DCBOOKS
Malayalam News Literature Website

‘മാമ ആഫ്രിക്ക’; അതിശയം സൃഷ്ടിച്ച ആഖ്യാനം

ടി.ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ മാമ ആഫ്രിക്കയെക്കുറിച്ച് ജോണി എം.എല്‍ എഴുതിയത്.

ഞാനെഴുതാന്‍ പോകുന്ന സാഹിത്യ നിരൂപണത്തിന് ഒരു പേരുണ്ട്, ‘വസോമ വിതാബു’ സ്വാഹിലിയാണ്, ഒന്ന് കൂടി പറയാം ‘വസോമവിതാബു’. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ‘പുസ്തകം വായിക്കൂ'(സിംബല്‍) ‘പുസ്തകം വായിക്കൂ.’ (സാംബശിവന്‍ കഥപറയുന്നത് പോലെ തോന്നണം). ഈ നോവലിന് മറ്റൊരു പേര് കൂടിയുണ്ട് ‘മാമ ആഫ്രിക്ക‘. ലോകോത്തര സാഹിത്യകാരനാകാന്‍ എന്തുകൊണ്ടും അര്‍ഹനായ മലയാളി സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍ എഴുതിയ ഈ നോവല്‍ മലയാളത്തിലാണ് എഴുതപ്പെട്ടത് എന്നതുകൊണ്ടുമാത്രം മലയാളഭാഷ മനസ്സിലാകുന്നവരുടെ ഇടയില്‍ മാത്രം ഒതുങ്ങിപ്പോകുമെന്ന ഭയത്തോടെ ഞാന്‍ ആരംഭിക്കട്ടെ.

ഈ കഥ നടക്കുന്നത് ഉഗാണ്ടയിലാണ്, ആഫ്രിക്കയില്‍. നരഭോജി എന്ന് ലോകമെമ്പാടും കുഖ്യാതനായ ഈദി അമീന്‍, മോബുട്ടുവിനെ അട്ടിമറിച്ചു ഉഗാണ്ടയുടെ ഭരണം കൈക്കലാക്കിയ കാലം. ആഫ്രിക്കന്‍ ഐക്യനാടുകള്‍ എന്ന ആശയം കമ്മ്യൂണിസ്റ്റു ആശയത്തിലൂടെ, സോവിയറ്റ് യൂണിയന്റെ സഹായത്തോടെ നടപ്പിലാക്കാന്‍ പാട്രിസ് ലുമുംബയും ജൂലിയസ് നരേരയും ഒക്കെ കൊണ്ട് പിടിച്ചു ശ്രമിക്കുന്ന കാലം. സര്‍വ്വോപരി ബ്രിട്ടീഷ്‌- യൂറോപ്യന്‍ കൊളോണിയലിസത്തില്‍ നിന്ന് ലോക രാജ്യങ്ങള്‍ ക്രമേണ സ്വതന്ത്രമായിക്കൊണ്ടിരിക്കുന്ന കാലം. ഉഗാണ്ടയില്‍ ഒരു എഴുത്തുകാരി ഉയര്‍ന്നു വരുന്നു. പേര് താര വിശ്വനാഥ്. ഒരു മുയ്ന്തി എഴുത്തുകാരി. മുയ്ന്തി എന്നാല്‍ ഇന്ത്യക്കാരി എന്നര്‍ത്ഥം. മലയാളത്തില്‍ ചിന്തിച്ച് മലയാളത്തില്‍ എഴുതി പിന്നീട് സ്വാഹിലിയിലും ഇംഗ്ലീഷിലും തര്‍ജ്ജമ ചെയ്ത് ആഫ്രിക്കന്‍ സാഹിത്യത്തില്‍ ഒരു ബദല്‍ സ്വരമായി നിന്ന ഒരെഴുത്തുകാരി. അവരുടെ കഥയാണ് ‘മാമ ആഫ്രിക്ക’.

താരാ വിശ്വനാഥിന്റെ മാത്രം കഥയാകുന്നില്ല പക്ഷെ ഈ നോവല്‍. ടി ഡി രാമകൃഷ്ണന്റെ എല്ലാ നോവലുകളും അങ്ങനെയാണല്ലോ. അത് ഒരാളുടെ കഥയാകുന്നതിനോടൊപ്പം ഒരു ദേശത്തിന്റെയും അതിന്റെ സംസ്‌കാരങ്ങളുടെയും നിഗൂഢ ആചാരങ്ങളുടെയും രാഷ്ട്രീയത്തിന്റെയും കഥ കൂടിയാകുന്നു. മാമ ആഫ്രിക്ക, ആഫ്രിക്ക എന്ന അമ്മയുടെ കഥയാണ്. അതിനേക്കാളേറെ, ബ്രിട്ടീഷ് കൊളോണിയലിസത്തിനു കീഴില്‍ അവിടേയ്ക്ക് റെയില്‍വേ നിര്‍മ്മാണത്തിന് പോയ ആയിരക്കണക്കിന് മലയാളികളില്‍ ഒരാളായ കെ പി എം പണിക്കരുടെ കഥയാണ്. അദ്ദേഹം സ്ഥാപിച്ച ‘ഉഹുറു’ എന്ന വിപ്ലവപ്പാര്‍ട്ടിയുടെ കഥയാണ്. പണിക്കരുടെ മകന്‍ ഡോക്ടര്‍ വിശ്വനാഥ് പണിക്കരുടെ മകള്‍ ആണ് താരാ വിശ്വനാഥ്. ഇവരെല്ലാം ആഫ്രിക്കയുടെ രാഷ്ട്രീയഭാഗധേയത്തില്‍ നിര്‍ണ്ണായക ഘടകങ്ങളാകുന്നു. പക്ഷെ ആ രാഷ്ട്രീയ ബലതന്ത്രങ്ങളെല്ലാം വന്നു പ്രവര്‍ത്തിയ്ക്കുന്നത് ഒരു ഉടലിലാണ്; താരാ വിശ്വനാഥ് എന്ന മുയ്ന്തിയുടെ ഉടലില്‍.

ഈദി അമീന് വേണ്ടത് ഒരു ഇന്ത്യാക്കാരിയുടെ ഉടലാണ്. അത് വെറുതെ പോരാ. അവള്‍ ആ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഒരു കറുത്തവനെ കാമിക്കുകയും പ്രണയിക്കുകയും വേണം. ഈദി അമീന്‍ ഇന്ത്യക്കാരെ മുഴുവന്‍ ഉഗാണ്ടയില്‍ നിന്ന് ഓടിച്ചത് അവര്‍ കറുത്തവനെ രണ്ടാം കിട പൗരന്മാരായി കണക്കാക്കിയിരുന്നു എന്നും മിശ്രവിവാഹത്തിനു തയാറായിരുന്നില്ല എന്നതുമായിരുന്നു. ഡോക്ടര്‍ പണിക്കരെ ഈദി അമീന്റെ പട്ടാളക്കാര്‍ ഒരു ദിവസം വന്നുകൊണ്ടു പോകുന്നു. തിരികെ വരുന്നത് അയാളുടെ മൃതദേഹമാണ്. പിന്നെ സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയായ താരാ വിശ്വനാഥിനെ ഉഗാണ്ടയുടെ പ്രഥമവനിതയാക്കാന്‍ പ്രസിഡന്റ് നടത്തുന്ന ശ്രമങ്ങളാണ്. ഉദ്വേഗജനകമായ ഒരു യാത്രയാണ് പിന്നെ താരയുടേത്. ഒടുവില്‍ വലിയൊരു എഴുത്തുകാരിയായാണ് അവള്‍ മരിക്കുന്നത്; ഒരു പക്ഷെ എയ്ഡ്‌സ് ബാധിച്ചു മരിക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍ എഴുത്തുകാരിയായിരിക്കും താരാ വിശ്വനാഥ്.

നിങ്ങള്‍ താരാ വിശ്വനാഥ് ഒരു ജീവല്‍കഥാപാത്രം ആണെന്ന് കരുതിയെങ്കില്‍ തെറ്റിയില്ല. ടി ഡി രാമകൃഷ്ണന്റെ നോവല്‍ യാഥാര്‍ഥ്യത്തെയും ഭാവനയെയും മിത്തുകളെയും കെട്ടുകഥകളെയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത വിധം കൂട്ടിക്കലര്‍ത്തുന്നു. അത്ഭുതാവഹമാം വിധം സങ്കീര്‍ണ്ണമാണ് നോവലിന്റെ ഘടന. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഇരുന്ന് ഒരു ഡിഗ്രി വിദ്യാര്‍ത്ഥി ഒരു ഉഗാണ്ടന്‍ തൂലികാ സുഹൃത്തിനു കത്തെഴുതുന്നു. വെറും എട്ടോ ഒമ്പതോ മാസം നീണ്ടു നിന്ന തൂലികാ പ്രണയം. വര്‍ഷങ്ങള്‍ക്ക് ശേഷം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് സോഫിയ എന്ന ഒരു പബ്ലിഷിംഗ് എക്‌സിക്യൂട്ടീവിനെ എഴുത്തുകാരനും പഴയ തൂലികാ പ്രണയത്തില്‍ വീണ ഡിഗ്രിക്കാരനുമായ ‘രാമു’ അതായത് ടി ഡി രാമകൃഷ്ണന്‍ എന്ന് പറയാതെ പറയുന്ന ആള്‍ കണ്ടു മുട്ടുന്നു. സോഫിയ താന്‍ പ്രണയിച്ച താരാ വിശ്വനാഥിന്റെ മകള്‍ ആണെന്ന് അയാള്‍ തിരിച്ചറിയുന്നു. സോഫിയയ്ക്ക് മലയാളം അറിയില്ല. എന്നാല്‍ ‘അമ്മ സൂക്ഷിച്ചു വെച്ച മലയാളം മനുസ്‌ക്രിപ്റ്റുകള്‍ എഡിറ്റു ചെയ്യാന്‍ അവള്‍ അയാളെ ക്ഷണിക്കുന്നു. അങ്ങിനെ അയാള്‍ എഡിറ്റു ചെയ്യുന്ന ഒരു ലഘു നോവലും, ഒരു അഭിമുഖവും ഏതാനും കഥകളും കവിതകളും ഒരു അപൂര്‍ണ്ണമായ ആത്മകഥയുമാണ് ‘മാമാ ആഫ്രിക്ക’ എന്ന നോവല്‍.

വായിച്ചു കഴിയുമ്പോഴാണ്, ഇതായിരുന്നല്ലോ നോവല്‍ എന്ന് നാം തിരിച്ചറിയുന്നത്. അത് വരെ നാം രാമകൃഷ്ണന്‍ എഡിറ്റു ചെയ്യുന്ന താരാ വിശ്വനാഥിന്റെ ജീവിതത്തെയാണ് പിന്തുടരുന്നത്. ഓരോ ഖണ്ഡവും അവസാനിക്കുമ്പോള്‍ നാം മനസ്സിലാക്കുന്നത്, അത് അവരുടെ ജീവിതം അവരുടെ വര്‍ത്തമാനകാലത്തില്‍ മറ്റൊരാള്‍ പറയുന്നതല്ല, മറിച്ച് അവര്‍ ആത്മകഥയാണ് നോവലാണ് കവിതയെയും ഒക്കെ ആവിഷ്‌കരിച്ചത് മറ്റൊരു കാലത്തിലിരുന്ന് നാം വായിച്ചതാണെന്നാണ്. അപ്പോഴും നാം ഇതില്‍ നോവലിസ്റ്റ് എന്ത് ചെയ്തു എന്ന് അന്വേഷിക്കുമ്പോള്‍, ഇതിലൊരു നോവലിസ്റ്റ് ഇല്ല എന്നും തിരിച്ചറിയുന്നു. പക്ഷെ ഇതെല്ലാം ടി ഡി രാമകൃഷ്ണന്‍ എഴുതിയതാണെന്ന് അറിയുമ്പോള്‍ നാം ആ ഭാവനാ സങ്കീര്‍ണ്ണതയെ ആദരിച്ചു പോകുന്നു.

നോവലിന്റെ കഥ ഞാന്‍ പറയുന്നില്ല. പക്ഷെ താരാ വിശ്വനാഥ് ഒരു യഥാര്‍ത്ഥ വ്യക്തിയേക്കാള്‍ യാഥാര്‍ഥ്യം ഉള്ളവളും കൃത്യമായ പ്രത്യയശാസ്ത്ര നിലപാടുകള്‍ ഉള്ളവളും ആണ്. താരാ വിശ്വനാഥ് എന്ന കഥാപാത്രത്തെക്കുറിച്ചും അവരുടെ നിലപാടുകളെക്കുറിച്ചും ഉള്ള പഠനങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ. ഉടല്‍ അവര്‍ക്ക് എന്താണ്? എന്താണ് ഭയം, അതിജീവനം? സാഹിത്യരംഗത്തെ ബൈനറികള്‍ / ദ്വന്ദങ്ങള്‍ എത്രത്തോളം സാധുവാണ്? ആരാണ് ഒരു തനത് എഴുത്തുകാരി? ഇതിലൂടെ ടി ഡി രാമകൃഷ്ണന്‍ ഇന്ന് നാം കടന്നു പോകുന്ന ദേശീയതാവാദത്തിന്റെ അടരുകള്‍ പരോക്ഷമായി പരിശോധിക്കുന്നുണ്ട്. ഒപ്പം സംസ്‌കാരം എന്നത് പല തലങ്ങളില്‍ സ്ഥിതിചെയ്യുന്നതാണെന്നും രാമായണവും ദേവീഭാഗവതവും വായിച്ചുകൊണ്ട് ആഫ്രിക്കക്കാരിയായിരിക്കാനും ആഫ്രിക്കന്‍ അനുഭവങ്ങള്‍ മലയാളഭാഷയില്‍ എഴുതി ആഫ്രിക്കന്‍ എഴുത്തുകാരിയായിരിക്കാനും കഴിയുമെന്ന് രാമകൃഷ്ണന്‍ താരയുടെ ജീവിതത്തിലൂടെ നമുക്ക് കാട്ടിത്തരുന്നു. ഭാഷ സംസ്‌കാരത്തിന്റെ അടിസ്ഥാനോപാധിയാണെന്ന അക്കാദമിക ബോധത്തിന്റെ അട്ടിമറി കൂടി ഇവിടെ നടക്കുന്നു.

അന്താരാഷ്ട്ര തലത്തില്‍ പടര്‍ന്നു കിടക്കുന്ന രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക സംഘര്‍ഷങ്ങളെ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തോടെ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു എന്നതാണ് നോവലിന്റെ മറ്റൊരു ഹൈലൈറ്റ്. അതെസമയം മാമ ആഫ്രിക്ക എന്ന നോവല്‍ താര എഴുതുമ്പോള്‍/ ടി ഡി രാമകൃഷ്ണന്‍ എഴുതുമ്പോള്‍ ബെന്‍ ഓക്രിയെപ്പോലുള്ള ഒരു നോവലിസ്റ്റിന്റെ ശൈലിയെയും അതിശയിക്കുന്ന സങ്കീര്‍ണ്ണതയും ഭ്രമാത്മകതയും സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട്. ഉഗാണ്ടന്‍ പൊളിറ്റിക്കല്‍ അവസ്ഥയെ ആസ്പദമാക്കി കേരളത്തില്‍ ഇരുന്നുകൊണ്ട് ഒരു നോവല്‍ രചിക്കാന്‍ കഴിയുന്നത് നോവലിസ്റ്റിന്റെ അന്താരാഷ്ട്ര ഭാവനയെ സൂചിപ്പിക്കുന്നു. ‘മിസിസിപ്പി മസാല’ എന്ന മീരാ നായര്‍ സിനിമയാണ് ഇന്ത്യന്‍ വീക്ഷണത്തില്‍ ഈദി അമീന്‍ കാലത്തെ ഉഗാണ്ടയിലെ ഏഷ്യന്‍ അവസ്ഥയെയും അവരുടെ പലായനത്തെയുമൊക്കെ വരച്ചു കാട്ടിയത്. എന്നാല്‍ ടി ഡി രാമകൃഷ്ണന്‍ അതിനെയും വെല്ലുന്ന ഉഗാണ്ടയുടെയും ഇതര ആഫ്രിക്കന്‍ രാജ്യങ്ങളുടെ കഥയുമാണ് ഈ നോവലില്‍ വിവരിക്കുന്നത്.

(ജോണി എം എല്‍ പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍)

Comments are closed.