ട് എന്റെ തല അവിടെ വയ്ക്കും ” ഉരുളയ്ക്കുപ്പേരി പോലെയായിരുന്നു സരോജിനിയുടെ നർമ്മത്തിൽ പൊതിഞ്ഞ മറുപടി.

ഗോഖലെ , ഗാന്ധിജി , നെഹ്‌റു തുടങ്ങിയവരുമായി ആത്മബന്ധം സ്ഥാപിച്ച സരോജിനിയുടെ വിസ്മയിപ്പിക്കുന്ന ജീവിതകഥയാണ് സരോജിനി നായിഡു എന്ന പുസ്തകത്തിന്റെ പ്രമേയം. ഇംഗ്ലീഷ് ഹിന്ദി ഉറുദു ഭാഷകളിൽ ഒന്നാന്തരം വാഗ്മിയായിരുന്നു സരോജിനി നായിഡു. ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് പ്രഭാഷണങ്ങളിലൂടെയും കവിതയിലൂടേയും ജനങ്ങൾക്ക് സമരാവേശവും ആത്മവീര്യവും പകർന്ന സരോജിനി നായിഡുവിന്റെ ജീവചരിത്ര ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പാണ് ഡി സി ബുക്സ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് വിളക്കുടി എസ്. രാജേന്ദ്രൻ. കേരളാ സർവകലാശാലയിൽ നിന്നു എം.എ (മലയാളം) ബി.എഡ് ബിരുദങ്ങൾ നേടി. കേരളദേശം, കേരളപത്രിക ദിനപത്രങ്ങളിൽ സബ് എഡിറ്ററായും പ്രഭാത് ബുക്ക് ഹൗസിലും, ചതുരംഗം വാരികയിലും അസി. എഡിറ്ററായും, ശാസ്ത്രഗതി മാസികയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിൽ അസി. ഡയറക്ടർ, വിജ്ഞാന കൈരളി മാസികയുടെ പത്രാധിപർ, ഡോ. കെ എം ജോർജ് സ്മാരക ഭാഷാ പഠനഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക കോ-ഓർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു.

ജീവചരിത്രം, കഥ, ബാലസാഹിത്യം, വിവർത്തനം, സാഹിത്യവിമർശനം എന്നീ മേഖലകളിലായി വിളക്കുടി എസ്. രാജേന്ദ്രൻ 12 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ ബുക്ക് മാർക്ക് സൊസൈറ്റിയിൽ നിർവാഹക സമിതി അംഗമായിരുന്നു. വിദ്യാരംഗം മാസികയുടെ പത്രാധിപ സമിതി അംഗം, സ്ഥലനാമ സമിതി ജോയിന്റ് സെക്രട്ടറി, പുനലൂർ ബാലൻ സ്മാരക സാഹിത്യ വേദി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

Categories: Editors' Picks, LITERATURE