റസാഖ് കോട്ടയ്ക്കല്‍ പകര്‍ത്തിയെടുത്ത മറഞ്ഞുപോയ കാഴ്ചകള്‍

rasakhസൈക്കിളില്‍ വെച്ച കുട്ടയുമായി നടക്കുന്ന മീന്‍വില്‍പനക്കാരന്‍, കൊട്ടക്കയിലില്‍ ഊറ്റിവെച്ച ചോറ്, വീട്ടിലെ ചടങ്ങിനായി ഒരുപാടു പെണ്ണുങ്ങളിരുന്ന് അമ്മിയില്‍ അരച്ചെടുക്കുന്ന കാഴ്ച, അരി ചേറുകയും ഉരലിലിടിക്കുകയും ചെയ്യുന്ന അടുക്കളമുറ്റം, കാലിച്ചന്തയിലെ കലപില വര്‍ത്തമാനങ്ങള്‍, പുഴയുടെ സമൃദ്ധിയില്‍ നടത്തിയിരുന്ന തടിക്കച്ചവടം. ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരുപാട് കാഴ്ചകളുമായി റസാഖ് കോട്ടക്കലിന്റെ ഫോട്ടോപ്രദര്‍ശനം കോഴിക്കോട് ആര്‍ട്ട്ഗാലറിയില്‍ തുടങ്ങി. അദ്ദേഹത്തിന്റെ കാമറയില്‍ പതിഞ്ഞ മണ്‍മറഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ സംസ്‌കാരത്തെയും കാഴ്ചകളെയുമാണ് ‘ഓര്‍മയില്‍ റസാഖ് കോട്ടക്കല്‍’ എന്ന പ്രദര്‍ശനത്തില്‍ കാണാനാവുക. ഒപ്പം അദ്ദേഹത്തിന്റെ കാമറയിലൂടെ മാത്രം വെളിച്ചംകണ്ട പ്രതിഭാധനരായ വ്യക്തികളുടെ അപൂര്‍വചിത്രങ്ങളുമുണ്ട്.

റസാഖ് കോട്ടക്കലിന്റെ മൂന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി റസാഖ് കോട്ടക്കല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ചതാണ് ഫോട്ടോപ്രദര്‍ശനം. ഗ്രാമീണതയുടെ നിഷ്‌കളങ്കത അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളിലും കാണാം.അവ ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറങ്ങള്‍ പഴമയുടെ സമ്പന്ന സംസ്‌കൃതിയിലേക്ക് കാഴ്ചക്കാരനെ കൂട്ടിക്കൊണ്ടുപോവുകയാണ്. ഏറെ ചിത്രങ്ങളും ബ്ലാക്ക് ആന്‍ഡ് വൈറ്റ് സങ്കേതത്തിലൂടെ പകര്‍ത്തിയതാണ്. ഒപ്പം ലൈറ്റ് ആന്‍ഡ് ഷേഡിന്റെ സാധ്യതകള്‍ അദ്ദേഹം ഏറെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.അടൂര്‍ ഗോപാലകൃഷ്ണന്റെ ചലച്ചിത്രങ്ങളിലെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന റസാഖ് പകര്‍ത്തിയ അടൂരിന്റെ ഫോട്ടോകളില്‍ മുപ്പതോളം എണ്ണം പ്രദര്‍ശനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഒപ്പം വൈക്കം മുഹമ്മദ് ബഷീറിന്റെയും മാധവിക്കുട്ടിയുടെയും ഒ.വി. വിജയന്റെയും എ. അയ്യപ്പന്റെയും ഗുരു നിത്യചൈതന്യ യതിയുടെയും നടന്‍ മമ്മൂട്ടിയുടെയും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെയുമെല്ലാം അപൂര്‍വ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. 125 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

കൊല്‍ക്കത്തയിലെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ സുവേന്ദു ചാറ്റര്‍ജി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രഫിയുടെ ഭാഷക്കുമതീതമായി കടന്നുപോവുന്നതാണ് റസാഖ് കോട്ടക്കലിന്റെ ചിത്രങ്ങളെന്നും ഫോട്ടോഗ്രഫി ഭാഷക്ക് വിവിധ മാനങ്ങള്‍ സൃഷ്ടിച്ച വ്യക്തിയാണ് റസാഖെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിന്റെ ആഖ്യാനങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. രൂപത്തെയും ഉള്ളടക്കത്തെയും ഒരേസമയം മനോഹരമായി നിര്‍മിക്കാനും അതുപോലെത്തന്നെ അപനിര്‍മിക്കാനും റസാഖിന് കഴിഞ്ഞുവെന്നും സുവേന്ദു ചാറ്റര്‍ജി പറഞ്ഞു. പ്രദര്‍ശനം വ്യാഴാഴ്ച സമാപിക്കും. വ്യാഴാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയാവും.

Categories: ART AND CULTURE