DCBOOKS
Malayalam News Literature Website

നിഗൂഢതകള്‍ നിറഞ്ഞ ‘രഹസ്യം’

സ്‌റ്റെഫാന്‍ സ്വൈഗിന്റെ അമോക് എന്ന നോവലിന്റെ മലയാളവിവര്‍ത്തനമായ രഹസ്യത്തിന് അനീഷ് ഫ്രാന്‍സിസ് എഴുതിയ വായനാനുഭവം

അമോക്ക് എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം വിറളി പിടിച്ചവന്‍ എന്നാണ്. ലോകസാഹിത്യത്തിലെ പ്രമുഖരിലൊരാളായ സ്‌റ്റെഫാന്‍ സ്വൈഗിന്റെ ഈ നോവെല്ല മലയാളത്തിലാക്കിയപ്പോള്‍ വിവര്‍ത്തകന്‍ അതിന്റെ പേര് ‘രഹസ്യം’ ‘എന്നാക്കി മാറ്റി. വിവര്‍ത്തനത്തിനു കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കെ.എസ് വിശ്വംഭരദാസാണ് ഈ പ്രശസ്ത രചന പരിഭാഷപ്പെടുത്തിയത്. നോവെല്ലയുടെ മലയാളത്തിലുള്ള തലക്കെട്ട് തിരഞ്ഞെടുത്തതില്‍ അദ്ദേഹത്തിനു തെറ്റ് പറ്റിയില്ല എന്നുള്ളത് കൃതി വായിച്ചുതീരുമ്പോള്‍ നമുക്ക് ബോധ്യപ്പെടും.

കഥ പറയുന്നയാള്‍ ഒരു കപ്പല്‍ യാത്രക്കാരനാണ്. അയാള്‍ ഏതോ ഒരു തുറമുഖത്ത് ഇറങ്ങി സായാഹ്നം ആ തീരനഗരത്തില്‍ ചെലവഴിക്കാന്‍ പോകുന്നതിനിടയില്‍ അയാള്‍ വന്ന, ചരക്കിറക്കിക്കൊണ്ടിരുന്ന കപ്പലിന് തീപിടിക്കുന്നു. ഈ അപകടം നടന്നു ഏറെ നാളുകള്‍ക്ക് ശേഷം യാത്രക്കാരന്‍ ഈ സംഭവം ഓര്‍ത്തെടുക്കുകയാണ്. കപ്പലപകടത്തെക്കുറിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണ് എന്നും യഥാര്‍ത്ഥത്തില്‍ നടന്നത് മറ്റൊന്നായിരുന്നുവെന്നും അയാള്‍ പറയുന്നു. ആ അപകടത്തിനു കാരണക്കാരന്‍ അയാള്‍ കപ്പലില്‍ വച്ച് കണ്ടുമുട്ടുന്ന ഒരു ഡോക്ടറാണ്.

ഡോക്ടര്‍ നമ്മുടെ യാത്രക്കാരനോട് ,അവിശ്വസനീയമായ ഒരു കഥ പറയുന്നു. ഡോക്ടറുടെ ജീവിതത്തില്‍ നടന്ന ഒരു സംഭവം അയാളെ മാനസികമായി തകര്‍ത്തുകളയുന്നു. തീരെ സാധാരണമെന്നു തോന്നിക്കുന്ന ഒരു സംഭവമാണിത്. മനുഷ്യമനസ്സിനെക്കുറിച്ച് ഏറെ എഴുതിയ ഒരു നോവലിസ്റ്റാണ് സ്‌റ്റെഫാന്‍ സ്വൈഗ്. നമുക്ക് പിടിതരാത്ത ഒരു വനമാണ് മനുഷ്യമനസ്സ്. ഓരോ ചുവടിലും അപരിചിതമായ ചെടികളും പൂക്കളും വിഷ ജന്തുക്കളും മൃഗങ്ങളും ഒളിഞ്ഞിരിക്കുന്ന ഘോരവനം. തന്റെ ഓരോ വാചകത്തിലും ഈ വനയാത്ര വായനക്കാരനെ അനുഭവിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ എഴുത്തുകാരന്‍ ഈ കഥ അവതരിപ്പിക്കുമ്പോള്‍ തികച്ചും സാധാരണമെന്നു തോന്നിക്കുന്ന കഥ ഒരു അസാധാരണഭാവം ഉള്‍ക്കൊള്ളുന്നു.

ഇതിലെന്തിരിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചെക്കാം. റൊമാന്റിക്ക് നോവലുകള്‍, അപസര്‍പ്പക നോവലുകള്‍ തുടങ്ങിയ ജോണറുകള്‍ എഴുതുന്ന എഴുത്തുകാരും സുന്ദരമായി തങ്ങളുടെ കഥകള്‍ അവതരിപ്പിക്കാറില്ലേ ?ഓരോ താളും, ശ്വാസം പിടിച്ചു വായിപ്പിക്കുന്ന രീതിയില്‍ തങ്ങളുടെ വായനക്കാരെ അവര്‍ തങ്ങളുടെ എഴുത്തുകളില്‍ കുടുക്കിടുന്നില്ലേ? അതില്‍പ്പരം എന്ത് അത്ഭുതമാണ്, അല്ലെങ്കില്‍ കൂടുതലായി എന്താണ് മനുഷ്യമനസ്സിനെക്കുറിച്ച് എഴുതുന്ന സൈക്കോ നോവലിസ്റ്റിനു ചെയ്യാനുള്ളത് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അതിനുള്ള ഉത്തരം ഈ നോവല്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ബൈക്ക് വാങ്ങിച്ചു തരാഞ്ഞതില്‍ പിണങ്ങി കൗമാരക്കാരന്‍ തൂങ്ങി മരിച്ചു. നിങ്ങള്‍ ആ വാര്‍ത്ത! പത്രത്തില്‍ വായിക്കുന്നു. അവന്‍ എന്തൊരു പൊട്ടനാണ് നിങ്ങള്‍ പറയുന്നു. എന്നാല്‍ അവന്റെ മനസ്സിലൂടെ, ആ ഘോരവനത്തിലൂടെ അവന്‍ നടന്ന വഴിയിലൂടെ നിങ്ങള്‍ നടക്കുകയാണെങ്കില്‍, നിങ്ങളുടെ അഭിപ്രായം നിങ്ങള്‍ ഒരു പക്ഷേ മാറ്റിയേക്കാം. മറ്റൊരാളുടെ മനസ്സിലൂടെയുള്ള നടപ്പ്, എഴുത്ത് എന്ന പ്രക്രിയയില്‍ അവതരിപ്പിക്കുകയെന്ന ക്ലേശകരമായ പ്രവര്‍ത്തി വളരെ അനായാസമായി നോവലിസ്റ്റ് നിര്‍വഹിക്കുന്നു.

മുരടിക്കുന്ന ഏകാന്തതയില്‍, ഒരു അന്യദേശത്തു ജീവിക്കുന്ന ഡോക്ടര്‍. നാളുകളായി സ്ത്രീ സംസര്‍ഗം ഇല്ലാതിരിക്കുന്ന, ജീവിതത്തില്‍ കൂടുതലൊരു സ്വപ്നവും അവശേഷിക്കാത്ത നിരാശനായ ഒരു മനുഷ്യനാണ് അയാള്‍. അയാളുടെ അടുത്ത് ഒരു സുന്ദരിയായ സ്ത്രീയെത്തുന്നു. ഡോക്ടറെക്കൊണ്ട് അവള്‍ക്ക് ഒരു ആവശ്യമുണ്ട്. ഒരു നോവലെറ്റിന്റെ കഥയെക്കുറിച്ച് ഇത്രയും പറയുക എന്നത് തന്നെ ഇനി വായിക്കാന്‍ പോകുന്ന നിങ്ങളോട് ചെയ്യുന്ന ക്രൂരതയായിരിക്കും. അതിനാല്‍ പ്ലോട്ടിനെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. വളരെ നല്ല ഒരു വായനാനുഭവമായിരിക്കും ഇതെന്ന് തീര്‍ച്ച.

Comments are closed.