DCBOOKS
Malayalam News Literature Website

സുധീഷ് കോട്ടേമ്പ്രം വരച്ച 1000 കവര്‍ചിത്രങ്ങള്‍ ടി. എം കൃഷ്ണ പ്രകാശനം ചെയ്യും

എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന് ചിത്രകാരന്‍ സുധീഷ് കോട്ടേമ്പ്രം തയ്യാറാക്കിയ ആയിരം കവര്‍ചിത്രങ്ങളുടെ പ്രകാശനം മാഗ്‌സെസെ പുരസ്‌കാര ജേതാവും കലാസാമൂഹ്യ പ്രവര്‍ത്തകനുമായ ടി.എം കൃഷ്ണ നിര്‍വ്വഹിക്കുന്നു. ഓഗസ്റ്റ് 29-ന് തലശ്ശേരിയില്‍ വെച്ച് സംഘടിപ്പിക്കുന്ന ഡി.സി ബുക്‌സ് 44-ാമത് വാര്‍ഷികാഘോഷ ചടങ്ങുകളുടെ ഭാഗമായാണ് പ്രകാശനം. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന്റെ അമ്പതാം പതിപ്പ് പുറത്തിറങ്ങിയതിനോട് അനുബന്ധിച്ചാണ് നോവലിനായി ആയിരം വ്യത്യസ്ത കവര്‍ ചിത്രങ്ങള്‍ ഒരുക്കി സുധീഷ് കോട്ടേമ്പ്രം വിസ്മയം തീര്‍ത്തത്.

ആനുകാലികങ്ങളില്‍ നോവലുകള്‍ക്കും ചെറുകഥകള്‍ക്കും ചിത്രം വരച്ചിട്ടുള്ള സുധീഷിന്റെ ചിത്രകലാവൈദഗ്ധ്യം ഏറെ പ്രശസ്തമാണ്. അക്രിലിക് ഉപയോഗിച്ചാണ് വരച്ചിരിക്കുന്നത്. പുസ്തകങ്ങളുടെ കവര്‍പേജുകള്‍ ധാരാളം ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പരീക്ഷണം ആദ്യമായിട്ടാണെന്ന് സുധീഷ് പറയുന്നു. ഏകദേശം പത്ത് ദിവസത്തോളം സമയം ചെലവഴിച്ചാണ് നോവലിന് 1000 കവറുകള്‍ വരച്ചത്. കോഴിക്കോട് സ്വദേശിയായ സുധീഷ് കോട്ടേമ്പ്രം ഇപ്പോള്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ വിഷ്വല്‍ ആര്‍ട്‌സില്‍ ഗവേഷകനാണ്.

ജന്മനാടിന്റെ ഭൂതകാലത്തിലേക്ക് ഇറങ്ങിച്ചെന്ന മയ്യഴിയുടെ കഥാകാരന്‍ മലയാള സാഹിത്യത്തിന് സമ്മാനിച്ച അമൂല്യനിധിയാണ് ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’. പ്രസിദ്ധീകരണത്തിന്റെ 44-ാം വാര്‍ഷികം ആഘോഷിക്കുന്ന മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ മലയാളത്തിന്റെ മാസ്റ്റര്‍പീസ് നോവലുകളിലൊന്നായാണ് നിരൂപകര്‍ വിലയിരുത്തുന്നത്.

ഇതാദ്യമായല്ല ഡി.സി ബുക്‌സ് കവര്‍ പേജ് ഒരുക്കുന്നതില്‍ ഇത്തരമൊരു പരീക്ഷണത്തിന് മുതിരുന്നത്. എം. മുകുന്ദന്റെ കൃതികളായ കേശവന്റെ വിലാപങ്ങള്‍, പ്രവാസം, ദല്‍ഹി ഗാഥകള്‍ എന്നിവയ്ക്ക് വിവിധ തരത്തില്‍ വ്യത്യസ്തവും ആകര്‍ഷകവുമായ കവര്‍ ഡിസൈനുകള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. വിഖ്യാത സാഹിത്യകാരന്‍ ഒ.വി വിജയന്റെ തലമുറകള്‍, കെ.ആര്‍ മീരയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചെറുകഥാസമാഹാരമായ ഭഗവാന്റെ മരണം എന്നീ കൃതികളുടെ കവര്‍ പേജുകള്‍ക്കും വ്യത്യസ്തമായ ശൈലി കൊണ്ടുവന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Comments are closed.