DCBOOKS
Malayalam News Literature Website

ഇന്ന് വായനാദിനം

വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ വായനയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ച പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മലയാളികള്‍ വായനാദിനമായി ആചരിക്കുന്നു.

1909 ജൂലൈ 17-ന് ചങ്ങനാശേരി താലൂക്കിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി, പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍ പണിക്കര്‍ ജനിച്ചു. കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറി പുസ്തകങ്ങള്‍ ശേഖരിച്ച് ജന്മനാട്ടില്‍ ‘സനാതനധര്‍മം’ വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചത്. കേരളത്തിലുടനീളം സഞ്ചരിച്ച് ‘വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക’ എന്ന് കുട്ടികളോട് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറില്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു. 1947- ല്‍ ഗ്രന്ഥശാലാസംഘം രജിസ്റ്റര്‍ ചെയ്തു. 1949 ജൂലൈയില്‍ തിരുകൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958-ല്‍ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. 1995 ജൂണ്‍ 19-ന് രോഗബാധിതനായി തിരുവനന്തപുരത്തുവെച്ചായിരുന്നു പണിക്കരുടെ മരണം.

1996 മുതല്‍ കേരള സര്‍ക്കാര്‍ ജൂണ്‍ 19 വായനാദിനമായി ആചരിച്ചു വരികയാണ്. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പും ആചരിക്കുന്നുണ്ട്. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുന്നതിനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു.

Comments are closed.