DCBOOKS
Malayalam News Literature Website

‘പ്രതി പൂവന്‍കോഴി’ അതിശയകരമായ രാഷ്ട്രീയാനുഭവമായി മാറുന്ന നോവല്‍: എ.കെ.അബ്ദുള്‍ ഹക്കീം

ഉണ്ണി ആര്‍ രചിച്ച ആദ്യ നോവല്‍ പ്രതി പൂവന്‍കോഴിയെക്കുറിച്ച് എ.കെ.അബ്ദുള്‍ ഹക്കീം എഴുതിയ വായനാനുഭവം

‘സാറേ, ഇത് കഷ്ടമല്ലേ? ‘കൊച്ചുകുട്ടന്‍ ചോദിച്ചു.
‘ആണോന്ന് ചോദിച്ചാല്‍ അതെ. പലര്‍ക്കും ഇതേ അഭിപ്രായമാണുതാനും.
‘സാറ് പറഞ്ഞ പലര്‍ക്കും എന്ന പ്രയോഗം കൊച്ചു കുട്ടന് ചാടിപ്പിടിക്കാനുള്ള ആശ്വാസത്തിന്റെ ചെറിയൊരു കവരമായിരുന്നു.
‘ആര്‍ക്കൊക്കെയാ സാറേ ഈ അഭിപ്രായം?’.
‘പലര്‍ക്കും ഉണ്ടെന്നു കരുതിക്കോ. അവരൊന്നും പരസ്യമായി പറയുന്നില്ലെന്നേ ഉള്ളൂ.’
‘അതു കഷ്ടമല്ലേ സാറേ?’
‘കഷ്ടമാണ്. പക്ഷെ അവരൊക്കെ സമൂഹത്തില്‍ നെലയും വെലയുമുള്ളവരാണ്. സ്വന്തം മനസമാധാനം കളഞ്ഞിട്ട് ജീവിക്കാനൊന്നും അവരെ കിട്ടത്തില്ല.’

അസമയത്ത് കൂവുന്ന കോഴിയുടെ പേരില്‍ വൃദ്ധയായ നാണിയമ്മക്കെതിരെ കേസെടുക്കാന്‍ വന്ന പോലീസുകാരോട്, ഉള്ളിലടക്കാനാവാതെ വന്ന സംശയങ്ങള്‍ ചോദിച്ചു പോകുന്നുണ്ട് കൊച്ചുകുട്ടന്‍. ഒരു നാടു മുഴുവന്‍ നിശബ്ദമായപ്പോള്‍ നാണിയമ്മക്ക് നീതി വേണമെന്ന് പോസ്റ്ററെഴുതി ഒട്ടിക്കാനും അയാള്‍ തയാറാവുന്നു. ഗള്‍ഫില്‍ ജോലിതേടി പോവാന്‍ തയാറെടുക്കുന്ന കൊച്ചുകുട്ടന്റെ ജീവിതം ഭീകരമാം വിധം തകിടം മറയുന്നതിന്റെ കഥയാണ് ‘പ്രതി പൂവന്‍കോഴി‘ എന്ന ഉണ്ണി ആറിന്റെ നോവലിന്റെ പ്രമേയം. നിസ്സഹായതയുടെ ഒരു ഘട്ടത്തില്‍, ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പഠിപ്പിച്ച പഴയ അധ്യാപകനോടുള്ള സംഭാഷണത്തിലൂടെ കാലം കീഴ്‌മേല്‍ മറിഞ്ഞതായി കൊച്ചുകുട്ടന്‍ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ ഉള്ളില്‍ കത്തുന്ന നീതിയുടെ അഗ്‌നി പൂര്‍ണമായും അണച്ചു കളയുന്നതില്‍ അയാള്‍ പരാജയപ്പെടുന്നു.

ഭീകരമായ പോലീസ് മര്‍ദ്ദനവും കേസുകളും അയാളെ തളര്‍ത്തുന്നു. നാട്ടുകാരുടെയിടയില്‍ അയാള്‍ ഒറ്റപ്പെടുന്നു. രാജ്യദ്രോഹക്കുറ്റം പോലും അയാളില്‍ ആരോപിക്കപ്പെടുന്നു.ജലീലും അഷ്‌റഫുമാണല്ലേ നിന്റെ കൂട്ടുകാര്‍ എന്ന ചോദ്യത്തിലെ അപകടധ്വനി കൊച്ചുകുട്ടന് ഒട്ടും മനസിലാവുന്നില്ല.

ഒരു കോഴിയുടെ കൂവലിനെ എന്തിനാണിത്രമാത്രം ഭയപ്പെടുന്നത് എന്ന ചോദ്യം ആരും കേള്‍ക്കുന്നേയില്ല. സമൂഹത്തിന്റെ സ്വസ്ഥതക്ക് കൂവല്‍ അലോസരമാവുന്നുണ്ട്. നിര്‍മാല്യത്തിന്, കുര്‍ബാനയ്ക്ക്, സ്ഖലനാനന്തര വിശ്രമത്തിന്, സ്വാതന്ത്ര്യദിനാഘോഷത്തിന് ഭംഗമുണ്ടാക്കും വിധം കൂവുന്ന പൂവന് വധശിക്ഷയാണ് വിധിക്കപ്പെടുന്നത്. ഉന്‍മൂലനമാണ് ഏറ്റവും നല്ല രക്ഷാമാര്‍ഗമെന്ന് പ്രമാണിമാര്‍ പ്രഖ്യാപിക്കുമ്പോള്‍, കേരളത്തിന്റെ സമീപഭൂതകാലത്തില്‍ നിന്നു പോലും നിലവിളികള്‍ ഉയരുന്നുണ്ട്.

85 പേജ് മാത്രമുള്ള ചെറിയ നോവലാണ് പ്രതി പൂവന്‍കോഴി. എന്നാല്‍ ആഖ്യാന സവിശേഷതകൊണ്ട് അസാമാന്യ വലിപ്പമാര്‍ജിക്കുന്നുണ്ട് ഈ നോവല്‍. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തിന്റെ അപകടകരമായ ഉള്‍പ്പിരിവുകളിലേക്ക് കടന്നു കയറുന്നു എന്നതുകൊണ്ടുതന്നെ നോവല്‍ വായന അതിശയകരമായ രാഷ്ട്രീയാനുഭവമായി മാറുന്നുണ്ട്.

Comments are closed.