DCBOOKS
Malayalam News Literature Website

ശബരിമല മണ്ഡലകാലത്തിന് ഇന്ന് പരിസമാപ്തി

നാല്‍പ്പത്തിയൊന്ന് നാളത്തെ മണ്ഡലകാല വ്രതാനുഷ്ഠാനത്തിന് പരിസമാപ്തിയായി സന്നിധാനത്ത് മണ്ഡല പൂജ നടന്നു. രാവിലെ പതിനൊന്നരയോടെയാണ് മണ്ഡലപൂജാ ചടങ്ങുകള്‍ നടന്നത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി 11 ന് നട അടക്കും

ഇന്ന് പുലര്‍ച്ചെ മൂന്നിന് ശബരിമല നട തുറന്നപ്പോള്‍ സന്നിധാനത്ത് വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് നെയ്യഭിഷേകം നടന്നു. അതിനു ശേഷം മണ്ഡലപൂജയ്ക്കായി ശുദ്ധിക്രിയകള്‍ നടന്നു. അതിനു ശേഷം പൂജാ ചടങ്ങുകള്‍ ആരംഭിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി എന്നിവര്‍ ശ്രീകോവിലിനു മുന്നില്‍ നമസ്‌കരിച്ചു. തുടര്‍ന്ന് ശ്രീകോവിലിനുള്ളില്‍ പൂജകള്‍ ആരംഭിച്ചു. ആറന്‍മുളയില്‍ നിന്നും കൊണ്ടുവന്ന തങ്കയങ്കി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി പൂജകള്‍ പൂര്‍ത്തിയാക്കി. തിരുനട തുറന്നപ്പോള്‍ ഭക്തരുടെ കൂട്ടശരണം വിളികള്‍ക്കിടയില്‍ സന്നിധാനം ഭക്തിസാന്ദ്രമായി.

മണ്ഡലകാലത്തിന്റെ സമാപന ദിവസത്തെ ഉച്ചപൂജയാണ് മണ്ഡലപൂജ. മണ്ഡലകാല പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി 11 ന് ഹരിവരാസനം പാടി നട അടക്കും. ഇനി മകരവിളക്ക് ഉത്സവത്തിനായി സിസംബര്‍ 30 ന് വീണ്ടും നട തുറക്കും.

Comments are closed.