“സാഹിതി -17”- മലയാള സര്‍വകലാശാലയുടെ അന്തര്‍ സര്‍വകലാശാല സാഹിത്യോത്സവം 21 മുതല്‍

sahithi

തിരൂര്‍ മലയാള സര്‍വകലാശാലയുടെ നാലാമത് അന്തര്‍ സര്‍വകലാശാല സാഹിത്യോത്സവം “സാഹിതി 2017 ഫെബ്രുവരി 21 മുതല്‍ 23 വരെ തിരൂരിലെ അക്ഷരം കാമ്പസില്‍ നടക്കും. 21 ന് രാവിലെ 11 ന് സേതു സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. പി കെ രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. സാഹിത്യരചനാമത്സരങ്ങള്‍, സാഹിത്യക്വിസ്, ഡോക്യുമെന്ററി പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, സംവാദം, കാവ്യസന്ധ്യ, കഥ, കവിത, നോവല്‍ ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, പാനല്‍ ചര്‍ച്ച, ഗസല്‍ സന്ധ്യ, പുസ്തകോത്സവം എന്നിവയോടൊപ്പം പുനലൂര്‍ രാജന്‍ ഒരുക്കുന്ന എഴുത്തുകാരുടെ അപൂര്‍വ്വ ഫോട്ടോകളുടെ പ്രദര്‍ശം എന്നിവയാണ് സാഹിതി -17 മുഖ്യാകര്‍ഷണം.

ആദ്യദിനം നടക്കുന്ന കഥയും ജീവിതവും എന്ന സെഷനില്‍ തോമസ് ജോസഫ്, ജോര്‍ജ് ജോസഫ്, അയ്മനം ജോണ്‍, എബ്രഹാം മാത്യു, ടി കെ ശങ്കരനാരായണന്‍, സി എസ് ചന്ദ്രിക എന്നിവര്‍ പങ്കെടുക്കും. സേതുവുമായുള്ള മുഖാമുഖം പരിപാടിയും നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന കഥാചര്‍ച്ചയില്‍ ഉണ്ണി ആര്‍, സോക്രട്ടീസ് വാലത്ത്, ഷീബ കെ ഇ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് ഉമ്പായിയുടെ ഗസല്‍ സന്ധ്യയും അരങ്ങേറും.

രണ്ടാംദിവസം നടക്കുന്ന സാഹിത്യനിരൂപണ ചര്‍ച്ചയില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ്, സി ആര്‍ പ്രസാദ്, കെ എം അനില്‍ എന്നിവരും, നോവലിലെ പെണ്‍വഴികള്‍ എന്ന ചര്‍ച്ചയില്‍ ലിസി, രതീദേവി, സംഗീതാ ശ്രീനിവാസന്‍, തുടങ്ങിയവരും പങ്കെടുക്കും. നോവലും ജീവിതവും എന്നവിഷയത്തിലുള്ള ചര്‍ച്ചയില്‍ നാരായന്‍, ജി ആര്‍ ഇന്ദുഗോപന്‍ എന്നിവര്‍ സംബന്ധിക്കും.

തുടര്‍ന്ന് ഏഴാച്ചേരി രാമചന്ദ്രന്‍, ഗിരീഷ് പുലിയൂര്‍, അനില്‍പനച്ചൂരാന്‍, പി രാമന്‍, ദിവാകരന്‍ വിഷ്ണുമംഗലം, ഡോ രോഷ്‌നി സ്വപ്‌ന, എസ് കലേഷ് എന്നിവര്‍ പങ്കെടുക്കുന്ന കാവ്യസന്ധ്യ, കലാശാല തിയറ്റേര്‍ ക്ലബ്ബ് അവതരിപ്പിക്കുന്ന നാടകം എന്നിവ ഉണ്ടാകും.

സമാപന ദിവസമായ ഫെബ്രുവരി 23ന് ജീവിതം കേട്ടെഴുതുമ്പോള്‍ എന്ന ചര്‍ച്ചയില്‍ ശ്രീജിത്ത് പെരുന്തച്ഛന്‍, താഹമഡായി, പി ടി മുഹ്ഹമദ് സാദിഖ്, ബിജു കാഞ്ഞങ്ങാട് എന്നിവര്‍ പങ്കെടുക്കും. അരങ്ങിലെ ജവിതം എന്ന വിഷയത്തില്‍ കലാധരന്‍ സദസ്യരുമായി സംവദിക്കും. വാക്കും വരയും എന്ന പരിപാടിയില്‍ സുധീഷ് കോട്ടമ്പ്രം, കവിത ബാലകൃഷ്ണന്‍, എം പി പ്രതീഷ്, ബിജു കാഞ്ഞങ്ങാട് എന്നിവരും സന്നിഹിതരായിരിക്കും. തുടര്‍ന്ന് സുവര്‍ണ്ണ രേഖ ഡോക്യുമെന്ററി പ്രദര്‍ശനം വും സാഹിത്യമത്സരവിജയികളുടെ രചനാവതരണവും നടക്കും.

രംഗശാല, ചിത്രകല, കളിപ്പന്തല്‍ എന്നിങ്ങനെ നാമകരണം ചെയ്ത വേദികളിലാണ് പരിപാടികള്‍ നടക്കുന്നത്. ഉച്ചയ്ക്ക് 2.30 മുതല്‍ നടക്കുന്ന സമാപനസമ്മേളനത്തില്‍ സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ മുഖ്യാതിഥിയായിരിക്കും.

Categories: LATEST EVENTS