DCBOOKS
Malayalam News Literature Website

പ്രണയാഗ്നിയില്‍ വെന്തുനീറിയ പെണ്ണുടലിന്റെ കഥ

ഡി.സി. ബുക്‌സ് വായനാദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്ത ആസ്വാദനക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നു. കെ ആര്‍ മീര രചിച്ച മീരാസാധു എന്ന കൃതിക്ക് ആസ്വാദനക്കുറിപ്പ് എഴുതിയിരിക്കുന്നത് സുനിത ഉമ്മറാണ്.

സര്‍ഗ്ഗാത്മക സമ്പന്നമെന്നു പറയാവുന്ന വിധം രചന നിര്‍വ്വഹിക്കുക വിസ്മയകരമായ ഒരു സാഹസമാണ്. ദുര്‍ഗ്രാഹ്യതയുടെ മിനുപ്പില്ലാതെ യാഥാര്‍ത്ഥ്യത്തെ പരമാര്‍ത്ഥത്തോട് കൂടുതലടുപ്പിയ്ക്കുന്ന ഒരു ആഖ്യാന രീതിയാണ് പൊതുവേ വായനക്കാര്‍ക്ക് പഥ്യം. ‘സെലക്ടീവ്’ ആണ് വായനക്കാരും. ‘പെണ്ണെന്തു പറയാന്‍..?’ എന്നൊരു ആന്തരിക ധാരണ എഴുത്തിന്റെ ലോകത്തുണ്ടെന്ന് തോന്നിപ്പിച്ചിരുന്ന ഒരു കാലത്തില്‍ നിന്നും സ്വത്വാന്വേഷണവും കലാപവും കൊണ്ട് നവസംവേദനത്തിന്റെ വേറിട്ട വഴികള്‍ വെട്ടിത്തുറന്ന എഴുത്തുകാരികള്‍ ഭാഗ്യവശാല്‍ നമുക്കുണ്ട്. അവിടെ തനിയ്ക്കുള്ള ഇടം അടയാളപ്പെടുത്തിയ കെ.ആര്‍. മീരയുടെ കൃതിയാണ് മീരാസാധു.

കല്പനകളെ അംഗഭംഗപ്പെടുത്തിയിട്ടില്ല, മനംപുരട്ടുന്ന അതിശയോക്തികളില്ല. വാക്കുകള്‍ക്കും അവയുടെ അപൂര്‍വ്വമായ സാമഞ്ജസ്യത്തിനും സാക്ഷ്യമായി ചൂണ്ടിക്കാട്ടാവുന്ന ഒന്ന്. മനോഹരമായ വാങ്മയ ചിത്രങ്ങള്‍ നമുക്കപരിചിതമായ ഒരു പരിസരം സൃഷ്ടിക്കുന്നതുകൊണ്ട് കൈവരുന്ന ഭാവഗൗരവം തുടക്കം മുതല്‍ ഒടുക്കം വരെയും നിലനിര്‍ത്തിയിരിയ്ക്കുന്നു. കേട്ടും വായിച്ചും വിരസവും സാധാരണവുമായിത്തീര്‍ന്ന ഒരു പ്രമേയത്തിന് ആഖ്യാനത്തിന്റെ സവിശേഷതയൊന്നു കൊണ്ടു മാത്രം ജീവന്‍ വെയ്ക്കുന്ന കാഴ്ച വിസ്മയകരമാണ്.

മീരാസാധുവിനെ നമ്മള്‍ കണ്ടുമുട്ടുന്നത് മഥുരയിലെ ‘വൃന്ദാബനി,ലാണ്. രംഗാജി ക്ഷേത്രത്തില്‍ ദര്‍ശനത്തിനു മണി മുഴങ്ങുമ്പോള്‍ അഴുക്ക് പുരണ്ട സാരിയുടെ വക്കുയര്‍ത്തിപ്പിടിച്ച്, ഒരു കയ്യില്‍ വടിയും, മറുകയ്യില്‍ തൂക്കിയിട്ട ചോറ്റുപാത്രവുമായി, ചാണകത്തിന്റേയും മൂത്രത്തിന്റെയും ദുര്‍ഗന്ധഭരിതമായ ഗലികളിലൊന്നിലൂടെ, തലമുണ്ഡനം ചെയ്ത സ്ത്രീകള്‍ക്കൊപ്പം ക്ഷേത്രത്തിലേയ്‌ക്കോടിപ്പോകുന്നവളായി.അന്നദാനത്തിനു തിക്കിത്തിരക്കി മടങ്ങും വഴിയില്‍ ഉന്മാദിനിയെ പോലെ അവളൊരു മീരാഭജന്‍പാടി വട്ടം കറങ്ങി. കാരണമുണ്ട്; പന്ത്രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അവള്‍ക്കു മുന്നില്‍ അയാള്‍ മാധവന്‍ വരിക തന്നെ ചെയ്തു.

ചെന്നൈയിലെ ഒരു ഇംഗ്ലീഷ് മാസികയുടെ കറസ്‌പോണ്ടന്റായിരുന്ന മാധവനെ തുളസി ആദ്യം കാണുന്നത് ഐ.ഐ.ടി വിദ്യാര്‍ത്ഥികളിലെ മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ച് ഒരന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാനായി ക്യാംപസിലെത്തിയപ്പോഴാണ്. അധ്യാപകരുടെ കാഴ്ചപ്പാടില്‍ ‘ഇന്ത്യയ്ക്ക് അഭിമാനമാകേണ്ട ഒരു ബ്രെയിന്‍’ ആയ അവളെ മാധവന് പരിചയപ്പെടുത്തിയത് വിനയനാണ്. നീണ്ട കണ്‍പീലികളുള്ള വിടര്‍ന്ന കണ്ണുകള്‍ കൊണ്ടാണ് സുമുഖനായ മാധവന്‍ അധികവും സംസാരിച്ചതെന്നവള്‍ക്കു തോന്നി. പരിചയം സൗഹൃദമായി. കണ്ണിലുടക്കുന്നതിനെയെല്ലാം വശീകരിയ്ക്കാന്‍ പോന്ന ഒരു പ്രോഗ്രാം ട്യൂണ്‍ഡ് ആയിരുന്നു അയാളില്‍. ബുദ്ധിയുള്ള ഒരു പെണ്ണില്‍ പ്രേമമുണര്‍ത്താന്‍ സൗന്ദര്യം മാത്രം പോരെന്ന് നല്ല നിശ്ചയമുണ്ടായിരുന്ന അയാള്‍ ഒരു ‘ഉത്തമ പുരുഷ സങ്കല്പം’ അവളിലുണ്ടാക്കുന്നതില്‍ വിജയിച്ചു. തന്റെ ഇരുപത്തേഴ് കാമുകിമാരെക്കുറിച്ച് സത്യസന്ധനായി വാചാലനാകുമ്പോഴൊക്കെ അവര്‍ തന്നെത്തേടി വരികയായിരുന്നുവെന്ന് നിരപരാധിത്വമഭിനയിച്ച കൊണ്ട് വൃന്ദാവനത്തിലെ കൃഷ്ണനായി നിലകൊണ്ടു. ഇടയ്‌ക്കെപ്പോഴൊക്കെയോ ഉളളിലൊരു പുല്ലാങ്കുഴല്‍ പാടുന്നുണ്ടെന്നവള്‍ക്കു തോന്നി. വിനയനുമായി അവളുടെ വിവാഹമുറപ്പിച്ച വിവരമറിയുമ്പോള്‍ വിനയന്‍ അവള്‍ക്ക് ചേരില്ല എന്നയാള്‍ വാദിക്കുന്നു. തന്റെ പ്രേമം വെളിപ്പെടുത്തുന്ന മാധവന്‍: ‘കാണാതിരിക്കുമ്പോള്‍ കാണണമെന്നു തോന്നാറുണ്ടോ,? നെഞ്ചോട് ചേര്‍ത്തു പിടിക്കണമെന്നു തോന്നാറുണ്ടോ. പിരിയുമ്പോള്‍ ലോകം ശൂന്യമായി എന്നു തോന്നാറുണ്ടോ: എന്ന ചോദ്യങ്ങളാല്‍ അവളുടെ ഹൃദയത്തില്‍ മയില്‍പ്പീലി കൊണ്ടെന്ന പോലെ ഉരുമ്മി. ഒരഭയത്തിനെന്നവണ്ണം വിനയന്റെയടുക്കല്‍ പറന്നു പറ്റിയപ്പോഴൊക്കെ നിരാശയായിരുന്നു ഫലം. പ്രേമപൂര്‍വ്വം ഒന്നു നോക്കാന്‍ പോലുമറിയാത്ത വിനയനെ ഓര്‍ക്കുമ്പോഴൊക്കെ ഹൃദയം ശൂന്യമായി. താന്‍ ആഗ്രഹിച്ച ഏക സ്ത്രീ തുളസിയാണെന്ന മാധവന്റെ വാക്കുകള്‍ അവള്‍ വിശ്വസിയ്ക്കുന്നു. സ്‌നേഹസമ്പന്നമായ ഒരു കുടുംബത്തെ ക്രൂരമായി പരിഹസിച്ചുകൊണ്ട് വിവാഹദിവസം അവള്‍ മാധവനൊപ്പം ഡല്‍ഹിയിലേക്ക് ഒളിച്ചോടുന്നു. ഒപ്പം വരാമെന്നറിയിയ്ക്കുമ്പോള്‍ ഫോണിന്റെ മറുതലക്കല്‍ ‘എനിക്കറിയാമായിരുന്നു തുളസീ നീ വരുമെന്ന് ‘ എന്നയാള്‍ ചിരിക്കുന്നുണ്ട്.

പ്രണയത്തിന്റെ സാഗരാനന്ദംപകര്‍ന്നു നല്‍കാന്‍ കെല്‍പ്പുള്ള കാമുകനായിരുന്നു മാധവന്‍’ നീണ്ട കണ്‍പീലികളുള്ള ആ വലിയ മിഴികളില്‍ അവള്‍ വിലയം പ്രാപിച്ചു: ഊഷ്മളമായ ഒരു മേഘം പോലെ അയാളവളെ ചൂഴ്ന്നു.’ ഈ വരികള്‍ മാത്രം മതി ആ ജീവിതത്തിന്റെ തീക്ഷ്ണസൗന്ദര്യം മുഴുവന്‍ നമ്മളെ അനുഭവിപ്പിക്കാന്‍.’സര്‍വ്വവും വിസ്മരിച്ചു കൊണ്ടുള്ള ഒരു സ്‌നേഹമായി ആ നെഞ്ചില്‍ തുളസിയില പോലെ അവള്‍ വാടിക്കിടന്നു. ‘ എന്ന വാക്കുകളില്‍ പ്രയോഗഭംഗി മാത്രമല്ല; സ്വയം സമര്‍പ്പിക്കല്‍ കൂടി തെളിയുകയാണ്. ഐ.ഐ.ടിയില്‍ നിന്ന് റെക്കോര്‍ഡ് മാര്‍ക്കു വാങ്ങി ബിരുദമെടുത്ത ഭാവിയുടെ വാഗ്ദാനത്തെ കാരുണ്യത്തോടെ അയാള്‍ കൈക്കൊണ്ടു എന്ന വാക്കുകളില്‍ ഒരുപാട് അര്‍ത്ഥതലങ്ങള്‍ കണ്ടെത്താം.

സുന്ദരമായതിനൊന്നും ഭൂമിയിലധികകാലം നിലനില്‍പ്പില്ല. നിലാവു പോലൊരു ജീവിതമായിരുന്നു; അമേരിക്കന്‍ പെട്ടികളുമായി ലില്ലി എന്നൊരു യുവതി വീട്ടിലേക്കോടിക്കയറി വരും വരെ. പിടിക്കപ്പെട്ടവന്റെ കുമ്പസാരം തുളസി വേവലാതിയോടെ കണ്ടു. അവളുടെ പാദങ്ങളില്‍ ചുംബിച്ചു കൊണ്ട് അയാള്‍ എന്നന്നേക്കും അവള്‍ ഉരുവിട്ടു പഠിക്കേണ്ട മന്ത്രാക്ഷരി ചൊല്ലിക്കൊടുത്തു. ‘സ്‌നേഹിക്കുക, വിശ്വസിക്കുക, സംശയിക്കാതിരിക്കുക ‘ ഗോപികമാര്‍ കൃഷ്ണനെ പിന്തുടര്‍ന്നു കൊണ്ടേ യിരുന്നു. മധുരത്തിനു പിന്നാലെ എറുമ്പെന്ന പോലെ. അമ്പാടിക്കണ്ണന്‍ പാവം; ആരേയും നിരാകരിച്ചില്ല. ഓജസും തേജസ്സുമുള്ള പുരുഷനാണ് തന്റേതെന്ന ധാര്‍ഷ്ട്യത്തിന്റെ ഉച്ചിക്ക് തന്നെ പ്രഹരമേല്‍ക്കുന്ന നിമിഷമാണ് ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഗതികെട്ട നിമിഷം. പ്രമുഖ സുന്ദരിമാരേയും പ്രമുഖ പത്രപ്രവര്‍ത്തകനായ മാധവനേയും ചേര്‍ത്ത ഗോസിപ്പുകള്‍ വായിച്ച് അവള്‍ പുകഞ്ഞു. കലഹങ്ങള്‍ ചുംബനങ്ങള്‍ കൊണ്ട് അയാള്‍ തടഞ്ഞു. അതൊഴിവാക്കാന്‍ വീട്ടിലേക്ക് വരാതായി. അവിടുന്നങ്ങോട്ട് അവളുടെ മനസ്സിന്റെ വിഹ്വലതകളിലേക്ക് ആത്മാവിന്റെ കാതുകള്‍ ചേര്‍ത്തുവെച്ചു കൊണ്ട് നാം ഓരോരുത്തരും അവള്‍ക്കൊപ്പം നടക്കാന്‍ തുടങ്ങുന്നു. മാധവനെ തിരഞ്ഞ് കയ്യിലൊരു കുട്ടിയും വയറ്റിലൊരു കുട്ടിയുമായി പരിക്ഷീണയായി അയാളുടെ ഓഫീസിലെത്തി, കോട്ടും സ്യൂട്ടുമണിഞ്ഞു നില്‍ക്കുന്ന മാധവന്റെ മുന്നില്‍ കൈനീട്ടുന്ന തുളസിയുടെ ചിത്രം ധ്വനിപ്പിക്കുന്ന ദൈന്യത അപാരമാണ് ?

ഒറ്റവരി മാപ്പപേക്ഷയില്‍ അച്ഛന്‍ കൂട്ടിക്കൊണ്ട് പോകുന്നെങ്കിലും മാധവനിലെ വാക്ചാതുര്യമുള്ള നടന്‍ രണ്ടു കുട്ടികളേയും അവളേയും വീണ്ടും കൊണ്ടു പോകുന്നു. ഒന്നിനും മാറ്റമുണ്ടായില്ല. സ്ത്രീകള്‍ കലഹിക്കുന്നത് മാധവനിഷ്ടമല്ല. അവര്‍ സുന്ദരിമാരായി ചിരിച്ചുകൊണ്ടിരിക്കണം. പക്ഷേ തുളസി പിന്നെ ചിരിച്ചില്ല. ‘വിഷപ്പല്ല് ചവണ കൊണ്ട് പറിച്ചെടുത്ത് പ്രേമത്തെ ഒരു കൂടയിലടച്ച് കട്ടിലിനടിയില്‍ ഒളിപ്പിച്ച് വീട്ടിനുള്ളില്‍ ഉഴറി നടന്നു ‘എന്ന വാക്കുകള്‍ അമ്മയായിപ്പോയ ഒരുവള്‍ ഭൂമിയിലെത്ര മാത്രം നിസ്സഹായയാണെന്ന് വിളിച്ചോതുന്നുണ്ട്. കണ്ടു പിടിക്കപ്പെടുമെന്നാകുമ്പോള്‍ ചില ഭര്‍ത്താക്കന്മാര്‍ ഭാര്യയെ സംശയരോഗിയാക്കി വില കുറഞ്ഞ രക്ഷപെടല്‍ നടത്താറുണ്ട്. തുളസിയും അങ്ങനെ സൈ്വര്യം കെടുത്തുന്ന സാന്നിദ്ധ്യമായി. പക്ഷേ ഡിവോഴ്‌സ് ആവശ്യപ്പെട്ടത് ഭാമയെ കല്യാണം കഴിക്കാന്‍ വേണ്ടിയായിരുന്നു. ‘അസാമാന്യ പ്രതിഭ യാത്രേ ഭാമ…’തുളസി ചിരിച്ചു പോകുന്നു. ഡിവോഴ്‌സിന് നിര്‍ബന്ധിക്കാന്‍ വിനയനെ അയാള്‍ ചട്ടം കെട്ടിയപ്പോള്‍ തുളസി അവസാനത്തെ കൂടിക്കാഴ്ച ആവശ്യപ്പെടുന്നു. അന്നവള്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം മതി വരുംവരെ ഓടിക്കളിച്ചു. അവര്‍ക്ക് പൂതനയുടെ കഥ പറഞ്ഞുകൊടുത്ത് പാല്‍ കുടിപ്പിച്ചു. ചേര്‍ത്തു പിടിച്ച ഇളം ചൂടുള്ള ആ പിഞ്ചുശരീരങ്ങള്‍ അവളുടെ നെഞ്ചില്‍ പതുക്കെപ്പതുക്കെ തണുത്തു എന്നു വായിക്കുമ്പോള്‍ ഭയങ്കരമായ ഒരു നടുക്കത്തിലേക്ക് നമ്മളെറിയപ്പെടുന്നു. മാധവനും ഗര്‍ഭിണിയായ കാമുകിയുമൊത്തുള്ള ആ കൂടിക്കാഴ്ചയില്‍ അസാധാരണമായ സംയമനം തുളസിയും, എഴുത്തുകാരിയും പാലിയ്ക്കുമ്പോള്‍ താങ്ങാനാവാത്ത ഹൃദയം ഭാരമാണ് നാം അനുഭവിക്കുന്നത്. ഡിവോഴ്‌സ് പെറ്റീഷനില്‍ അവള്‍ പകയോടെ ഒപ്പുവെയ്ക്കുന്നു. അവസാനത്തെ ഒരു രാത്രി കൂടി യാചിയ്ക്കുന്ന തുളസിയുടെ മുന്‍പില്‍ യഥാര്‍ത്ഥത്തില്‍ അയാള്‍ പരിക്ഷീണനാകുന്നു. പുലര്‍ച്ചെ വിളിച്ചുണര്‍ത്തി വരിവെച്ചു പോകുന്ന ഉറുമ്പുകളുടെ യാത്ര അവസാനിക്കുന്നിടം അവള്‍ കാട്ടിക്കൊടുക്കുന്നു. ഒടുവിലത്തെ നൈവേദ്യം….?

തൊണ്ണൂറാം നാള്‍ മെഡിക്കല്‍ കോളേജിന്റെ സൈക്യാട്രി വാര്‍ഡില്‍ നിന്നിറങ്ങുന്ന അവള്‍ അവശേഷിച്ച ഇത്തിരി ബോധത്തില്‍ ഡല്‍ഹിക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയാണ് ആദ്യം ചെയ്തത്. അങ്ങനെ മായി ഘറിലെ വൃത്തികേടുകളില്‍, ദാരിദ്ര്യത്തില്‍, വാടിയ പൂക്കളുടെ കെട്ടമണത്തില്‍, ആയിരത്തിലധികം. മൊട്ടത്തലകളില്‍ നിന്നുയരുന്ന ദുര്‍ഗന്ധത്തില്‍, അര്‍ത്ഥമില്ലാത്ത ഭജനപാട്ടുകളില്‍ സ്വയം തളഞ്ഞു. മട്ടുപ്പാവിലെ അക്രമികളായ കുരങ്ങന്മാരോട് പഴത്തിനു പിടിവലി നടത്തി മുറിവുകള്‍ ഏറ്റുവാങ്ങി. മുറിവുകള്‍ പഴുത്ത വേദന അയാള്‍ക്കുള്ള അര്‍ച്ചനകളായിരുന്നു. യാതനയുടെ പന്ത്രണ്ട് വര്‍ഷങ്ങള്‍ വിങ്ങലോടെയല്ലാതെ വായിച്ചു തീര്‍ക്കാനാവില്ല. ഒടുവില്‍ മാധവനെ കണ്ടുവെന്നു മാത്രമല്ല, പ്രതികാരം പൂര്‍ത്തിയാക്കാന്‍ മുട്ടിലിഴഞ്ഞ് അയാള്‍ക്കു നേരേ ഭിക്ഷാപാത്രം നീട്ടി ‘വല്ലതും തരൂ മഹാശയ് ‘ എന്ന് യാചിക്കുകയും ചെയ്തു. പക്ഷാഘാതം വന്ന് പരിക്ഷീണനായ അയാള്‍ നെഞ്ച് തിരുമ്മി മറിഞ്ഞുവീഴുമ്പോള്‍ മാത്രമാണ് പന്ത്രണ്ടിലധികം വര്‍ഷങ്ങള്‍ക്കു ശേഷം നമ്മളില്‍ നിന്നൊരു ആശ്വാസനിശ്വാസമുതിരുന്നത്. അവളുടെ പാദങ്ങളില്‍ ചുംബിച്ച് കരഞ്ഞ അയാളുടെ ആശുപത്രിക്കിടക്കയിലേക്ക് ചെല്ലുമ്പോള്‍ അയാള്‍ പിന്നെയും പറഞ്ഞു: ‘എനിക്കറിയാമായിരുന്നു തുളസീ… ‘?

ചിരിച്ചുകൊണ്ട് ഇറങ്ങിനടന്ന മീരാമായി മായിഘറിലെ മട്ടുപ്പാവില്‍ പഴമെറിഞ്ഞ് കുരങ്ങുകളുടെ ആക്രമണമേറ്റുവാങ്ങി പിന്നെ ശവംതീനിയെറുമ്പുകളുടെ വരവ് കാത്ത് ഉന്മാദത്തോടെ കിടക്കുന്ന അവസാന കാഴ്ചയിലും കണ്ണ് നനയിയ്ക്കുന്നു. പ്രേമവും പ്രേതവും തത്വത്തില്‍ ഒന്നാണ്. കുഴിമാടങ്ങള്‍ തകര്‍ത്ത് അനുയോജ്യ ശരീരത്തെ ആവേശിക്കാന്‍ രണ്ടും വ്യഗ്രതപ്പെടും എന്ന് പ്രണയത്തിന്റെ ശക്തിയെ ബോധ്യപ്പെടുത്തിക്കൊണ്ട് തുടങ്ങുന്ന കഥ ഉപേക്ഷിക്കപ്പെട്ടവളുടെ വേദന പകയായി മാറുമ്പോള്‍ അതിന് കാളകൂടത്തേക്കാള്‍ വീര്യമുണ്ടാവുമെന്ന് കാട്ടിത്തരുന്നു. പാമ്പ്, ശവംതീനിയുറുമ്പുകള്‍ ഇവയൊക്കെ, രതി, കാമം, പക ഇവയുടെ പ്രതീകങ്ങള്‍ തന്നെ. വായനക്കാരന് വളരെ പരിചിതമായ ചില ബിംബകല്പനകള്‍ നോവലിലവിടവിടെ ചിതറിക്കിടപ്പുണ്ട്. 72 പേജുകളിലൊതുക്കിയ ഈ നീണ്ട ചെറുകഥയില്‍ ചെറിയ കഥാപാത്രങ്ങള്‍ പോലും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. അവരുടെ ആത്മഗതങ്ങള്‍ക്കു പോലും സ്ഫുടതയുണ്ട്. വിനയനും പലപ്പോഴും നമ്മുടെ കണ്ണ് നനയിക്കുന്നു. വായിച്ചു തീരുമ്പോള്‍ ‘നിരാശപ്പെടുത്താത്ത ഏത് പുരുഷനുണ്ട് ഭൂമിയില്‍? അര്‍ഹിയ്ക്കും വിധം സ്‌നേഹിക്കപ്പെട്ട ഏത് പെണ്ണുണ്ട് ഭൂമിയില്‍ ….?’ എന്ന് കഥാകാരിയെപ്പോലെ നമുക്കും ചോദിക്കാന്‍ തോന്നിപ്പോകും. എല്ലാ പെണ്‍മനസുകളിലും ഏതൊക്കെയോ സ്ഥലകാല രാശികളില്‍ ഉണരുന്ന ഒരു ഭ്രാന്തിയുണ്ട് എന്ന തിരിച്ചറിവ് ഈ കഥയെ പ്രണയമെന്ന നിത്യതയുടെ സൗന്ദര്യമാക്കിത്തീര്‍ക്കുന്നു.

 

Comments are closed.