DCBOOKS
Malayalam News Literature Website

ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന് ഏറ്റ തീരാക്കളങ്കം; എസ്. ഹരീഷിന് പിന്തുണ നല്‍കി കേരളത്തിലെ എഴുത്തുകാര്‍

സൈബര്‍ അധിക്ഷേപങ്ങളെ തുടര്‍ന്ന് ‘മീശ’ നോവല്‍ പിന്‍വലിച്ച എസ്. ഹരീഷിന് പിന്തുണയുമായി കേരളത്തിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും. എഴുത്തുകാരായ സക്കറിയ, സാറാ ജോസഫ്, ബെന്യാമിന്‍, സുസ്‌മേഷ് ചന്തോത്ത്, തനൂജാ എസ്.ഭട്ടതിരി തുടങ്ങി നിരവധി പ്രമുഖരാണ് എസ്. ഹരീഷിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. മതമൗലികവാദികളുടെ എതിര്‍പ്പിനെ ഭയന്ന് നോവല്‍ പിന്‍വലിക്കേണ്ടി വന്നത് എറെ ദൗര്‍ഭാഗ്യകരമെന്ന് ഏവരും ഒറ്റസ്വരത്തില്‍ പറയുന്നു.

മലയാളികളേയും കേരള സംസ്‌കാരത്തേയും കരിതേച്ച മതഭ്രാന്തന്മാര്‍ക്കെതിരെ എന്ന് പ്രതികരിച്ചാണ്, താന്‍ എസ്. ഹരീഷിനൊപ്പമെന്ന് എഴുത്തുകാരന്‍ സക്കറിയ വ്യക്തമാക്കിയിരിക്കുന്നത്.

നോവല്‍ പിന്‍വലിച്ചതിനോട് താന്‍ ശക്തമായ വിയോജിക്കുന്നുവെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍ പറയുന്നു. ഈ തീരുമാനത്തിലൂടെ എതിരാളികള്‍ക്ക് വിജയഭേരി മുഴക്കുവാനുള്ള അവസരമാണ് ഉണ്ടാക്കിക്കൊടുക്കുന്നത്. സമാനമായ അനുഭവങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ടെന്നും അപ്പോഴെല്ലാം താന്‍ എഴുത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്നും ബെന്യാമിന്‍ പറയുന്നു. ഉറച്ച ബോധ്യത്തോടെ എഴുതിയതാണെന്നും അതില്‍ നിലകൊള്ളാനുമായിരുന്നു തന്റെ തീരുമാനം. ആ നോവലുകള്‍ ചിലയിടങ്ങളില്‍ നിരോധിച്ചപ്പോള്‍ പോലും അതില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. രാഷ്ട്രീയ ബോധമുള്ള ഭൂരിപക്ഷ കേരളം ഹരീഷിനൊപ്പമുണ്ടെന്നും നോവല്‍ വളരെ വേഗത്തില്‍ പുസ്തകമായി പുറത്തിറക്കണമെന്നും ബെന്യാമിന്‍ ഹരീഷിനോട് ആവശ്യപ്പെടുന്നു.

ബെന്യാമിന്‍ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അക്ഷരത്തെ കൊല്ലുന്ന രാഷ്ടീയ പ്രവര്‍ത്തനം വിനാശകരമാണെന്ന് എഴുത്തുകാരി സാറാ ജോസഫ് പ്രതികരിച്ചു.അക്ഷരം വെളിച്ചമാണ്. സ്വാതന്ത്ര്യമാണ്. സ്വതന്ത്രമായും നിര്‍ഭയമായും എഴുതാന്‍ കഴിയുന്നില്ലെങ്കില്‍ എഴുത്തുകാര്‍ ഒന്നുകില്‍ എഴുത്തു നിര്‍ത്തേണ്ടി വരും. അല്ലെങ്കില്‍ അസത്യം എഴുതേണ്ടി വരും. എസ്. ഹരീഷ് നോവല്‍ പിന്‍വലിക്കേണ്ടി വന്ന സാഹചര്യം ഒരു വിപല്‍ സൂചനയാണെന്ന് താന്‍ കരുതുന്നതായി സാറാ ജോസഫ് പറയുന്നു. കേരളവും അതിന്റെ പിടിയിലാവുന്നത് ഭയാനകമാണ്.

സാറാ ജോസഫ് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘കരുതിക്കൂട്ടി വരുന്ന സവിശേഷ ബുദ്ധിയില്ലാത്ത ആള്‍ക്കൂട്ടത്തിനു മുന്നില്‍ തോറ്റുപോകുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പും എസ്. ഹരീഷുമാണെന്ന് ഞാന്‍ കരുതുന്നില്ല. തോറ്റുപോയത്, ഈ സാഹചര്യത്തിലേക്ക് നമ്മളെ എത്തിച്ച മഹാശയന്മാരാണ്. മലയാളിയെ മനുഷ്യനാക്കിയ നൂറ്റാണ്ടിന് വിത്തിട്ട മഹാമനീഷികള്‍. നൂറ്റാണ്ടുകള്‍ കടന്നു ഇനിയും പ്രോജ്വലിക്കുമെന്ന് അവര്‍ വിഭാവന ചെയ്ത സംസ്‌കാരമാണ് സമീപകാലത്തെ ഏതാനും വര്‍ഷങ്ങളുടെ ഫലമായി ഇന്ന് നശിച്ചുപോയത്. നമുക്ക്, ചിന്താശേഷിയും വകതിരിവുമുള്ള സാധാരണക്കാര്‍ക്ക് ശിരസ്സ് കുനിക്കേണ്ടിവന്നത് ഇങ്ങനെ സംഭവിച്ചതിലാണ്.’-എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്ത് പറയുന്നു

സുസ്‌മേഷ് ചന്ദ്രോത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എഴുത്തുകാരി സരിത മോഹനവര്‍മ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്‌കറും എസ്. ഹരീഷിന് നേരെ നടന്ന സൈബര്‍ ആക്രമണത്തിനെതിരെ ശക്തമായി അപലപിക്കുന്നുണ്ട്. സാംസ്‌കാരിക ഫാസിസത്തെ ചെറുക്കാനുള്ള കഴിവ് കേരളത്തിനില്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

എസ്. ഹരീഷിന് പിന്തുണ നല്‍കി എഴുത്തുകാരി തനൂജ ഭട്ടതിരിപ്പാടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

താന്‍ പ്രവചിച്ച ‘ഹിന്ദു താലിബാന്‍’ എന്ന ഇന്ത്യയുടെ സമീപകാല ഭാവിയെ വിശ്വാസത്തിലെടുക്കാത്തവര്‍ക്കായുള്ള പ്രത്യക്ഷ ഉദാഹരണമാണ് എസ്. ഹരീഷിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് എഴുത്തുകാരനും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ എം.പി അഭിപ്രായപ്പെട്ടു.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരണം ആരംഭിച്ചിരുന്ന നോവല്‍, സ്ത്രീകളുടെ ക്ഷേത്രദര്‍ശനത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ഹരീഷിനും കുടുംബത്തിനും നേരെയുണ്ടായ അധിക്ഷേപങ്ങളെ തുടര്‍ന്നാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അതേസമയം ഉപദ്രവിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നില്ലെന്നും രാജ്യം ഭരിച്ചവര്‍ക്ക് എതിരെ പോരാടാനുള്ള കരുത്ത് തനിക്കില്ലെന്നും എസ് ഹരീഷ് പറഞ്ഞു. എന്നാല്‍ താന്‍ എഴുത്ത് തുടരുമെന്ന് ഹരീഷ് വ്യക്തമാക്കി.

അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതിജീവിതത്തെ ദലിത് പശ്ചാത്തലത്തില്‍ ആവിഷ്‌ക്കരിക്കുന്ന നോവലാണ് മീശ. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ചെറുകഥാസമാഹാരമായ ആദത്തിന് ശേഷം എസ്. ഹരീഷ് രചിക്കുന്ന ആദ്യ നോവലാണ് മീശ.

Comments are closed.