DCBOOKS
Malayalam News Literature Website

വാര്‍ത്താറിപ്പോര്‍ട്ടിങ്ങല്ല എഴുത്തുകാരന്റെ ധര്‍മ്മം: ഉണ്ണി ആര്‍

മലയാളത്തിലെ പ്രശസ്ത എഴുത്തുകാര്‍ തമ്മിലുള്ള അഭിമുഖ സംഭാഷണമാണ് ഈ പംക്തി. എഴുത്ത്, വായന എന്നിവയെക്കുറിച്ചുള്ള സമകാലീനമായ ചിന്തകളും ആശയങ്ങളും വായനക്കാര്‍ക്കായി പങ്കുവെക്കുകയാണ് എഴുത്തുകാര്‍. വായനാവാരത്തോട് അനുബന്ധിച്ച് ഡി സി ബുക്‌സ് അവതരിപ്പിക്കുന്ന ഈ പംക്തിയില്‍ പ്രശസ്ത എഴുത്തുകാരന്‍ ഉണ്ണി ആറും ചെറുകഥാകൃത്ത് വിവേക് ചന്ദ്രനും തമ്മിലുള്ള അഭിമുഖസംഭാഷണമാണ് ഈ ലക്കത്തില്‍.

വലിയ എഴുത്തുകാരെ സ്‌നേഹത്തോടെ കഥകളിലേക്ക് ക്ഷണിക്കാറുണ്ട്, ‘വിരുന്നുകാര’നില്‍ വൈലോപ്പിള്ളിയുണ്ട്, ‘വൃത്തിയും വെടിപ്പുമുള്ള ലോകത്തില്‍’ ഹെമിംഗ്‌വേ വരുന്നു. ഒരു നല്ല വായനക്കാരനായി നിലകൊള്ളുന്നതിന്റെ തുടര്‍ച്ചയല്ലേ സത്യത്തില്‍ ഈ കഥകള്‍ ?

എഴുത്തുകാരും സംഗീതജ്ഞരുമൊക്കെ വരുന്ന കഥകളുടെ ഒരു സിരീസ് പ്ലാന്‍ ചെയ്തിരുന്നു. അതിനുള്ള കുറിപ്പുകളും തയ്യാറാക്കിയിരുന്നു. എന്തുകൊണ്ടോ ആ സമയത്ത് അത് എഴുതാന്‍ കഴിഞ്ഞില്ല. കുഞ്ചന്‍ നമ്പ്യാര്‍, അലി ഫര്‍കാതുരെ അങ്ങനെ കുറേപ്പേര്‍ ആ ലിസ്റ്റില്‍ ഉണ്ടായിരുന്നു. വൈലോപ്പിള്ളിയും ഹെമിംഗ്‌വേയും മാത്രമാണ് എഴുതാന്‍ കഴിഞ്ഞത്. ഇവരോടൊക്കെയുള്ള ഇഷ്ടം അല്ലെങ്കില്‍ ട്രിബ്യൂട്ട് എന്നൊക്കെ വേണമെങ്കില്‍ പറയാം. ഞാനത് വിട്ടിട്ടില്ല. ഇടയ്ക്കിടക്കായി ആ കഥകള്‍ എഴുതണമെന്നാണ് ആഗ്രഹം.

ഒരു എഴുത്തുകാരനെ സംബന്ധിച്ച് ‘നിശ്ശബ്ദതയോളം വലിയ ചാരപ്രവര്‍ത്തനം ഇല്ല’ എന്നെഴുതിയിട്ടുണ്ട്. കഥകള്‍ രാഷ്ട്രീയശരിയുടെ പക്ഷത്ത് നില്‍ക്കുമ്പോഴും കഥകള്‍ക്കകത്ത് പരീക്ഷണങ്ങള്‍ സാധ്യമല്ലേ ? ഉദാഹരണത്തിന് ‘ക’ എന്ന കഥയിലെ ആഖ്യാതാവിന്റെ കാക്കയോടുള്ള വെറുപ്പിന്റെ തീവ്രതയാണ് വായനക്കാരനെ കഥയുമായി അടുപ്പിച്ച് നിര്‍ത്തുന്നത്.

കഥയില്‍ പരീക്ഷണം നടത്തുന്നവരും അന്വേഷണം നടത്തുന്നവരുമുണ്ട്. അന്വേഷണം എന്ന വാക്കാണ് ഞാന്‍ കൂടുതലായും ഇഷ്ടപ്പെടുന്നത്. ക എന്ന കഥയില്‍ ആഖ്യാതാവിന്റെ കാക്കയോടും കറുപ്പിനോടുമുള്ള വെറുപ്പിന്റെ തീവ്രതയാണോ വായനക്കാരെ കഥയോട് അടുപ്പിച്ച് നിര്‍ത്തുന്നത് എന്ന് അറിയില്ല. അയാളുടെ വെറുപ്പ്, ഒരു ഭൂരിപക്ഷ വെറുപ്പാണ്. ബലിയിട്ട ശേഷം കാക്കകളെ പിതൃക്കളായി സങ്കല്‍പ്പിച്ച് പിണ്ഡച്ചോറ് ഉണ്ണാനായി വിളിച്ചു വരുത്തുന്നവര്‍ തന്നെ കാക്കയെ ശല്യമായും അതിന്റെ നിറത്തെ അറപ്പോടെയും നോക്കുന്നത് നമുക്കറിയാം. ഒരേസമയം പിതൃക്കളായും അതേസമയം ചീത്തകള്‍ കൊത്തിവലിക്കുന്ന ജന്മമായും കാണുന്ന ഇരട്ട മനസ്സുള്ള ഒരു ഭൂരിപക്ഷ ജനതക്കിടയില്‍ കറുപ്പ് എന്ന നിറത്തെ എങ്ങനെ പ്രശ്‌നവല്‍ക്കരിക്കാം എന്ന ചിന്തയില്‍ നിന്നാണ് ക എഴുതപ്പെട്ടത്. അതൊരു പരീക്ഷണമായിരുന്നില്ല. നിശ്ശബ്ദമാകാതിരിക്കാനുള്ള നമ്മുടെ തന്നെ ജാഗ്രതയാണ്.

‘ഓരോ മുഖത്തെയും മറഞ്ഞുനിന്ന മഞ്ഞ് മെല്ലെ നീങ്ങി’ എന്ന വരി ‘ആനന്ദമാര്‍ഗ്ഗം’ എന്ന കഥയിലേതാണ്. ‘ആനന്ദമാര്‍ഗ്ഗ’വും ‘കാളീനാടക’വും ‘വാങ്കും’ ഒക്കെ സ്ത്രീകളുടെ മുഖത്തെ മഞ്ഞ് പതിയെ നീക്കി അവരെ കൃത്യമായ ഇടങ്ങളില്‍ അടയാളപ്പെടുത്തുകയാണ്. ഈ കഥകളുടെ കൈവഴിയെ കുറിച്ച് പറയാമോ ?

മൂന്നു കഥകളും മൂന്ന് അവസ്ഥകളാണ്. എന്നാല്‍ ഇവരിലെല്ലാം പരസ്പര ബന്ധമുള്ള ഒറ്റ വഴിയുമുണ്ട്. കാളിയമ്മയില്‍ റസിയയുണ്ട്. റസിയയില്‍ കാളിയമ്മയും. ആനന്ദമാര്‍ഗ്ഗത്തിലെ അദ്ധ്യാപകമാരും ഇവര്‍ തന്നെയാണ്. ചിലര്‍ ചരിത്രത്തില്‍ നിന്ന് തന്നെ അപ്രത്യക്ഷരാകുന്നു. ചിലര്‍ നിശ്ശബ്ദരാക്കപ്പെടുന്നു. ഒരുപക്ഷേ, ഒരു എഴുത്തുകാരന്‍/ എഴുത്തുകാരി അവരെ കഥയില്‍, കവിതയില്‍ ചേര്‍ത്തുവെക്കുമ്പോള്‍ അവരെ മൂടി നില്‍ക്കുന്നതെന്താണന്ന് തെളിഞ്ഞ് വരും. മഞ്ഞിന്റെ കുഴപ്പം അത് എപ്പോള്‍ വേണമെങ്കിലും പെട്ടന്ന് വന്ന് മുഖം മൂടിക്കളയും. അതുകൊണ്ട് മഞ്ഞ് നീങ്ങി എന്നത് താത്ക്കാലികമാണ്.

‘അത്’ എന്ന കഥയാണ് ‘കേരളാ കഫേ’യിലെ ‘ബ്രിഡ്ജ്’ എന്ന സെഗ്‌മെന്റിന് അടിസ്ഥാനമായിട്ടുള്ളത്  എന്ന് തോന്നിയിരുന്നു. ഒരു ആശയം/അനുഭവം എങ്ങനെയാണ് കഥയിലൂടെ ദൃശ്യമാധ്യമത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് എന്നറിയാന്‍ കൗതുകമുണ്ട്.

പൂച്ചയെ കളയുകയാണ് കഥയിലും സിനിമയിലുമുള്ള കേന്ദ്ര പ്രമേയം. കഥയില്‍ രണ്ട് ആണുങ്ങളുടെ ഇഷ്ടമോ, പരിചയമോ ഒക്കെ കാണാം. പൂച്ച പലപ്പോഴും ‘അത്’ ആണ് കഥയില്‍. ആ കഥയുടെ പരിസരമോ അതിന്റെ ജീവിതമോ അതേപടി ബ്രിഡ്ജില്‍ ഉപയോഗിക്കാനാവില്ല. ഉപേക്ഷിക്കപ്പെട്ട അപരിചിതരായ രണ്ട് ജീവനുകള്‍ ഒന്നിച്ച് ചേരുന്ന ഒരു പ്രകൃതിയുടെ കരുണ എന്നൊക്കെ പറയുന്ന ഒരവസ്ഥയാണ് സിനിമയില്‍ ഉള്ളത്. ആ കഥയെ അതേപടി വിവര്‍ത്തനം ചെയ്തിട്ടില്ല. പൂച്ചയെ കളയുക എന്ന ഒരു ‘തോട്ട്’ മാത്രമാണ് അതില്‍ നിന്ന് എടുത്തത്.

‘ആലീസിന്റെ അത്ഭുതലോകം’, ‘മണ്ണിര’, ‘ഒറ്റപ്പെട്ടവര്‍’ എന്നീ കഥകളിലൂടെ ദളിത് ജീവിതം കൃത്യമായി വരച്ചിടുന്നുണ്ട്. അതിന് തുടര്‍ച്ചയായി നാഗരികമായ ജീവിതം നയിക്കുന്ന, യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന, ബഹുജനസമരങ്ങളില്‍ പങ്കെടുക്കുന്ന ഒരു തലമുറയെ കഥകളിലൂടെ അടയാളപ്പെടുത്തേണ്ടതില്ലേ ?

വാര്‍ത്തകള്‍ പോലെ നിത്യജീവിത സംഭവങ്ങളെ റിപ്പോര്‍ട്ട് ചെയ്യലല്ല എഴുത്തുകാരുടെ ധര്‍മം. അതല്ല അങ്ങനെ ചെയ്യലാണ് എന്റെ ധര്‍മ്മമെന്ന് ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ പറഞ്ഞാല്‍ അതിനോട് എതിരിടാന്‍ ഞാനില്ല. എന്റെ വിശ്വാസമാണ് പറഞ്ഞത്. ചോദ്യത്തില്‍ പറഞ്ഞിരിക്കുന്ന ഈ വിഷയം ഒരു കഥ ആവശ്യപ്പെടുന്നു എങ്കില്‍ മാത്രം എഴുതപ്പെടണ്ടതാണ്. അതല്ലാതെ ചരിത്രം രേഖപ്പെടുത്തും പോലെ വസ്തുനിഷ്ഠ വിവരണം കഥയില്‍ ആവശ്യമില്ല. കഥ നുണയാണ്. ആ നുണയില്‍ വെന്ത് പാകമാകുന്നതെന്തിനും രുചിയുണ്ടാവും. ഞാന്‍ എഴുതിയ ഈ കഥകള്‍ക്ക് തുടര്‍ച്ചയുണ്ടാവണമെന്ന് എനിക്ക് ആഗ്രഹമില്ല. അത് ഒരു കഥയാണ്. അത് എഴുതി. തീര്‍ന്നു. അതൊരു സമരമായിരുന്നെങ്കില്‍ ചിലപ്പോള്‍ തുടര്‍ച്ച വേണ്ടി വന്നേനെ.

നല്ലൊരു വായനക്കാരന്‍ കൂടിയാണ് എന്നറിയാം. അതുകൊണ്ടാണ് ഈയൊരു ചോദ്യം. പാശ്ചാത്യ സാഹിത്യത്തില്‍ ഈയിടെ പുറത്തുവന്ന പുസ്തകങ്ങളില്‍ നിന്നും ഈ തലമുറയിലെ എഴുത്തുകാര്‍ക്ക് നിര്‍ദേശിക്കുന്ന മൂന്ന് ചെറുകഥാസമാഹാരങ്ങള്‍ ഏതൊക്കെയാവും ?

നിര്‍ദ്ദേശമല്ല. ഞാന്‍ ഈയിടെ വായിച്ച മൂന്ന് സമാഹാരങ്ങള്‍ പറയാം. അത് എന്റെ മാത്രം ഇഷ്ടമാണ്. ഒന്ന് ജുംപാ ലാഹിരി എഡിറ്റ് ചെയ്ത ഇറ്റാലിയന്‍ ഷോട്ട് സ്‌റ്റോറീസ്, യെഹൂദ അമിച്ചായുടെ ദ വേള്‍ഡ് ഈസ് എ റൂം, ഫ്രീമാന്‍സ് ദ ബെസ്റ്റ് ന്യൂ റൈറ്റിംഗ് ഓണ്‍ പവ്വര്‍.

Comments are closed.